അങ്കാറ: അങ്കാറ: കിഴക്കന്‍ തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ല. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും തകന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ആഭ്യന്തരമന്ത്രി ഇദ്രിസ് നായിം സാഹിന് അറിയിച്ചു. വാന്‍ നഗരത്തില്‍ നൂറ് പേരും, എറിക് നഗരത്തില്‍ നിന്നുള്ള നൂറ്റന്പത് പേരുമാണ് മരിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ഭൂചലനമാണ് ഞായറാഴ്ച രാത്രിയുണ്ടായത്. കമ്പനത്തില്‍ ബഹുനില കെട്ടിടങ്ങളും, ഹോട്ടലുകളും, ഫ്ലാറ്റുകളും നിലം പൊത്തി. നൂറോളം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നൂറോളം ചെറുകമ്പനങ്ങളും കിഴക്കന്‍ തുര്‍ക്കിയിലുണ്ടായി. ഇതേസമയം 270ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരിക്കാനിടയുണ്ടെന്ന് അഭ്യന്തര വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം അവ്യക്തമായതിനാല്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് സൂചന.
പരിക്കേറ്റവരുടെ രോദനങ്ങളാലും, ആംബുലന്‍സുകളുടെ സൈറണ്‍ വിളികളാലും മുഖരിതമായിരുന്നു പ്രധാന നഗരങ്ങളെല്ലാം തന്നെ. ദുരന്തത്തെത്തുടര്‍ന്ന് വൈദുതി, ടെലഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഉപഗ്രഹ ഫോണുകളുടെ സഹായത്തോടുകൂടിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭൂചലനത്തെ അതിജീവിക്കാനുള്ള കരുത്ത് തുര്ക്കിക്കുണ്ടെന്നും, ഇത്തരം സന്ദര്‍ഭങ്ങളിലാണ് ജനങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കേ ണ്ടതെന്നും തുര്‍ക്കി പ്രധാനമന്ത്രി റസപ്പ് തയിപ് എര്ദൊഗാന് പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട് ഛിന്നഭിന്നമായ മൃതദേഹങ്ങള്‍ കാണാനിടയായതായി റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ ഒസ്മാന്‍ ഓര്‍സല്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി എന്‍ എന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. ഭൂകമ്പത്തെത്തുടര്‍ന്ന് അങ്കാരയില്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ച് കൂട്ടിയിട്ടുണ്ട്.
ഇതോടൊപ്പം തുര്‍ക്കിയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസിയെ ഉദ്ധറ്റിച്ച് വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക് ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: