തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിനെതിരായുള്ള ആരോപണങ്ങള്‍ വിവാദമാകുന്നു. ബാങ്ക് തകര്‍ക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. ബാങ്കിന്റെ നിയന്ത്രണം ബോംബെ ലോബി കയ്യടക്കുന്നു എന്നും ആസ്ഥാനം മുംബൈയിലേക്ക് മാറ്റുന്നു എന്നും ആരോപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന നേരത്തെ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ആസ്ഥാനം ഒരു കാരണവശാലും മാറ്റിലെന്ന വിശദീകരണവുമായി മാനേജ്മെന്റ് രംഗത്തു വന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ ബാങ്ക് കൃത്രിമം കാണിക്കുന്നു എന്ന ഗുരുതരമായ ആരോപണവുമായി ബാങ്കിലെ ഓഫീസര്‍മാരുടെ സംഘടന രംഗത്തു വന്നത്. ഇടതുപക്ഷ സംഘടനയായ ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴസ് കോണ്‍ഫെഡറേഷനാണ് ബാങ്കിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്ന ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ബാങ്കിന്റെ ഓഹരിയില്‍ വന്‍ ഇടിവും ഉണ്ടായി. കഴിഞ്ഞ ദിവസം നിയമസഭയില്‍ മുന്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ബാങ്ക് തകര്‍ച്ചയിലാണെന്നും ഇടപാടുകളില്‍ സുതാര്യതയില്ലെന്നും ആരോപിച്ച് സബ്മിഷന് ഉന്നയിച്ചിരുന്നു. ബാങ്കിന്റെ വായ്പാനിക്ഷേപ അനുപാതത്തിലുണ്ടായ ഇടിവ് ബാങ്കിന്റെ ബിസിനസ്സ് കേരളത്തിന് പുറത്തേക്ക് പോകുന്നതിന്റെ സൂചനയാണെന്നും തോമസ് ഐസക്ക് ആരോപിച്ചിരുന്നു.
ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് ചതുര്‍വേദി കണക്കുകള്‍ നിരത്തി വിശദീകരിച്ചു. വളര്‍ച്ചയുടെ പാതിയില്‍ പുതിയ കാല്‍വെപ്പുകള്‍ക്ക് തയ്യാറെടുക്കുന്ന ബാങ്കിനെ മോശമായി ചിത്രീകരിക്കുന്നത് പത്തു ശതമാനം പോലും ജീവനക്കാരുടെ പിന്തുണയില്ലാത്തതും അംഗീകാരമില്ലാത്തതുമായ യൂണിയനാണെന്നും ചതുര്‍വേദി പറയുന്നു.
ബാങ്കിന്റെ പ്രവര്‍ത്തന ഫലം ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് പറഞ്ഞു. പതിറ്റാണ്ടുകളായി കേരളത്തോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2011 സപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 23,945 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍വര്‍ഷം ഇത് 16,554 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മൊത്തം ബിസിനസ്സില്‍ 45 ശതമാനം വര്‍ധനയാണുണ്ടായത്. ബാങ്ക് മാനേജ്മെന്റിന്റെ വിശദീകരണം ഇതാണ്.
എന്നാല്‍ മാനേജ്മെന്റിന്റെ കണക്കുകള്‍ കള്ളമാണെന്നും ബാങ്കിന്റെ ലാഭം ഇപ്പോള്‍ വെറും മൂന്നു കോടിയില്‍ താഴെയാണെന്നുമാണ് ഇടതു യൂണിയന്റെ ആരോപണം. ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഡിപ്പോസിറ്റുകളുടെ രൂപത്തില്‍ ബാങ്ക് 2500 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ 1500 കോടി രൂപ മാത്രം സമാഹരിക്കാനുളള അനുമതി മാത്രമേ ബാങ്കിനുള്ളു. ഈ പ്രസ്താവന പുറത്തുവന്നതോടെ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വില്ക്കാന് തുടങ്ങിയത്.
അസോസിയേഷന് എവിടെ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നറിയില്ലെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ ഞങ്ങളുടെ കണക്കുമായി യോജിക്കുന്നില്ല ബാങ്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ബിപിന്‍ കബ്ര പറയുന്നു.
ബാങ്കിന്റെ ലാഭ നഷ്ടക്കണക്കില്‍ വലിയ തിരിമിറികളും പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകളും നടക്കുന്നതായി ആരോപിച്ച ഓഫീസേഴ്സ് യൂണിയന് റിസര്‍വ് ബാങ്കിന് നിവേദനവും നല്‍കിയിട്ടുണ്ട്.
ബാങ്ക് ജീവനക്കാരുടെയും ഇടപാടുകാരുടെയും താല്പര്യം മുന്‍നിര്‍ത്തി ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു കണക്കുകള്‍ സംബന്ധിച്ചും വിശദമായ പരിശോധന നടത്തണമെന്ന് എഐബിസി ആര്‍ബിഐയോടും കേന്ദ്ര ധനമന്ത്രാലയത്തോടുംആവശ്യപ്പെടുകയും ഏതെങ്കിലും പൊതുമേഖല ബാങ്കില്‍ ധനലക്ഷ്മി ബാങ്ക് ലയിപ്പിക്കണമെന്ന നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ബാങ്കിന്റെ പണമടവു മിച്ചനില തകരാറിലാണെന്ന് നിവേദനം മുന്നറിയിപ്പു നല്കുന്നു. ബാങ്കിന്റെ വായ്പാ പോര്‍ട്ഫോളിയോ അതീവ ദുര്‍ബലമാണെന്നും ഏതുസമയവും വലിയ കിട്ടാക്കടത്തിലേയക്കു പതിക്കാമെന്നും നിവേദനം പറയുന്നു. 20 ശതമാനം ഏറ്റെടുത്ത വായ്പകളും 40 ശതമാനം കോര്‍പറേറ്റ് വായ്പകളുമാണ്. ഓരോ വായ്പയും പരിശോധിച്ച് തിരിച്ചടവു ശേഷി ഉറപ്പു വരുത്തിയിട്ടില്ല. നിലവില്‍ 10 ശതമാനത്തില്‍ നില്ക്കുന്ന മൂലധന പര്യാപ്തത ഏതെങ്കിലുമൊരു വനകിട വായ്പ കിട്ടാക്കടമായി മാറുന്ന സാഹചര്യത്തില്‍ കൂപ്പു കുത്താം എന്നൊക്കെയാണ് നിവേദനത്തില്‍ പറയുന്നത്.
എന്നാല്‍ ഇതൊക്കെ ബാങ്കിന്റെ തകര്‍ച്ച ലക്ഷ്യം വച്ചുള്ള നീക്കമാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ബാങ്കിനെ കുറിച്ച് ഒരു തരത്തിലുള്ള അന്വേഷണവും ആര്‍ബിഐ നടത്തുന്നില്ല.
മാത്രമല്ല ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഇപ്പോഴുള്ള മാനേജ്മെന്റിന് മൂന്നു വര്‍ഷം കൂടി തുടരാനുള്ള അനുമതി ആര്‍ബിഐ നല്‍കുകയും ചെയ്തു. മുംബൈ ലോബി എന്ന ഉമ്മാക്കി കാട്ടി ധനലക്ഷ്മി ബാങ്കിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പുറകില്‍ ആരെന്ന ചോദ്യമാണ് ബാക്കി.
ഗോഡ്സ് ഓണ്‍ കണ്ട്രയിലെ ഗോഡ്സ് ഓണ്‍ ബാങ്ക് എന്നാണ് ധനലക്ഷ്മി ബാങ്ക് അറിയപ്പെടുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ ബാങ്കിംഗ് ഇടപാട് വര്‍ഷങ്ങളായി കൈകാര്യം ചെയ്യുന്നതു കൊണ്ടാണിത്. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ബാങ്കിംഗ് ഇടപാടുകളും ധനലക്ഷ്മിയിലൂടെയാണ്. മൈക്രോ ഫിനാന്‍സിംഗിനെ ജനകീയ വത്കരിച്ചതിനു പിന്നില്‍ കേരളത്തില്‍ ധനലക്ഷ്മി ബാങ്കിന് നിര്‍ണായക പങ്കാണുള്ളത്. എന്നിരിക്കെ ബാങ്കിന്റെ നിലനില്പിനെ തന്നെ തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവനകളുമായി രംഗത്തു വരുന്ന ബാങ്കു ജീവനക്കാരുടെ സംഘടനയ്ക്കു പിന്നില്‍ മറ്റു ചിലരുണ്ടാകും എന്ന് കരുതിയാല്‍ കുറ്റം പറയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: