ട്രിപ്പോളി: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമര്‍ ഗദ്ദാഫിയുടെ ശവശരീരം മിസ്റാട്ടെ പട്ടണത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. അദ്ദേഹത്തിന്റെ ശവശരീരം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് ഭിന്നാഭിപ്രായമുള്ളതിനാല്‍ സംസ്ക്കാരം നീളുകയാണ്. ഗദ്ദാഫി മരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ഒരു സമഗ്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയും ഗദ്ദാഫിയുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഗദ്ദാഫി പിടികൂടപ്പെട്ട ഉടനെ ജീവനോടെയാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണപ്പെട്ടത്. അല്‍പ്പസമയത്തിനുശേഷമാണ് അദ്ദേഹം മരിച്ച നിലയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഈ മരണത്തെക്കുറിച്ച് തുറന്നതും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ലിബിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈയാഴ്ച അവസാനത്തോടെ രാജ്യം മോചിപ്പിക്കപ്പെട്ടതായി നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം ഒക്ടോബര്‍ 31ഓടെ തങ്ങളുടെ ലിബിയയിലെ ദൗത്യം അവസാനിപ്പിക്കുമെന്ന് നാറ്റോ അറിയിച്ചു. എന്നാല്‍ അധികാര കൈമാറ്റത്തിന് മുമ്പ് രാജ്യത്ത് സാധാരണക്കാരുടെ മേല്‍ ആക്രമണമുണ്ടാവുന്നില്ലെന്ന് തങ്ങള്‍ ഉറപ്പ് വരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും മരണം എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ ആകാംക്ഷാഭരിതരാണ്. ആയിരക്കണക്കിന് ലിബിയക്കാരാണ് കേണല്‍ ഗദ്ദാഫിയുടെ മൃതശരീരം ഒരുനോക്ക് കാണാന്‍ മിസ്റാട്ടെയിലെ ഇറച്ചി സൂക്ഷിക്കുന്ന മുറിയിലെത്തുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രിലും മൃതദേഹങ്ങള്‍ കണ്ടതായി വാര്‍ത്താ ലേഖകര്‍ അറിയിച്ചു.
ഇതിനിടെ തന്റെ പിതാവിന്റെയും സഹോദരന്റെയും അന്ത്യരംഗങ്ങള്‍ ടെലിവിഷനിലൂടെ കണ്ട ഗദ്ദാഫിയുടെ പുത്രി അയിഷയെ അള്‍ജീരിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: