ഇന്ന് കേരള സംസ്ഥാനത്തും രാജ്യത്തെമ്പാടുമുള്ള റെയില്‍ ഗതാഗതത്തിന്റെ കുത്തകഭരണം ഇന്ത്യന്‍ റെയില്‍വേക്കാണ്. ഇതിന്റെ റെയില്‍വേ ശൃംഖല രാജ്യത്താകമാനമായി 63,940 കിലോമീറ്ററാണ്. 2,16,717 വാഗണുകളും 39,936 കോച്ചുകളും 7339 എഞ്ചിനുകളും റെയില്‍വേക്കുണ്ട്. 8,702 യാത്രാ ട്രെയിനുകള്‍ 27 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഓടുന്നു. ആറ് ബില്യണ്‍ യാത്രക്കാര്‍ ഇവയില്‍ സഞ്ചരിക്കുന്നു. ഒരു യാത്രാതീവണ്ടി 1728 യാത്രക്കാരെ ഒരു സമയം വഹിക്കുന്നു. ഇവര്‍ക്കെല്ലാം വേണ്ട വെള്ളം, ഭക്ഷണം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ നല്‍കേണ്ടതുണ്ട്. ഈ തീവണ്ടികളുടെ ഓരോ കോച്ചിന്റെയും രണ്ടറ്റങ്ങളിലുമായി ഈരണ്ട് ടോയ്ലറ്റുകളുണ്ട്.
ടോയ്ലറ്റുകളിലെ രണ്ടുതരം കക്കൂസുകളും (ഇന്ത്യന്‍ ശൈലിയിലുള്ളതും പാശ്ചാത്യശൈലിയിലുള്ളതും) തുറക്കുന്നത് നേരെ പാളങ്ങളിലേക്കാണ്. അതായത് മനുഷ്യവിസര്‍ജ്യം നേരെ വീഴുന്നത് തുറസ്സായ പാളങ്ങളിലേക്കാണ്. ഈ മനുഷ്യവിസര്‍ജ്യമോ മലിനജലമോ തുറന്ന അന്തരീക്ഷത്തിലേക്ക് തള്ളുന്നതിന് മുമ്പ് അത് ശേഖരിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നില്ല.
മനുഷ്യവിസര്‍ജ്യങ്ങള്‍ തുറന്ന അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് പര്യാലോചിക്കുന്നതാണ് ഔചിത്യം. ഇതിനോടകം ഇത്തരം ഭവിഷ്യത്തുകളെക്കുറിച്ച് വൈദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. വാസ്തവത്തില്‍ വിവിധ രാജ്യങ്ങളിലെ ഗവണ്മെന്റുകളും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ശുചിത്വബോധവല്ക്കരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തിവരുന്നു. എല്ലാമല്ലെങ്കിലും ഭൂരിപക്ഷം പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നത് മോശമായ ശുചീകരണപ്രക്രിയയാണെന്ന് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യവിസര്‍ജ്യത്തില്‍, ഡയേറിയ, കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ മാരക രോഗങ്ങള്‍ക്കും മറ്റ് സാംക്രമിക രോഗങ്ങള്‍ക്കും കാരണമായ ധാരാളം അണുക്കളുണ്ട്. കൊക്കപ്പുഴു, നാടവിര, സൂചിവിര തുടങ്ങിയ പരാന്നഭോജികള്‍ മനുഷ്യ മലത്തിലൂടെ പുറത്തുവന്ന് ഗുരുതരമായ പകര്ച്ചവ്യാധികളുണ്ടാക്കുന്നുണ്ട്. തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം നടത്തുകയോ വിസര്‍ജ്യങ്ങള്‍ തുറന്ന സ്ഥലത്ത് നിക്ഷേപിക്കുകയോ ചെയ്യുമ്പോള്‍ ഈച്ചയോ പക്ഷികളോ മറ്റ് മൃഗങ്ങളോ അതില്‍ സ്പര്‍ശിക്കുകയും അവയുടെ കാലുകളിലോ ശരീരത്തിലോ പറ്റുന്ന ഈ മാലിന്യം മറ്റ് ആളുകളുടെ ഭക്ഷണത്തില്‍ കലരുകയും ചെയ്യും. ഭക്ഷണത്തില്‍ മാലിന്യം വന്നാല്‍ പലവിധ രോഗാണുക്കള്‍ അവയിലുണ്ടാകുകയും പ്രതിനിമിഷം പെറ്റുപെരുകുകയും ചെയ്യും.
മഴക്കാലത്ത് റെയില്‍വേ പാളത്തില്‍നിന്ന് മലം വെള്ളത്തിലൊലിച്ചുപോവുകയും മനുഷ്യര്‍ ഉപയോഗിക്കുന്ന ജലത്തില്‍ കലരുകയും ചെയ്യും. ഇത് സാംക്രമികരോഗങ്ങളുണ്ടാക്കുന്നതില് നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ജലത്തിലൂടെ പകരുന്ന മിക്ക രോഗങ്ങളും ഇങ്ങനെ പടര്‍ന്നുപിടിക്കുന്നു. വിസര്‍ജ്യങ്ങള്‍ ജലത്തില്‍ കലരാതെ സൂക്ഷിക്കുകയും ഈച്ചകളോ പക്ഷികളോ മൃഗങ്ങളോ തൊടാത്ത വിധത്തില്‍ സംരക്ഷിക്കുകയും ചെയ്താല്‍ ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാന്‍ കഴിയും.
ഇന്ത്യന്‍ റെയില്‍വേ ഇങ്ങനെ യഥേഷ്ടം മനുഷ്യവിസര്‍ജ്യം നിക്ഷേപിക്കുന്നതിലൂടെ വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കുകയും രാജ്യത്തുടനീളം രോഗങ്ങള്‍ പടര്‍ത്തുകയുമാണ് ചെയ്യുന്നത്. സാംക്രമികരോഗമുള്ള ഒരു യാത്രക്കാരന് തിരുവനന്തപുരത്തുനിന്ന് ന്യൂദല്ഹിവരെ എത്തുമ്പോള്‍ തീവണ്ടി സഞ്ചരിക്കുന്ന സ്ഥലങ്ങളിലൂടെ രാജ്യം മുഴുവന്‍ ആ രോഗം പടരാനുള്ള സാധ്യത ഏറെയാണ്. മറ്റൊരു പ്രധാന കാര്യം സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ആളുകള്‍ ഭൂരിപക്ഷം താമസിക്കുന്നത് റെയില്‍വേ പാളങ്ങളോട് ചേര്‍ന്നുള്ള ചേരികളിലോ പ്ലാറ്റ്ഫോമുകള്ക്കടിയിലോ ഒക്കെയാണ്. അവരെ ഇത് അപകടകരമായി ബാധിക്കും.
വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വരുത്തുന്ന പാകപ്പിഴ സമൂഹത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാനിടയുണ്ട്. മഴക്കാലത്ത് വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് ഒഴുക്കുനീരെല്ലാം മലിനപ്പെടുന്നു. ക്രമേണ ഈ മലിനജലം ഭൂഗര്‍ഭജലത്തെയും മലിനപ്പെടുത്തും. മാലിന്യങ്ങള്‍ കൂടിച്ചേര്‍ന്ന് ഓടകളിലെയും മറ്റും ഒഴുക്കിന് തടസം സൃഷ്ടിക്കുകയും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചിലതരം ഈച്ചകളും കൊതുകുകളും പെറ്റുപെരുകുകയും ചെയ്യും. ഇതാണ് അപകടകരമായ ചിക്കുന്‍ഗുനിയക്കും ഡെങ്കിപ്പനിക്കും കാരണമാകുന്നത്. ഈ രണ്ട് രോഗങ്ങളെയും അടുത്തയിടെ കേരളവും രാജ്യമാകെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവ രണ്ടും മരണത്തിന് കാരണമാകാവുന്ന രോഗങ്ങളാണ്. രാജ്യം അതിന്റെ സമ്പത്ത് ഇതിനെ നേരിടാനായി ചെലവാക്കിക്കൊണ്ടിരിക്കുമ്പോള് റെയില്‍വേ അതിന്റെ പാളങ്ങളില്‍ മാലിന്യം നിക്ഷേപിച്ച് വൃത്തിഹീനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും സമൂഹത്തിന്റെ ആരോഗ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്.
ഇപ്പോഴത്തെ അവസ്ഥയില്‍ റെയില്‍വേ ട്രാക്കുകളിലേക്കാണ് ടോയ്ലറ്റുകളില്‍നിന്നുള്ള മലിനജലവും മാലിന്യവും വീഴുന്നത്. സംസ്ഥാനത്തെ മിക്കവാറും തിരക്കേറിയ സ്റ്റേഷനുകളില്‍ പാളങ്ങളില്‍ ഈ മാലിന്യങ്ങള്‍ കാണാം. റെയില്‍വേക്കും ഈ കാര്യം അറിയാവുന്നതാണ്. അതുകൊണ്ടാണവര്‍ ടോയ്ലറ്റുകളില് ‘സ്റ്റേഷനുകളില്‍ വച്ച് ഉപയോഗിക്കരുത്’ എന്ന സന്ദേശം എഴുതിവച്ചിരിക്കുന്നത്. ഇത് കേവലം അപ്രായോഗികമാണെന്ന് ആര്‍ക്കുമറിയാം. പ്രകൃതിയുടെ വിളി വരുന്നതിനെ മനുഷ്യന് നിയന്ത്രിക്കാനാവില്ല.
മറ്റൊരു വസ്തുതകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. റെയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്നത് പ്രധാനപ്പെട്ടതും അല്ലാത്തതുമായ നിരത്തുകള്‍ക്കും നദികള്‍ക്കും കുറുകെയുള്ള മേല്‍പ്പാലങ്ങളിലൂടെയാണ്. തീവണ്ടി അവയിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യവിസര്‍ജ്യം നേരിട്ട് റോഡുകളിലും നദികളിലും വീഴുന്നു. ഇത് പൊതുജനാരോഗ്യത്തെയും അവരുടെ സ്വസ്ഥതയെയും ബാധിക്കുന്നുണ്ട്. അതും നിയമവിരുദ്ധമാണ്. പലപ്പോഴും തീവണ്ടി കടന്നുപോകുമ്പോള്‍ താഴെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ നിര്‍ത്തി യാത്രികര്‍ കാത്തുനില്‍ക്കുന്നത് കാണാം. അല്ലെങ്കില്‍ അവരുടെ തലയിലും മറ്റും മുകളിലൂടെ പോകുന്ന ട്രെയിനിന്റെ ടോയ്ലറ്റില്‍നിന്ന് മനുഷ്യമലം പതിക്കുമെന്നതാണ് കാരണം.
പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം നിക്ഷേപിക്കാന്‍ നിയമം അനുവാദം നല്‍കുന്നില്ല. മലിനീകരണനിയന്ത്രണ നിയമമനുസരിച്ച് റെയില്‍വേ, മാലിന്യം നീക്കം ചെയ്യാന്‍ വേണ്ട സുരക്ഷിതമായ ഏര്‍പ്പാടുകള്‍ സ്വീകരിക്കേണ്ടതാണ്.
വിമാനങ്ങളില്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വായുകൊണ്ട് ടോയ്ലറ്റുകള് വൃത്തിയാക്കുന്നു. വെള്ളവും ഏറ്റവും കുറച്ചു മതി. മാലിന്യം ശേഖരിച്ച് രാസവസ്തുക്കള്‍കൊണ്ട് സംസ്കരിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വെ ഒഴികെ ലോകത്തിലെ മിക്ക റെയില്‍വേകളും ഈ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ദല്‍ഹിയിലും കൊല്‍ക്കത്തയിലുമുള്ള മെട്രോ റെയില്‍വേകളും കൊച്ചിയിലും മറ്റും വരാനിരിക്കുന്ന മെട്രോയിലും ഈ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ റെയില്‍വേ ഈ ആധുനികമാര്ഗങ്ങളോട് മുഖംതിരിച്ചുനില്‍ക്കുന്നു.
ഇന്ത്യന്‍ റെയില്‍വേ വന്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനമാകയാല്‍ അവര്‍ക്ക് കോച്ചുകളില്‍ അത്യാവശ്യം വേണ്ട പരിവര്‍ത്തനങ്ങള്‍ വരുത്തി മാലിന്യം തുറന്ന പ്രദേശത്ത് തള്ളുന്നത് ഒഴിവാക്കാവുന്നതേയുള്ളൂ. ഇനി ഒരുപക്ഷേ ആവശ്യത്തിന് പണമില്ല എന്നത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കാതിരിക്കാനുള്ള കാരണമാകുന്നില്ല.
മറ്റൊന്ന് പറയാനുള്ളത് ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി ലോകമെമ്പാടും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടൂറിസ്റ്റുകള്‍ക്കായി ‘ചക്രങ്ങളിലോടുന്ന കൊട്ടാരം’ എന്ന പേരില്‍ പ്രത്യേക ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്ത് ഓടിക്കുന്നുണ്ട്. ഇവയെ ‘ചക്രങ്ങളിലോടുന്ന കക്കൂസുകള്‍’ എന്ന് വിശേഷിപ്പിക്കുകയാവും ശരി. ഇവയില്‍ ഒന്നില്‍പ്പോലും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. തീവണ്ടി കണ്ടുപിടിച്ച കാലത്തുള്ള അതേ സമ്പ്രദായമാണ് ഇപ്പോഴുമുള്ളത്.
നിയമവിരുദ്ധമായി മനുഷ്യവിസര്‍ജ്യങ്ങള്‍ തുറസ്സായ ഇടങ്ങളിലേക്ക് തള്ളുന്ന ഇന്ത്യന്‍ റെയില്‍വേയുടെ നടപടി അത്യന്തം വേദനാജനകമാണ്.
മനുഷ്യമലവും മലിനജലവും തുറസ്സായ സ്ഥലത്തേക്ക് നിക്ഷേപിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ നടപടി തികഞ്ഞ നിയമലംഘനവും രാജ്യം മുഴുവനുമുള്ള പൗരന്മാരുടെ ജീവിതാവകാശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റവുമാണ്.
പരിസരമലിനീകരണം നടത്തുന്നത്, ആര്‍ട്ടിക്കിള്‍ 51എ (ജി) അനുസരിച്ച് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറലാണ്. അത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47 അനുസരിച്ച് ‘ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി’ക്ക് എതിരുമാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ ടോയ്ലറ്റുകളില് നിന്നുള്ള പൈപ്പുകള്‍ പുറത്തേക്ക് തുറന്നിരിക്കുന്നതിനാല്‍ അതില്‍ നിന്നുള്ള ഖര-ദ്രവ മാലിന്യങ്ങള്‍ നേരെ വീഴുന്നത് വെള്ളത്തിലേക്കും മണ്ണിലേക്കും കലരുകയും പൊതുജനാരോഗ്യത്തിന് മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഹാനികരമാവുകയും ചെയ്യുന്നു. ഈ മാലിന്യങ്ങള്‍ ഇന്ത്യയുടെ ജലനിയമമനുസരിച്ചും വായു നിയമമനുസരിച്ചും മലിനീകരണ വസ്തുക്കളാണ്. ജലനിയമത്തിന്റെ സെക്ഷന്‍ 24 അനുസരിച്ച് ഒരു വ്യക്തിക്കും മാലിന്യങ്ങള്‍ നിക്ഷേപിച്ച് ജലത്തെ മലിനമാക്കാനോ അതിന് കാരണമാകാനോ അനുവാദമില്ല. അതുപോലെതന്നെ വായു നിയമമനുസരിച്ച് മണ്ണില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കുറ്റകരമാണ്. റെയില്‍വേ, മനസ്സാക്ഷിക്ക് നിരക്കാത്ത പ്രവൃത്തികളിലൂടെ നിയമത്തെ ലംഘിച്ചുകൊണ്ടിരിക്കുന്നു.
1986 ലെ പരിസരസംരക്ഷണനിയമത്തിന്റെ 2(ജി) വകുപ്പനുസരിച്ച് അപകടമുണ്ടാക്കുന്ന വസ്തുവാണ് റെയില്‍വേ കോച്ചില്‍നിന്ന് പുറന്തള്ളുന്ന മനുഷ്യവിസര്‍ജ്യവും മലിനജലവും. 1989 ലെ അപകടകരമായ പാഴ്വസ്തു നിയമ (പരിപാലനവും കൈകാര്യവും)ത്തിന്റെ 3 (14) വകുപ്പനുസരിച്ചും ഈ മാലിന്യങ്ങള്‍ അപകടകരമായ പാഴ്വസ്തുക്കളാണ്.
മനുഷ്യവിസര്ജ്യത്തിലും മലിനജലത്തിലും ധാരാളം അണുക്കളുണ്ട്. അവയില്‍ പലതും ഡയേറിയ, കോളറ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് എന്നീ മാരകസാംക്രമികരോഗങ്ങള്ക്ക് കാരണമാണ്. ഈ രോഗങ്ങള്‍ ബാധിച്ചിട്ടുള്ളവരുടെ മലത്തിലൂടെ ഇവയുടെ അണുക്കള്‍ പടര്‍ന്നുപിടിക്കുകയും മനുഷ്യരുടെയും മൃഗങ്ങളുടെയുമെല്ലാം ജീവന് ഭീഷണിയാവുകയും ചെയ്യും. മനുഷ്യവിസര്‍ജ്യത്തിന്റെ സ്വഭാവമനുസരിച്ച്, അതിനെ ഷെഡ്യൂള്‍ മൂന്ന് പാര്‍ട്ട് ബിയുടെ നിര്‍വചനത്തില്‍ അപകടകരമായ വസ്തുവായി കണക്കാക്കേണ്ടതുണ്ട്.
പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ എട്ട് ഇന്ത്യന്‍ റെയില്‍വേ പരിപാലിക്കേണ്ടതാണ്. ആ സെക്ഷനനുസരിച്ച് അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ടത്ര സുരക്ഷിതത്വം റെയില്‍വേ സ്വീകരിക്കേണ്ടത് നിയമപരമായി നിര്‍ബന്ധമാണ്. അതിന്റെ അഭാവത്തില്‍ കേരള സംസ്ഥാനത്ത് അവരുടെ പ്രവര്‍ത്തനം നിരോധിക്കേണ്ടതാണ്. 1986 ലെ പരിസ്ഥിതിസംരക്ഷണനിയമത്തിന്റെ 16, 17 വകുപ്പുകളനുസരിച്ച് നിയമനടപടികളെടുക്കാവുന്നതാണ്.
അപായകരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമത്തിന്റെ 4, 4എ റൂളുകള്‍ പ്രകാരം, റെയില്‍വേ കോച്ചുകള്‍ കൈകാര്യം ചെയ്യുകയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ, മാലിന്യങ്ങള്‍ ശേഖരിക്കുകയും സംസ്കരിക്കുകയും പുറന്തള്ളുകയും ചെയ്യാന്‍ നിയമപരമായി ബാധ്യസ്ഥരാണ്. റൂള്‍ അഞ്ച് അനുസരിച്ച്, മാലിന്യങ്ങള്‍ സംസ്കരിച്ച് പുറന്തള്ളാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം അതിനുള്ള അധികാരപത്രം കേരള മലിനീകരണനിയന്ത്രണബോര്ഡില്നിന്നും നേടേണ്ടതാണ്.
കേന്ദ്ര-സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡുകള്‍ പരിസരമലിനീകരണത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും ആ സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. മലിനീകരണ നിയമങ്ങളെയും വ്യക്തികള്‍ക്ക് ജീവിക്കാനുള്ള അവകാശത്തെയും നിഷേധിച്ചുകൊണ്ടിരിക്കുന്ന, റെയില്‍വേയുടെയും മലിനീകരണനിയന്ത്രണബോര്ഡുകളുടെയും നടപടി പൊതുജനാരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ്. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള വ്യവസ്ഥ ചെയ്യേണ്ടതാണ്.
ഡോ. ജോര്‍ജ് ജോസഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: