ലോകത്തിലെ തണ്ണീര്‍ത്തടങ്ങള്‍ അഭൂതപൂര്‍വമായ രീതിയില്‍ മലിനീകരിക്കുന്നതും അപ്രത്യക്ഷമാകുന്നതും തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഐക്യരാഷ്ട്ര സംഘടന 1971 ല്‍ ഇറാനിലെ റാംസാറില്‍ നടന്ന കണ്‍വെന്‍ഷനില്‍ അവയെ സംരക്ഷിക്കാന്‍ കരാറായത്. ഈ കരാറില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ നാശവും ദേശാടനപക്ഷികളുടെ വംശനാശവും പരമ്പരാഗത തൊഴില്‍ നഷ്ടവും തണ്ണീര്‍ത്തട നാശം മൂലം ലോകത്ത് സംഭവിക്കുന്നതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കക്ക വാരിയും മത്സ്യം പിടിച്ചും ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗമാണ് തണ്ണീര്‍ത്തടങ്ങളുടെ നാശംകൊണ്ട് ഇല്ലാതാകുന്നത്.
കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട റാംസാര്‍ സൈറ്റുകളാണ് വേമ്പനാട്ട് കായലും അഷ്ടമുടി കായലും. രണ്ടും സംരക്ഷണത്തിന്റെ അഭാവംമൂലം നാശത്തിന്റെ വക്കിലാണ്. അഷ്ടമുടി കായലിലെ മത്സ്യരോഗങ്ങളും ജൈവവൈവിധ്യനാശവും മലിനീകരണവും കായല്‍ നികത്തലും മൂലമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. റാംസാര്‍ സൈറ്റ് എന്ന അതീവ സംരക്ഷണ പ്രാധാന്യമുള്ള അഷ്ടമുടി കായലിന്റെ മലിനീകരണം അന്താരാഷ്ട്ര കരാര്‍ ലംഘനമാണ്. സംരക്ഷകരായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന്റെ അന്തകരായും കരാര്‍ലംഘനത്തിന് കൂട്ടുനില്‍ക്കുന്നവരായും പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് അപമാനകരമാണ്. അഷ്ടമുടി കായലിന്റെ തീരത്തുള്ള കൊല്ലം കുരീപ്പുഴയിലെ മാലിന്യനിക്ഷേപ കേന്ദ്രമായ ചണ്ടി ഡിപ്പോ അഷ്ടമുടി കായലിലേക്ക് രോഗാണുക്കളടക്കമുള്ള മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്നതിന്റെ ഉറവിടമായി മാറിയിരിക്കുകയാണ്. ചണ്ടി ഡിപ്പോ 1954 മുതല്‍ കൊല്ലത്തുകാരുടെ തീട്ടപറമ്പാണ്. കൊല്ലം മുനിസിപ്പാലിറ്റി നിലവില്‍ വന്നതുമുതല്‍ ഒരു ടണ്‍ മാലിന്യം കുരീപ്പുഴ ചണ്ടി ഡിപ്പോ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ കൊല്ലം കോര്‍പ്പറേഷനായി മാറിയപ്പോള്‍ പ്രതിദിനം 100 ടണ്‍ മാലിന്യം എന്ന നിരക്കിലായി മാലിന്യനിക്ഷേപം.
ഇന്ന് കുരീപ്പുഴയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ അഞ്ച് ഏക്കര്‍ സ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും ജൈവമാലിന്യങ്ങളും അടക്കം ലക്ഷക്കണക്കിന് ടണ്‍ മാലിന്യം ഏകദേശം 50 അടി ഉയരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരു തുരുത്തായി മാറിയിരിക്കുന്നു. ഇതുമൂലം പ്രദേശവാസികള്‍ക്ക് ശ്വസിക്കുന്നതിനോ, ഭക്ഷണം കഴിക്കുന്നതിനോ, വെള്ളം കുടിക്കുന്നതിനോ വരെ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു. ഭക്ഷണവും വെള്ളവും വായയോടടുക്കുമ്പോള് മാലിന്യത്തില്‍നിന്നുള്ള കാറ്റടിക്കും പിന്നെ ഓക്കാനംവരും. കുരീപ്പുഴയിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുവാന്‍ സമീപപ്രദേശങ്ങളിലെ മാതാപിതാക്കള്‍ തയ്യാറല്ലാത്ത സ്ഥിതിവരെ എത്തിനില്‍ക്കുന്നു. ഈച്ച ശല്ല്യവും കൊതുക് ശല്ല്യവും എലി ശല്ല്യവും ജീവിതം ദുസ്സഹമാക്കുന്നു. കിണറുകള്‍ മാലിന്യമയമായതിനാല് പൈപ്പ് വെള്ളവും ടാങ്കര്‍ ലോറി വെള്ളവുമാണ് ജനങ്ങള്‍ക്ക് ശരണമായിട്ടുള്ളത്. ഇന്ന് കൊല്ലം കോര്പ്പറേഷന് മാലിന്യനിക്ഷേപത്തിനായും സംസ്ക്കരണത്തിനായും സംഭരണത്തിനായും അഷ്ടമുടിക്കായലിന്റെ തീരത്ത് ഉദ്ദേശം 16 ഏക്കര്‍ സ്ഥലമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഭാഗമായ തൃക്കടവ് പഞ്ചായത്തിന്റെ 25ഓളം സെന്റ് അഷ്ടമുടിക്കായലില്‍നിന്നും വെറും ഒരുമീറ്റര്‍ മാത്രം അടുത്താണ്. 16 ഏക്കറില്‍ ഉദ്ദേശം 13 ഏക്കര്‍ സ്ഥലവും വേലിയേറ്റ പ്രഭാവമുള്ള അഷ്ടമുടിക്കായലിന്റെ തീരപ്രദേശവും തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശവുമാണ്.
കൊല്ലം കോര്പ്പറേഷന് തീരദേശസംരക്ഷണ നിയമവും ജൈവവൈവിധ്യ മുനിസിപ്പല്‍ ഖരമാലിന്യ സംസ്കരണ നിയമവും റാംസാര്‍ കരാറും ലംഘിച്ചിരിക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. കുരീപ്പുഴയിലെ മാലിന്യഡിപ്പോ അഷ്ടമുടി കായലിലേക്ക് ഖരമാലിന്യവും ദ്രവമാലിന്യവും ചെന്നെത്തുവാന്‍ കാരണമാകുന്നതായി ഈ പ്രദേശം സന്ദര്‍ശിച്ചാല്‍ ബോധ്യമാകും. വേലിയേറ്റ പ്രഭാവമുള്ള അഷ്ടമുടി കായലിന്റെ തീരത്ത് 100 മീറ്റര്‍ പരിധിയില്‍ ഇത്തരം ഖരമാലിന്യനിക്ഷേപം നടത്തുന്നത് ജനദ്രോഹപരവും നിയമങ്ങളോടുള്ള വെല്ലുവിളിയുമാണ്. ലാന്റ് ഫില്ലിംഗിനായി പ്ലാസ്റ്റിക് ആവരണം നല്കി ഉണ്ടാക്കിയിരിക്കുന്ന കുഴിയുടെ മുക്കാല്‍ ഭാഗവും തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. സാനിറ്ററി ലാന്റ് ഫില്ലിംഗ് നടത്തേണ്ടതിന് പകരം നാല് ഏക്കര്‍ സ്ഥലത്ത് 50 അടി ഉയരത്തില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് രോഗാതുരമായ സാഹചര്യം സൃഷ്ടിക്കലാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സാനിറ്ററി ലാന്റ് ഫില്ലിംഗിന്റെ പേരില്‍ വര്‍ഷങ്ങളായി കോടിക്കണക്കിന് രൂപയാണ് കോര്പ്പറേഷന് ചെലവഴിച്ചിട്ടുള്ളത്. ചവറിന് മുകളില്‍ മണ്ണടിക്കുന്ന വകയില്‍തന്നെ വലിയ തുക ചെലവെഴുതിയിട്ടുണ്ടാകാം. പ്ലാസ്റ്റിക്കും ചീഞ്ഞളിഞ്ഞ ജൈവമാലിന്യങ്ങളും ഇന്ന് കുരീപ്പുഴയിലെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ചണ്ടി ഡിപ്പോ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നുവെന്നതാണ് ജനങ്ങളുടെ മറ്റൊരാരോപണം.
ഖരമാലിന്യ സംസ്ക്കരണത്തിന്റെ പേരിലും ലാന്റ് ഫില്ലിംഗിന്റെ പേരിലും കോടികളുടെ അഴിമതി നടന്നതായി ജനങ്ങള്‍ക്ക് പരാതിയുണ്ട്. വിന്റ്റോ കമ്പോസ്റ്റിംഗിന്റെ പേരില്‍ യാതൊരു ഉപയോഗവുമില്ലാതെ കിടക്കുന്ന ആയിരക്കണക്കിന് ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഷെഡ്ഡുകള്‍, പ്ലാസ്റ്റിക് ആവരണം പുതപ്പിച്ച കുഴി എന്നിവയെല്ലാം ഇന്ന് ഉപയോഗശൂന്യമായി, നോക്കുക്കുത്തികളായി അവശേഷിക്കുന്നു. ശാസ്ത്രീയമായി ഖരമാലിന്യം സംസ്ക്കരിക്കുന്നുണ്ടെന്ന് കണക്കിലും രേഖകളിലും വരുത്തിതീര്ത്തതൊഴിച്ചാല് കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോ ഉപയോഗശൂന്യവും ദുര്‍ഗന്ധം വമിക്കുന്നതുമായ ഒരു സ്ഥലം മാത്രമാണ്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നതും വിദ്യാലയങ്ങള്‍, ക്ഷേത്രങ്ങള്‍, കാവുകള്‍, കുളങ്ങള്‍, സാംസ്ക്കാരിക-സാമുദായിക കേന്ദ്രങ്ങള്‍ എന്നിവയുടെ സാമീപ്യമുള്ള കുരീപ്പുഴ ചണ്ടി ഡിപ്പോ സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് ഇടവരുത്തുന്ന സംവിധാനമായി മാറിക്കഴിഞ്ഞു. ജലം, വായു, മണ്ണ് എന്നിവ ഈ ഡിപ്പോ മൂലം മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. കൊല്ലം കോര്‍പ്പറേഷനിലെ മുഴുവന്‍ ആളുകളുടെയും വിഴുപ്പ് ചുമക്കേണ്ട ബാധ്യത എങ്ങനെ കുരീപ്പുഴയിലെ ജനങ്ങളുടെ ചുമതലയാകും? എന്ന ചോദ്യമാണ് കുരീപ്പുഴ നിവാസികള്‍ ഉന്നയിക്കുന്നത്.
ലോകം മുഴുവന്‍ വികേന്ദ്രീകൃത മാലിന്യസംസ്ക്കരണത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കുമ്പോള്‍ കൊല്ലം കോര്പ്പറേഷന് കേന്ദ്രീകൃത മാലിന്യസംസ്ക്കരണത്തിന്റെ രീതി പിന്തുടരുന്നത് കുരീപ്പുഴയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമായി മാത്രമേ ചിത്രീകരിക്കപ്പെടുകയുള്ളൂ. കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബരജീവിതം നയിക്കുന്നവരുടെയും വന്‍ കച്ചവടം നടത്തി കോടികള്‍ ലാഭം കൊയ്യുന്നവരുടെയും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെയും ആശുപത്രികള്‍, ഡിസ്പന്സറികള് എന്നിവയുടെയും ഖരമാലിന്യങ്ങള്‍ മൂലം എന്തിന് കുരീപ്പുഴ നിവാസികള്‍ ദുരിതമനുഭവിക്കണം എന്നതാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു കാതലായ ചോദ്യം. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് പുതിയ കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി കുരീപ്പുഴയില്തന്നെ അധികാരികള്‍ എത്തിനില്‍ക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് സ്ഥലമെടുപ്പ് നടപടികളുമായി അധികാരികള്‍ മുന്നോട്ടു പോകുന്നതിന്റെ പേരില്‍ ജനങ്ങള്‍ ആശങ്കയിലാണ്. മലിനീകരണം മൂലം ഇപ്പോള്‍തന്നെ മുപ്പതിലധികം കിണറുകള്‍ കുരീപ്പുഴയില്‍ ഉപയോഗശൂന്യമാണ്. ചണ്ടി ഡിപ്പോയുടെ മതില്‍ക്കെട്ടിനോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക വട്ടമനക്കാവ് അമ്പലത്തിലെ കിണര്‍ വെള്ളത്തിന് ദുര്‍ഗന്ധമാണ്. ജലമലിനീകരണവും കുടിവെള്ള സ്രോതസുകളുടെ നാശവും നാള്‍ക്കുനാള്‍ ഏറിവരികയാണ്. കുരീപ്പുഴയിലെ മാലിന്യസംഭരണ കേന്ദ്രം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് സംസ്ഥാന മലിനീകരണനിയന്ത്രണബോര്ഡ്തന്നെ വിലയിരുത്തിയിട്ടുള്ളതാണ്.
ഒരു ഭരണപ്രദേശത്തെ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്ക്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനിവാര്യ ചുമതലയാണ്. പഞ്ചായത്തിരാജ്-നഗരപാലിക നിയമത്തിലെ വ്യവസ്ഥകള്‍ ഈ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിര്‍വചിക്കുന്നുണ്ട്. നിയമങ്ങളും ചട്ടങ്ങളും അധികാരങ്ങളുമാണ് ചണ്ടി ഡിപ്പോയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. 1996 ല്‍ സുപ്രീംകോടതി നഗരമാലിന്യപ്രശ്നങ്ങള് പഠിക്കുവാനും പരിഹാരം നിര്‍ദേശിക്കുവാനും നിയോഗിച്ച സമിതി 1999 ല്‍ ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിക്കുകയും കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് 2000ത്തില്‍ അവ ഘട്ടങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് പച്ചക്കറി മാര്‍ക്കറ്റുകള്‍, മത്സ്യചന്തകള്‍, തട്ടുകടകള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവ സ്വന്തം ചെലവില്‍ മാലിന്യ ശേഖരണ സംവിധാനം ഒരുക്കുകയും സ്വന്തം ചെലവില്‍ മാലിന്യം നീക്കം ചെയ്യുകയും വേണം. മാലിന്യ സംസ്ക്കരണത്തിന് അനുയോജ്യമായ സ്ഥലം, വാസസ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്മാരകങ്ങള്‍, വന്യജീവി കേന്ദ്രങ്ങള്‍, ചതുപ്പുകള്‍, സാംസ്ക്കാരിക സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും ചുരുങ്ങിയത് അര കി.മീറ്റര്‍ അകലം പാലിക്കണം. മാലിന്യങ്ങള്‍ നേരിയ അടരുകളായി വിരിക്കണം. 10 സെ.മീറ്റര്‍ കനത്തില്‍ മണ്ണോ കെട്ടിടാവശിഷ്ടങ്ങളോ മാലിന്യങ്ങള്‍ക്ക് മുകളിലിട്ട് റോള്‍ ചെയ്ത് ഉറപ്പിക്കണം. സാനിറ്ററി ലാന്റ് ഫില്ലിംഗ് തത്വങ്ങള്‍ പാലിക്കപ്പെടണം. മഴവെള്ളം ഒലിച്ചിറങ്ങാനോ അവിടെനിന്നും പുറത്തേക്കൊഴുകാനോ ഇടവരരുത്. സംസ്ക്കരണ കേന്ദ്രത്തിലും പരിസരത്തും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുവാന്‍ പാടില്ല. ഈ പ്രദേശത്ത് മീതേന്‍ വാതകം ബഹീര്ഗമിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കരീപ്പുഴ ചണ്ടി ഡിപ്പോയില്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കയാണ്. ഇതുമൂലമാണ് ജനജീവിതം ദുസ്സഹമായിരിക്കുന്നത്.
കൊല്ലം നഗരത്തിന്റെ ഈ പ്രശ്നം പരിഹരിക്കുവാന്‍ കുരീപ്പുഴ നിവാസികള്‍ പരിഹാരം നിര്‍ദേശിക്കണമെന്ന വാദവും ബാലിശമാണ്. ശാസ്ത്രീയമായും വികേന്ദ്രീകൃതമായും ഖരമാലിന്യ സംസ്ക്കരണം നടത്തുക മാത്രമാണ് ഈ പ്രശ്നത്തിന്റെ സ്ഥായിയായ പോംവഴി. നിയമങ്ങളും ചട്ടങ്ങളും കരാറുകളും പാലിക്കപ്പെടണം. പട്ടണത്തിന്റെ വിഴുപ്പ് മുഴുവന്‍ ഒരു ഗ്രാമം ഏറ്റുവാങ്ങേണ്ടതില്ലല്ലോ. ജലാശയങ്ങള്‍ മലിനീകരിക്കുന്നത് തടയുവാനുള്ള ഉത്തരവാദിത്തവും അധികാരികള്‍ക്കുണ്ട്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: