ഭാരതം കണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗെന്ന് എല്‍.കെ.അദ്വാനി ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെക്കുറിച്ച് കുറച്ചുകൂടി കാഠിന്യം കുറഞ്ഞ പ്രയോഗങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി അപേക്ഷിക്കുന്നതിന്റെ ദയനീയ ചിത്രം. ഇത് രാഷ്ട്രീയ അഭിപ്രായമാണെന്നും കാര്യങ്ങള്‍ നേരെചൊവ്വേ പറയുന്നത് കഠിന പദപ്രയോഗമാണെങ്കില് കുറ്റം ഏറ്റുപറയാമെന്നും അദ്വാനി സമ്മതിക്കുകയാണ്. എന്നാല്‍ മന്‍മോഹന്‍സിംഗെന്ന പ്രധാനമന്ത്രി കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം 2ജി സ്പെക്ട്രം കേസില്‍ ഉണ്ടാകുകയില്ലായിരുന്നുവെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തെക്കുറിച്ച് സിംഗ് മൗനം പാലിക്കുകയാണെന്ന് അദ്വാനി ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കെതിരെ ഭാരതീയ ജനതാപാര്‍ട്ടിയുടെ മനസാക്ഷിയായ ശ്രീ. എല്‍.കെ.അദ്വാനിയുടെ ധന്യജീവിതത്തിലേക്ക്.
അവിഭക്ത ഭാരതത്തിലെ കറാച്ചിയില്‍ 1927 നവംബര്‍ 8 ന് കിഷന്‍ചന്ദ് അദ്വാനിയുടെയും ഗ്യാനി ദേവിയുടെയും മകനായി ലാല്‍കൃഷ്ണ അദ്വാനി ജനിച്ചു. 1936 മുതല്‍ 1942 വരെ കറാച്ചി സെന്റ് പാട്രിക് സ്കൂളില്‍ വിദ്യാഭ്യാസം. 1942 മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനായി. 1943-ല്‍ സംഘത്തിന്റെ പ്രഥമവര്‍ഷ ശിബിരത്തിലും 1946-ല്‍ മൂന്നാംവര്‍ഷ ശിബിരത്തിലും പങ്കെടുത്തു. ഡി.ജി. നാഷണല്‍ കോളേജില്‍നിന്ന് ബിരുദമെടുത്തു. ഇതിനിടെ 17-ാം വയസില്‍ കറാച്ചിയിലെ മോഡല്‍ സ്കൂളില്‍ അല്‍പ്പകാലം അധ്യാപകനായിരുന്നു. ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയ, മനസ്സില്‍ മുറിവേറ്റ അഭയാര്ത്ഥികളിലൊരാളായി. 1947-ല്‍ രാജസ്ഥാനിലെ മേവാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു. 1951-ല്‍ സ്വര്‍ഗീയ ശ്യാമപ്രസാദ് മുഖര്‍ജി ആരംഭിച്ച പുതിയ രാജനൈതിക തരംഗമായ ജനസംഘത്തില്‍ ആകൃഷ്ടനായി. ഇതിനിടെ മുംബൈ ലോ കോളേജില്‍നിന്ന് നിയമബിരുദവുമെടുത്തു. 1960 മുതല്‍ 1967 വരെ ‘ഓര്‍ഗനൈസര്‍’ എന്ന ദേശസ്നേഹം അലയടിക്കുന്ന പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി പത്രപ്രവര്‍ത്തനരംഗത്തെത്തി. ഈ കാലഘട്ടത്തില്‍ ദല്‍ഹി മെട്രോ പൊളിറ്റിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സര്‍വ്വസമ്മതനായ അദ്വാനി 1970-ല്‍ രാജ്യസഭാംഗമായി. 1974-76 കാലഘട്ടത്തില്‍ അദ്ദേഹം രാജ്യസഭയിലെ ജനസംഘത്തിന്റെ നേതാവായിരുന്നു. 1985-ല്‍ അദ്വാനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം അദ്ദേഹത്തെ ജനസംഘം പ്രസിഡന്റാക്കി. രാജ്യം ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കാലമായിരുന്നു അത്. ജനാധിപത്യധ്വംസനം നടത്തിയ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ കാളരാത്രികള്‍ക്കുശേഷം ജയപ്രകാശ് നാരായണന്റെ ധാര്‍മിക നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം ഇവര്‍ കൂടിച്ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപീകരിച്ചു. 1977-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാ സഖ്യകക്ഷികള്‍ വന്‍ വിജയം നേടുകയും മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാകുകയും ചെയ്തു. ഈ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി അദ്വാനി ക്യാബിനറ്റ് പദവിയിലെത്തി. ഇതിനിടയില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പാര്‍ട്ടി ഭരണഘടനയുമായി യോജിച്ച് പോകാന്‍ അര്‍ഹതയില്ല എന്ന് ചില സഖ്യകക്ഷികള്‍ നിലപാടെടുത്തു. ഇതിനെത്തുടര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിക്കപ്പെട്ടു. 1986-ല്‍ എല്‍.കെ.അദ്വാനി ബിജെപി പ്രസിഡന്റായി. 1989-ല്‍ വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ബിജെപി അതിനെ പുറമേനിന്ന് പിന്തുണ നല്കി. 1989 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1999 മുതല്‍ 2004 വരെ ദേശീയസഖ്യം അധികാരത്തിലെത്തിയപ്പോള്‍ അദ്വാനി ഭാരതത്തിന്റെ ആഭ്യന്തരമന്ത്രിയായി 2004 വരെ തുടര്‍ന്നു. 2002 മുതല്‍ 2004 വരെ അദ്ദേഹം ഉപപ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നു. 2004 മുതല്‍ 2009 വരെ ലോക്സഭയില്‍ അദ്വാനി പ്രതിപക്ഷ നേതാവായി. 2005 ഡിസംബറില്‍ മുംബൈയില്‍ നടന്ന ബിജെപിയുടെ സില്‍വര്‍ജൂബിലി സമ്മേളനത്തില്‍ പ്രസിഡന്റ് പദം അദ്ദേഹം രാജ്നാഥ് സിംഗിന് കൈമാറി.
ജനങ്ങളില്‍ പാര്‍ട്ടിയുടെ സന്ദേശമെത്തിക്കാനായി അദ്വാനി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. 1990-ല്‍ സോമനാഥം മുതല്‍ അയോധ്യവരെ നടത്തിയ രഥയാത്ര ശ്രീരാമജന്മഭൂമി പ്രശ്നം ജനങ്ങളിലെത്തിക്കാനായിരുന്നു. 1993-ല്‍ രാജ്യത്തിന്റെ നാല് കോണുകളില്‍നിന്നും മതബില്ലുകള്ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ജനസന്ദേശയാത്ര തുടങ്ങി. 2006-ല്‍ ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷാ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഭാരത സുരക്ഷാ യാത്രയാരംഭിച്ചു.
2011 ഒക്ടോബര്‍ 11 മുതല്‍ ബീഹാറില്‍നിന്നും ആരംഭിച്ച് 7600 കി.മീ. സഞ്ചരിച്ച് നവംബര്‍ 20 ന് ദല്‍ഹിയില്‍ റാലിയോടെ സമാപിക്കുന്ന അഴിമതിവിരുദ്ധ ജനചേതനയാത്ര രാജ്യത്തിനാകെ അപമാനമായ അഴിമതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും അതിനെതിരെയുള്ള നിലപാടുകളില്‍ സഹകരിപ്പിക്കാനും വേണ്ടിയാണ്.
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഭരണത്തിലുള്ളവര്‍ക്ക് സ്തുതിപാടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. മറ്റാരും രംഗത്ത് ഇല്ലാതിരുന്നതിനാല്‍ റേഡിയോ-ടെലിവിഷന്‍ മേഖല സര്‍ക്കാര്‍ ജിഹ്വകളായി അധഃപതിച്ചിരുന്നു. ഈ രംഗത്ത് ധാരാളം സ്ഥാപനങ്ങള്‍ നിലവില്‍ വന്നതോടെ സ്ഥിതിഗതി ആകെ മാറിയിരിക്കുന്നു. പക്ഷേ എന്തൊക്കെപ്പറഞ്ഞാലും ഇന്നും സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഭരണപക്ഷത്തിന്റെ പ്രചാരകരാണ്. ഈ അവസ്ഥയില്‍നിന്ന് ദൂരദര്‍ശനേയും ഓള് ഇന്ത്യാ റേഡിയോയേയും മോചിപ്പിക്കുന്നതിനായി അദ്വാനി ശ്രമിച്ചു. ഇവയ്ക്ക് സ്വയംഭരണാധികാരം നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രശസ്ത മാധ്യമ വിദഗ്ധനായ ബി.ജി.വര്‍ഗീസ് അധ്യക്ഷനായ കമ്മറ്റിയെ നിയോഗിച്ചു. പ്രസാര്‍ ഭാരതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അത് പാസാക്കാന്‍ കഴിഞ്ഞില്ല. ഈ ബില്ല് അദ്വാനിയുടെ നിഷ്പക്ഷതക്കും ദീര്‍ഘവീക്ഷണത്തിനും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.
2002 ഡിസംബര്‍ 13 ന് അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് പാര്‍ലമെന്റില്‍ ഭീകരാക്രമണം നടക്കുന്നത്. ഇതിനെതിരെയുള്ള നടപടികള്‍ സ്വീകരിക്കാനും അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തിന്റെ നിലപാടുകള്‍ക്ക് അംഗീകാരം ലഭിക്കാനും അദ്വാനിയുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. ഭീകരവാദത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ അഭിപ്രായസമന്വയം സൃഷ്ടിക്കാനും ഈ സംഭവത്തിനായി.
നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നപോലെ ആ വ്യക്തിത്വത്തില്‍ വിഷയത്തെക്കുറിച്ചുള്ള ഗാഢമായ അറിവ്അതീവ കൃത്യവും ഹൃദ്യവുമായ പ്രതിപാദനരീതി, എന്ത്, എപ്പോള്‍, എങ്ങനെ ചെയ്യണമെന്ന വ്യക്തമായ അവബോധവും അത് നിര്‍വഹിക്കാനുള്ള കഴിവും, ഈ ഗുണങ്ങള്‍ മൂലം തന്റെ പാര്‍ട്ടിയെ ഉയരങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്തകള്‍ ക്ഷണനേരംകൊണ്ട് പ്രവര്ത്തനപഥത്തിലെത്തിക്കുന്ന ഈ ധന്യജീവിതം ഇനിയും അനേകം ഭാരതീയര്‍ക്ക് പ്രചോദനമാകട്ടെ.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: