ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശീ വത്കരണത്തിന്റെ ഭാഗമായി പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതോടു കൂടി 30 ലക്ഷം വിദേശതൊഴിലാളികള്‍ രാജ്യം വിടേണ്ടി വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിലവില്‍ സൗദിയുടെ ജനസംഖ്യയുടെ 31 ശതമാനവും പ്രവാസികളാണ്. ഇവരുടെ എണ്ണം ഇരുപതുശതമാനമായി കുറയ്ക്കാനാണ് രാജ്യത്തിന്റെ തീരുമാനം.
ഇപ്പോല്‍ സൗദിയില്‍ ഇരുപതു ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ഇവരെ പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിദേശതൊഴിലാളികളുടെ റിക്രൂട്ട്മന്റ് നിയന്ത്രിക്കാന്‍ ബുധനാഴ്ച അബുദാബിയില്‍ ചേര്‍ന്ന ജിസിസി യോഗത്തില്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് സൗദിയിലും പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
പ്രാദേശിക തൊഴില്‍ വിപണിയില്‍ നിന്നുള്ള മാനവശേഷി കൊണ്ട് നിര്‍വ്വഹിക്കാന്‍ പറ്റുന്ന തൊഴിലുകളിലേക്ക് വിദേശികളെ നിയമിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് ജിസിസി രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ സന്തുലനം തകരാറിലാക്കുന്ന രീതിയിലുള്ള വിദേശിസാന്നിധ്യത്തിന് കടിഞ്ഞാണിടുകയാണ് സൗദിയുടെ ലക്ഷ്യം. 20 ലക്ഷത്തിലധികം വിദേശികള്‍ രാജ്യത്തുണ്ടാകാന്‍ പാടില്ല എന്നതാണ് പുതിയ നിയമം. ഇതോടുകൂടി 29 ലക്ഷം വിദേശികള്‍ക്ക് രാജ്യം വിടേണ്ടതായി വരും.
വിദേശികളില്‍ നിന്ന് സ്വദേശികളിലേക്കുള്ള ജോലി കൈമാറ്റം ഊര്‍ജ്ജിതമാക്കുന്നതിനായി സ്വദേശികള്‍ക്ക് വിദഗ്ദ്ധമായ തൊഴില്‍ പരിശീലനം നല്കുന്നന്നതിനും സൗദിസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: