കറുകച്ചാല്‍: ചങ്ങനാശ്ശേരി വാഴൂറ്‍ റോഡില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍ മൂലം നിരന്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഒരു വര്‍ഷത്തിനിടയില്‍ നിരവധി പേരുടെ മരണത്തിന് വാഴൂറ്‍ റോഡ് സാക്ഷിയായി. ടിപ്പര്‍ ഓടിക്കുന്ന ഭൂരിഭാഗം ഡ്രൈവര്‍മാരും കമ്മീഷന് വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. കൂടുതല്‍ ലോഡുകള്‍ കയറ്റിപ്പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ശരാശരി ൧൫൦൦-൨൦൦൦ രൂപാ വരെ ദിവസവും ലഭിക്കും. പരമാവധി കമ്മീഷന് ലഭിക്കുന്നതിനായി ഡ്രൈവര്‍മാര്‍ അമിതവേഗതയില്‍ പോകുന്നതിന് ശ്രമിക്കുന്നതാണ് അപകടം വരുന്നതിന് മുഖ്യകാരണം. ചെറുതും വലുതുമായ നിരവധി ടിപ്പറപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അമിതവേഗത നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് വ്യാപകപരാതിയുണ്ട്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ പോലീസ് സ്റ്റേഷന് പരിധിയിലൂടെ കടന്നുപോകുന്ന വാഴൂറ്‍ റോഡ് അപകടപാതയായി മാറിയിരിക്കുന്നു. കെ.എസ്.റ്റി.പി റോഡ് നന്നാക്കിയതു മുതല്‍ ടിപ്പര്‍ ലോറി ഉള്‍പ്പെടെ മറ്റു വാഹനങ്ങള്‍ക്ക് അമിതവേഗതയാണ്. ഈ അമിതവേഗത നിമിത്തം റോഡുമുറിച്ചു കടക്കുന്നതിനും വളരെയേറെ പ്രയാസമാണ്. മാന്തുരുത്തിയില് റോഡുമുറിച്ചു കടന്ന വൃദ്ധനെ വാഹനമിടിച്ചു മരണപ്പെട്ടതും വാഹനത്തിണ്റ്റെ അമിതവേഗതതന്നെയാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടക്കപ്പാടത്ത് ബസും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവറായ നിരണം സ്വദേശി മരിച്ചിരുന്നു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കണ്ണവട്ട, നടക്കപ്പാടം, കൂത്രപ്പള്ളി, നെത്തല്ലൂറ്‍, മാന്തുരുത്തി, മൂലേപ്പീടിക തുടങ്ങിയ സ്ഥലങ്ങളിലെ മിക്ക അപകടങ്ങളും ടിപ്പര്‍ വരുത്തിവച്ച അപകടങ്ങളാണ്. മാടപ്പള്ളി പഞ്ചായത്തിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പു തീര്‍ന്നതോടെ കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ മേഖലകളിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പു തുടങ്ങിയതോടെയാണ് വാഴൂറ്‍ റോഡിലെ അപകടങ്ങള്‍ പെരുകുന്നത്. ദിനംപ്രതി മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: