ട്രിപ്പോളി: വിമതര്‍ വധിച്ച ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. വിമതരുടെ ഔദ്യോഗിക സംഘടനയായ ദേശീയ പരിവര്‍ത്തന സമിതി വക്താവ് അഹമ്മദ് ജിബ്രീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഗദ്ദാഫിയുടെ മൃതദേഹം എവിടെ സംസ്കരിക്കണമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഗദ്ദാഫിയുടെ ജന്മനാടായ സിര്തെയില് നിന്നുള്ള പ്രമുഖരും പരിവര്‍ത്തന സമിതി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം കൈമാറാന്‍ തീരുമാനമായത്. സിര്തെയിലും മറ്റ് നഗരങ്ങളിലുമുള്ള ഗദ്ദാഫിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തുമെന്നാണ് വിമതരുടെ പ്രതീക്ഷ. നഗരത്തിലെ ഒരു ഇറച്ചിക്കടയിലെ ഫ്രീസറിനുള്ളിലാണ് ഗദ്ദാഫിയുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടൊപ്പം മൃതദേഹം രഹസ്യമായി സംസ്കരിക്കാനാണ് ധാരണയായതെന്നും വാര്‍ത്തയുണ്ട്.
ഇസ്ലാമിക നിയമപ്രകാരം മരിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മൃതദേഹം സംസ്കരിക്കേണ്ടതുണ്ടെങ്കിലും, വിമതര്‍ക്കിടയിലെ അഭിപ്രായ ഭിന്നത മൂലം സംസ്കാരച്ചടങ്ങുകള്‍ നീണ്ട് പോവുകയായിരുന്നു. മുസ്ലീം ആചാരപ്രകാരമുള്ള എല്ലാ സംസ്കാര ചടങ്ങുകളും നടത്തുമെന്ന് വിമതനേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ക്കഴിയുന്ന ഗദ്ദാഫിയുടെ മക്കള്‍ മൃതദേഹം സിര്‍തെയിലുള്ള ബന്ധുക്കളെ ഏല്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സിര്തെയിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയ ഗദ്ദാഫിയെ വിമതര്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: