കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രമൈതാനം സംരക്ഷിക്കണമെന്ന ക്ഷേത്രക്കമ്മറ്റിക്കാരുടെ പരാതിയില്‍ എസ്.പി നടപടി വൈകിക്കുന്നതായി ആക്ഷേപം. ക്ഷേത്രമൈതാനത്ത് കൂട്ടംകൂടിയുള്ള ലഹരിമരുന്നു വില്‍പ്പനയും മദ്യപാനവും വര്‍ദ്ധിക്കുമ്പോഴും നിരവധി തവണ ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ജയന്തടത്തുംകുഴിയുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍ ക്ഷേത്രമൈതാനം സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് അലംഭാവം തുടരുകയാണ്. രാവിലെ സ്കൂളിലും കോളേജിലും കയറാതെ കുട്ടികള്‍ മൈതാനത്തെത്തി തമ്പടിക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് കോളേജുകളിലെ കുട്ടികള്‍ തമ്മില്‍ നിരവധി തവണ മൈതാനത്തുവച്ച് സംഘര്‍ഷമുണ്ടായിരുന്നു. പലപ്പോഴും ക്ഷേത്രക്കമ്മറ്റി ഭാരവാഹികളാണ് പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് മുമ്പോട്ടുപോകുന്നത്. വെസ്റ്റ് പോലീസ് സ്റ്റേഷന് തിരുനക്കരയില്‍നിന്നും മാറ്റിയതിനു ശേഷമാണ് ക്ഷേത്രമൈതാനത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായത്. ഇതിനുശേഷം നിരവധി തവണ തിരുനക്കരയില്‍ പോലീസ് ഔട്ട്പോസ്റ്റ് വേണമെന്ന ആവശ്യങ്ങളുയര്‍ന്നെങ്കിലും അതൊന്നും കേട്ടമട്ട് പോലീസ് കാണിക്കുന്നില്ല.തിരുനക്കര മുനിസിപ്പല്‍ മൈതാനത്തിനു സമീപം പോലീസ് ഉള്ളതിനാല്‍ ക്ഷേത്രമൈതാനത്താണ് സാമൂഹ്യവിരുദ്ധര്‍ പലപ്പോഴും തമ്പടിക്കുന്നത്. ലഹരിമരുന്നു കച്ചവടക്കാരുടെ പ്രധാന കേന്ദ്രമായി തിരുനക്കര ക്ഷേത്രമൈതാനം മാറിയിരിക്കുകയാണ്. മൈതാനത്തെത്തുന്ന വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഓരോ മണിക്കൂറ് ഇടവിട്ടും പോലീസ് പെട്രോളിംഗ് മൈതാനത്തു ശക്തമാക്കിയാലേ പ്രശ്നങ്ങള്‍ അവസാനിക്കൂവെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്. ക്ഷേത്രമൈതാനത്തെ പാവനത നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭക്തജനങ്ങളെ സംഘടിപ്പിച്ച് തടയുമെന്ന് ഉപദേശകസമിതി പ്രസിഡണ്റ്റ് ജയന്തടത്തുംകുഴി,സെക്രട്ടറി ടി.സി.ഗണേശ് എന്നിവര്‍ പ്രതികരിച്ചു. ശബരിമല സീസണിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പ്രധാന ഇടത്താവളമായ തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായത് തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങളേയും ഗുരുതരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: