മുല്ലനേഴിയുടെ ജീവിതത്തിലും കവിതകളിലും സിനിമാ ഗാനങ്ങളിലും എപ്പോഴും നന്മയുടെ മധുരം നിറഞ്ഞു നിന്നു. ലളിതമായ പദങ്ങളാല്‍ ഒട്ടും ദുരൂഹതയില്ലാതെയാണ് അദ്ദേഹം എഴുതിയിരുന്നത്. ജീവിതത്തിലും ആ ലാളിത്യം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വന്തം ജീവിതം പോലെയായിരുന്നു തൃശ്ശൂരുകാരുടെ സ്വന്തം മുല്ലനേഴി മാഷിന്റെ കവിതകളും.
കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാടിന്റെയോമന മോളാണ്
ഞാവല്‍പ്പഴത്തിന്റെ ചേലാണ്… എന്ന വരികള്‍ പാടാത്ത മലയാളികളുണ്ടാകില്ല. ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമയിലെ ആ പാട്ട് മുല്ലനേഴിയുടെ തൂലിക മലയാളിക്ക് സമ്മാനിച്ചതാണ്. ‘കറുകറുത്തൊരു പെണ്ണില്‍..’ തുടങ്ങി, ഏറ്റവുമൊടുവില്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ ‘ഈ പുഴയും സന്ധ്യകളും….’ എന്ന ഗാനത്തില്‍ വരെ മുല്ലനേഴിയുടെ വരികളുടെ ഗ്രാമീണ ശാലീനത നമ്മളറിഞ്ഞു.
മുല്ലനേഴി എഴുതിയ പാട്ടുകളുമായി ആദ്യം പുറത്തു വന്ന ചലച്ചിത്രം ‘ലക്ഷ്മീവിജയം’ ആണെങ്കിലും അസീസ് സംവിധാനം ചെയ്ത ‘ഞാവല്‍പ്പഴങ്ങ’ള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യം പാട്ടുകളെഴുതിയത്. എസ്.കെ. പൊറ്റെക്കാടിന്റെ ‘കൊഹേരി’ എന്ന ആഫ്രിക്കന്‍ പശ്ചാത്തലത്തിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ഞാവല്‍പ്പഴങ്ങള്‍’ ചെയ്തത്. നാടകകൃത്തായ ജി.ശങ്കരപ്പിള്ളയാണ് അതിന്റെ തിരക്കഥാ രചന നടത്തിയത്. സിനിമാ ഗാനരചനയില്‍ വയലാര്‍ രാമവര്‍മ്മ പ്രശസ്തിയില്‍ നില്‍ക്കുന്ന കാലമായിരുന്നു അത്. പാട്ടെഴുതണമെന്ന ആവശ്യവുമായി അസീസ് മുല്ലേനേഴിയെ സമീപിച്ചപ്പോള്‍ മുല്ലനേഴിതന്നെ പറഞ്ഞു, വയലാറിനെ കൊണ്ട് എഴുതിപ്പിക്കാന്‍. എന്നാല്‍ അസീസിന് അത് സ്വീകാര്യമായില്ല.
ഞാവല്‍പ്പഴത്തിലെ ‘കറുകറുത്തൊരു പെണ്ണാണ്…’ എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ‘ലക്ഷ്മീവിജയ’ത്തിനു വരികളെഴുതാന്‍ കെ.പി.കുമാരന്‍ മുല്ലനേഴിയെ വിളിക്കുന്നത്. ഈ ചിത്രത്തിലെ ‘മാനത്തു താരങ്ങള്‍ പുഞ്ചിരിച്ചു….’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടി. മുല്ലനേഴിയുടെ തൂലിക തുമ്പില്‍ ജന്മമെടുത്ത മറ്റൊരു ഹിറ്റാണ് ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ…’ എന്ന ഗാനം. 1980 ല്‍ ‘ചോര ചുവന്ന ചോര’ എന്ന ചിത്രത്തിനു വേണ്ടി മുല്ലനേഴി രചിച്ചു ദേവരാജന്‍ ഈണം നല്‍കി മാധുരി പാടി ഈ ഗാനം എന്നും മലയാളിയുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നതാണ്.
മമ്മൂട്ടി നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ‘മേള’ എന്ന സിനിമയിലെ ‘നീലക്കുട ചൂടി മാനം…, മനസൊരു മാന്ത്രിക കുതിരയായ്…’, ‘ആയിരം മുഖമുള്ള സൂര്യന്‍, ഈ നീലയാമിനി….'( ഞാനൊന്നു പറയട്ടെ), ‘വാസന പൂവുകളേ…'( വെള്ളം), തുടങ്ങി നിരവധി ഹിറ്റുഗാനങ്ങള്‍ മുല്ലനേഴിയുടെ തൂലികയില്‍ നിന്ന് മലയാളിക്ക് ലഭിച്ചു. സത്യന്‍ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ സന്മനസ്സുള്ളവര്‍ക്കു സമാധാനത്തിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം….’ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലെ ‘വസന്തം വര്‍ണപൂക്കുട ചൂടി…’, ‘കറുത്ത രാവിന്റെ കന്നിക്കിടാവൊരു…’ എന്നീ ഗാനങ്ങളും ശ്രദ്ധ നേടി. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിക്കുവേണ്ടി മുല്ലനേഴിയെഴുതി വരികള്‍ ചിട്ടപ്പെടുത്തിയത് ഷഹ്ബാസ് അമന്‍ ആണ്. അങ്ങനെ അദ്ദേഹം ദേവരാജന്‍ മാസ്റ്റര്‍ മുതല്‍ പുതു തലമുറയിലെ ഷഹ്ബാസ് അമന്‍ വരെയുള്ള സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
കേരളത്തില്‍ സാക്ഷരതാ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് അതിനു കരുത്തു കൂട്ടിയത് മുല്ലനേവിയുടെ വരികളാണ്.
നേരമൊട്ടും വൈകിയില്ല, കൂട്ടുകാരേ പോരൂ..
പേരെഴുതാം വായിക്കാം
ലോക വിവരം നേടാം
ലോക വിവരം നേടാം…..എന്ന അദ്ദേഹത്തിന്റെ വരികള്‍ കൊച്ചു കുട്ടികള്‍ മുതല്‍ തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശിമാര്‍ വരെ പാടി നടന്നു. അക്കാലത്ത് സാക്ഷരതാ ക്ലാസ്സുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന അദ്ദേഹത്തെ വൃദ്ധരായ നവസാക്ഷരര്‍ തിരിച്ചറിഞ്ഞിരുന്നത് നേരമൊട്ടും വൈകിയില്ല…. എന്ന പാട്ടെഴുതിയ ആളെന്ന നിലയിലായിരുന്നു.
നല്ല കവിയും ഗാനരചയിതാവുമെന്ന് പേരെടുത്ത മുല്ലനേഴി നല്ല നടനുമായിരുന്നു. തൃശ്ശൂരിലെ നാടക ക്യാമ്പുകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം. മുല്ലനേഴി എഴുതിയ നിരവധി അമേച്വര്‍ നാടകങ്ങള്‍ നാടക പ്രേമികളുടെ മനംകവര്‍ന്നിട്ടുണ്ട്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷം അദ്ദേഹംചെയ്തിട്ടുണ്ട്. ഉപ്പ്, പിറവി, കഴകം, ഈ പുഴയും കടന്ന്, നീലത്താമര തുടങ്ങി നിരവധി സിനിമകളിലെ അഭിനയത്തിലൂടെയും അദ്ദേഹം മികച്ച നടനെന്നു തെളിയിച്ചു.
ആര്‍.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: