Categories: Kerala

വോട്ടിങ്‌ യന്ത്രം സാര്‍ക്ക്‌ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ ധാരണയായി

Published by

ആലപ്പുഴ: ഇന്ത്യയില്‍ പരീക്ഷിച്ച്‌ വിജയിച്ച വോട്ടിങ്‌ യന്ത്രം സാര്‍ക്ക്‌ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ ധാരണയായതായി മലേഷ്യന്‍ കോമണ്‍വെല്‍ത്ത്‌ സ്റ്റഡീസ്‌ സെന്റര്‍ ഡയറക്ടര്‍ അനില്‍ സീല്‍ അറിയിച്ചു. സാര്‍ക്ക്‌ രാജ്യങ്ങളിലെ ഇലക്ഷന്‍ കമ്മീഷന്മാരുടെ യോഗത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യന്ത്രത്തിന്റെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുവാനും തീരുമാനമായിട്ടുണ്ട്‌. പെയ്ഡ്‌ ന്യൂസും തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും തടയുന്നതിനായി നിയമനിര്‍മാണം കൊണ്ടുവരും. അതത്‌ രാജ്യങ്ങളിലെ ചര്‍ച്ചകള്‍ക്ക്‌ ശേഷം ഇത്‌ നടപ്പിലാക്കും. ഇന്ത്യയില്‍ ഇത്‌ സംബന്ധിച്ച്‌ രൂപരേഖയായി. മറ്റു രാജ്യങ്ങളില്‍ ഉടന്‍ തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളെ തിരിച്ചുവിളിക്കുന്ന നിയമം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തില്ലെന്ന്‌ ഇന്ത്യയുടെ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ എസ്‌.വൈ.ഖുറേഷി പറഞ്ഞു. സാര്‍ക്ക്‌ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ്‌ ക്രമങ്ങള്‍ അവലോകനം ചെയ്യാനും തെരഞ്ഞെടുപ്പ്‌ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനും വേണ്ടി ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ്‌ മാനേജ്മെന്റ്‌ ഓഫ്‌ ഇലക്ഷന്‍ സംഘടനയാണ്‌ ആലപ്പുഴ മാരാരി ബീച്ച്‌ റിസോര്‍ട്ടില്‍ യോഗം സംഘടിപ്പിച്ചത്‌. ഡോ.ഖുറേഷിയായിരുന്നു സംഘ തലവന്‍. ഇലക്ഷന്‍ കമ്മീഷണര്‍ കെ.എസ്‌.സമ്പത്ത്‌, കേരള ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ, എന്‍.ഗോപാലസ്വാമി, ടി.എസ്‌.കൃഷ്ണമൂര്‍ത്തി എന്നിവരും പങ്കെടുത്തു. ഇന്ന്‌ യോഗം അവസാനിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by