“എന്റെ നാട് കേരളമാണ്. അത് പറയുമ്പോള്‍ എന്റെ ഞരമ്പുകളില്‍ ചോര തിളക്കും.” പണ്ട് ഒരു മഹാകവി ഇങ്ങനെ പാടുകയുണ്ടായി. അത് വള്ളത്തോള്‍ നാരായണമേനോന്‍ ആയിരുന്നു. ദീര്‍ഘദര്‍ശിയായ കവി. സ്വതന്ത്രഭാരതത്തില്‍, ഭാഷാ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം പിറവിയെടുക്കുന്നതിനുമുമ്പേ അദ്ദേഹം അങ്ങനെ ആഗ്രഹിച്ചു; ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പക്ഷേ, നമ്മുടെ ചോര തിളക്കാറുണ്ടോ?
“എന്റെ ഭാഷ” എന്ന മറ്റൊരു കവിതയും വള്ളത്തോള്‍ എഴുതിയിട്ടുണ്ട്. മാതൃഭാഷയെ സേവിക്കാത്തവര്‍ ആധിപത്യത്തിന് അര്‍ഹരല്ല; ഭാഷയുടെ കാല്‍ക്കല്‍ കുനിയാത്തവര്‍ക്ക് ശിരസ്സുയര്‍ത്തിപ്പിടിക്കാന്‍ യോഗ്യതയില്ല എന്ന് അദ്ദേഹം പറഞ്ഞു.
‘എന്റെ ഭാഷ’ എഴുതുന്ന 1927 കാലത്ത് കേരളത്തിന്റെ വടക്കേ അതിര് ഗോകര്‍ണക്ഷേത്രവും തെക്കേ അതിര് കന്യാകുമാരിയും ആയിരുന്നു. ആ ഭൂമിശാസ്ത്രം പുതിയ സംസ്ഥാനങ്ങളുടെ പിറവിയോടെ ചരിത്രമായിത്തീര്‍ന്നു. ഗോകര്‍ണം കര്‍ണാടകത്തിന്റെ ഭാഗമായി. കന്യാകുമാരിയെ തമിഴ്‌നാടും പരിഗ്രഹിച്ചു. ഇടയ്‌ക്കുള്ള മലയാള നാടിന്റെ കാര്യമാണ് കഷ്ടത്തിലായത്. അവള്‍ സ്വതന്ത്രയും ശക്തയുമാവുകയായിരുന്നില്ല: ഇംഗ്ലീഷ് ഭാഷയുടേയും മറ്റും അടിമയായി ഏറെക്കുറെ ഇല്ലാതായി എന്ന് പറയുകയാവും ഇന്നത്തെ സത്യം.
ഈ ദുരവസ്ഥ അന്നേ കണ്ടറിഞ്ഞു താക്കീത് ചെയ്യുകയായിരുന്നു തന്റെ കവിതയിലൂടെ മഹാകവി വള്ളത്തോള്‍.
നാടും നാട്ടുഭാഷയും നാട്ടുകാരും-ഒരു സാംസ്ക്കാരിക പാരമ്പര്യത്തിന്റെ അവിഭാജ്യഘടകങ്ങളാണ് മൂന്നും; തലയും ഉടലും പാദങ്ങളും പോലെ. സംസ്കാരമാണ് ജീവന്‍. മലയാളം എന്ന വാക്ക് ദേശത്തിനും പറയാം; ദേശഭാഷയ്‌ക്കും പറയാം. അനുസ്വാരം മാറ്റി വള്ളിയിട്ടാല്‍ ദേശക്കാരുടെ പേരായി. ഈ ഐകരൂപ്യം ഏറെക്കുറെ സാര്‍വലൗകികമാണ്. കാശ്മീരി, ബംഗാളി, പഞ്ചാബി, ഗുജറാത്തി….ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍…..ഇവ നോക്കുക.
നാട്ടുകാര്‍ സഞ്ചാരപ്രിയരാണ്. പോകുന്നിടത്തെല്ലാം നാടിനേയും നാട്ടുഭാഷയെയും അവയുള്‍ച്ചേര്‍ന്ന സംസ്കാരത്തേയും തനിമയും നന്മയും സൂക്ഷിച്ച്, താന്‍ എത്തിപ്പെട്ട സ്ഥലത്തെ സാംസ്കാരിക നന്മകളെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും ശ്രമിക്കാവുന്നതാണ്. എവിടെയായാലും വേണ്ടെന്ന് വയ്‌ക്കേണ്ടത് തിന്മകള്‍ മാത്രം.
ഏതെങ്കിലുമൊരു ശിശു മുലപ്പാല്‍ വേണ്ടെന്ന് പറയുമോ? പ്രകൃതിദത്തമായ കലര്‍പ്പറ്റ ആ പോഷകാഹാരം കുട്ടിക്ക് കൊടുക്കില്ലെന്ന് ശഠിക്കുന്ന ചില അമ്മമാരുണ്ട്. തന്റെ സൗന്ദര്യത്തിലുള്ള അഹങ്കാരവും സ്വാര്‍ത്ഥതയും കൊണ്ടാണത്. അവരാണ് പ്രശ്നക്കാര്‍. ലോകത്തിലെ സകല വസ്തുക്കളെക്കാളും തന്നെക്കാളും കുഞ്ഞിനെ സ്നേഹിക്കുന്നവരാകണം അമ്മമാര്‍. അവര്‍ നല്‍കുന്ന മുലപ്പാലാണ് കുഞ്ഞിന് ആയുഷ്കാലം മുഴുവന്‍ നീളുന്ന ഊര്‍ജപ്രവാഹത്തിന്റെ ഉറവ.
മാതാവിന്റെ മുലപ്പാലിന് തുല്യമാണ് കുട്ടിക്ക് മാതൃഭാഷയും. അത് വേണ്ടെന്ന് ഒരു കുട്ടിയും പറയുന്നില്ല. പക്ഷേ, പല മാതാപിതാക്കളും കൊടുക്കാന്‍ മടിക്കുന്നു. മുലപ്പാല്‍ കുടിച്ചാല്‍ കുട്ടി മരിച്ചുപോകില്ല. മാതൃഭാഷ പഠിച്ചാലും കുട്ടി മരിക്കില്ലെന്ന് തീര്‍ച്ചയല്ലേ? എങ്കില്‍ മാതൃഭാഷയെ മാറ്റിനിര്‍ത്തി എല്ലാം ഇംഗ്ലീഷിലാക്കുന്നതെന്തിനാണ്? വളരുമ്പോള്‍ നല്ല തൊഴിലിനും ധനസമ്പാദനത്തിനും വേണ്ടിയാണെന്നത്രെ വാദം.
മാതൃഭാഷയിലൂടെ പ്രകൃതിയേയും മനുഷ്യനേയും സാമൂഹികാവസ്ഥകളേയും പറ്റി അറിവുനേടുന്ന സാമാന്യ ബുദ്ധിയുള്ള ഏത് കുട്ടിക്കും കൗമാര-യൗവന കാലങ്ങളില്‍ മനസ്സിരുത്തി പഠിച്ചാല്‍ ഏത് ഭാഷയിലും പ്രാവീണ്യം നേടാവുന്നതേയുള്ളൂ. ഇഷ്ടാനുസരണം, ഇംഗ്ലീഷ് മാത്രമല്ല, എത്ര ഭാഷകളും പഠിച്ചുകൊള്ളട്ടെ. പക്ഷേ, പ്രാഥമിക തലത്തില്‍ മാതൃഭാഷ പഠിപ്പിക്കാതിരിക്കുന്നത് തികച്ചും പ്രകൃതിവിരുദ്ധമായ കാര്യമാണ്. കുട്ടികളെ സംസ്കാരശൂന്യരും മനോരോഗികളുമാക്കുവാനേ അതുപകരിക്കൂ.
സാംസ്കാരിക അധഃപതനത്തെച്ചൊല്ലി നാം പൊഴിക്കുന്നത് മുതലക്കണ്ണീരാണ്. മൂല്യബോധമുള്ളവരെന്ന് കരുതപ്പെടുന്നവര്‍ പോലും പല കാരണങ്ങളാല്‍ വിപരീതമായാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്ത്. ഉദാര മദ്യ നയത്തിന്റെ ഉദ്ഘോഷകര്‍ ഗാന്ധിയന്മാരെന്നും ഗുരുഭക്തന്മാരെന്നും വേദികള്‍ തോറും പറയാന്‍ ലജ്ജിക്കാത്ത ഭരണ-വ്യാപാരികളല്ലേ? നല്ല ജീവിത മാതൃകകള്‍ കണികാണാന്‍ പോലും കിട്ടാത്ത പുതുതലമുറക്ക് അധഃപതനമല്ലാതെ എന്താണ് സംഭവിക്കുക? മൂല്യങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് നാം കുട്ടികള്‍ക്ക് നല്‍കുന്നില്ല. മുലപ്പാലിനൊപ്പം ലഭിക്കേണ്ടവയാണ് മൂല്യങ്ങളും. അമ്മയിലൂടെ, ആദ്യാക്ഷരങ്ങളിലൂടെ അവ കുട്ടിയില്‍ ഒഴുകിയെത്തണം. മാതൃഭാഷയാണ് സംസ്കാരത്തിന്റെ പൊന്‍വെളിച്ചം കുഞ്ഞുമനസ്സില്‍ നിറക്കുന്നത്. ആ ഭാഷയെ, പോഷകസമ്പന്നവും സ്നോഹോഷ്മളവുമായ ആ മഹിമയെ നാം നെഞ്ചേറ്റി നടക്കണമെന്ന് മഹാകവി വള്ളത്തോള്‍ പാടിയതും അതുകൊണ്ടുതന്നെയാണ്.
മാതൃഭാഷക്ക് വേണ്ടി വാദിക്കുന്നവരാരും മലയാളം മാത്രമേ പഠിക്കാവൂ എന്നോ പഠിപ്പിക്കാവൂ എന്നോ ശഠിക്കുന്നവരല്ല. ഇംഗ്ലീഷ് നന്നായി പഠിക്കണം. മറ്റു ഭാഷകളും കഴിയുന്നത്ര പഠിക്കുകയാണ് വേണ്ടത്. ആദ്യം മലയാളത്തില്‍ ദൃഢമായ ഒരടിത്തറ ഉണ്ടാക്കിയിട്ട് മതിയാകും. അപ്പോള്‍ മറുഭാഷാ പഠനം എളുപ്പമാവുകയേയുള്ളൂ.
ഈ ബാലപാഠം അഥവാ പ്രകൃതിപാഠം, സ്ഥിരത നശിച്ച ഭരണാധിപന്മാര്‍ക്കറിയില്ല. അവര്‍ നമ്മുടെ വിദ്യാഭ്യാസരംഗം വികലമായ ഓരോതരം പരിഷ്കാരങ്ങളാല്‍ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. അവരെയും പ്രയോജനവാദികളായ ശിങ്കിടികളേയും നാം നേര്‍വഴിയില്‍ കൊണ്ടുവരേണ്ടതുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളില്‍ അത് ഏത് പാഠ്യപദ്ധതിക്ക് കീഴിലായാലും ശരി, 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മലയാള ഭാഷാ പഠനം നിര്‍ബന്ധിതമാക്കണം. കേരളത്തിന് വെളിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് പിന്നീട് ഇംഗ്ലീഷിലേക്ക് തിരിയാമല്ലോ. അവരെ തടയേണ്ട. അവര്‍ എവിടെയെങ്കിലും പോയി നന്നായ്‌ക്കോട്ടെ. പക്ഷേ, മലയാളത്തെ വെറുക്കുന്നവര്‍ ഇവിടെ ജോലി കിട്ടാന്‍ മത്സരിക്കുന്നത് ശരിയല്ല. മലയാളം നന്നായി പഠിച്ചവര്‍ക്കേ മലയാള നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭ്യമാകൂ എന്ന നിബന്ധന ഉണ്ടാകുന്നതും നല്ലതാണ്. മലയാളിക്ക് മലയാളനാട്ടില്‍ സംവരണം.
വൈദേശികമായാലും പ്രാദേശികമായാലും ഭാഷകള്‍ പരസ്പ്പരം കൊടുത്തും വാങ്ങിയും പരിപോഷിപ്പിക്കപ്പെടേണ്ടവയാണ്. ഒന്നിനും ഭ്രഷ്ട് കല്‍പ്പിക്കേണ്ടതില്ല. ആശയവിനിമയവും ജ്ഞാനസമ്പാദനവും വഴിയുള്ള സാമൂഹിക പുരോഗതിയാണ് ലക്ഷ്യം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ഐഎഎസുകാരായ കളക്ടര്‍മാരും ഐപിഎസുകാരുമൊക്കെ കേരളത്തിലെത്തിയാല്‍ മലയാളം പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. നല്ല കാര്യം. കേരളീയര്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകുമ്പോഴും അങ്ങനെ വേണ്ടിവരുന്നുണ്ട്. ദേശീയ ഐക്യത്തിന്റേതായ ഈ ചുവടുവെപ്പ് മറ്റുമേഖലകളിലും വളര്‍ത്തിയെടുത്താല്‍ കാര്യങ്ങള്‍ എളുപ്പമായില്ലേ?
വെറുപ്പും അവഗണനയുമല്ല, സ്നേഹവും ആദരവുമാണ് ഭാഷകള്‍ തമ്മിലെന്നപോലെ മത-സാംസ്കാരാദികള്‍ തമ്മിലും ഉണ്ടാകേണ്ടത്. സ്വന്തം ഭാഷയിലും മതത്തിലും സംസ്കാരത്തിലും അടിയുറച്ചുനിന്നുകൊണ്ടുതന്നെ അന്യഭാഷയേയും മതത്തേയും സംസ്കാരത്തേയും സ്നേഹിക്കാന്‍, ആദരിക്കാന്‍ നമുക്ക് കഴിയണം. അപ്പോഴാണ് സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ മനുഷ്യരായി നാം മാറുന്നത്.
അതിന്റെ ആദ്യപടിയെന്ന നിലയില്‍ മഹാകവി വള്ളത്തോളിന്റെ ഈ വരികള്‍ ലോകത്തിലെ ഏത് ഭാഷാ സ്നേഹിക്കും ചൊല്ലാവുന്ന ഒന്നാണ്:
“ബുദ്ധിമാന്മാരേ സ്വഭാഷത്തറവാട്ടില്‍
സ്വത്തു വളര്‍ത്തുവാന്‍ യത്നം ചെയ്‌വിന്‍”
പി.ഐ.ശങ്കരനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: