മറയൂര്‍ മണ്‍മണത്തില്‍ അധ്വാനത്തിന്റേയും വിയര്‍പ്പിന്റേയും അതിനെല്ലാമുപരി തീവ്രമായ ആരാധനാസമ്പ്രദായങ്ങളുടേയും ഈറന്‍ സ്പര്‍ശമുണ്ട്.
തലമുറകളായി തൊഴില്‍ തേടിയെത്തിയ ജനപഥങ്ങളെ അധിവസിപ്പിച്ചുകൊണ്ട് മറയൂര്‍ ‘കോട’നാട്ടില്‍ പുതിയ സംസ്കൃതികള്‍ വേരൂന്നിയെങ്കിലും ആദിമഗോത്രസംസ്ക്കാരത്തിന്റെ – ജീവിതത്തിന്റെ – നിഗൂഢഗേഹങ്ങള്‍ ഇന്നും മഞ്ഞും ഇളംവെയിലും കൊണ്ട് പുതച്ചിരിക്കുന്നു.
തേയിലയുടെ വീര്യം വേരുറയ്‌ക്കും മുമ്പുതന്നെ മലമടക്കുകളുടെ ഈ മണ്ണില്‍ അനുഷ്ഠാനപരതയുടെ ഉര്‍വരതകള്‍ മണ്ണടരുകളിലൂടെ ജനിമൃതികളിലേയ്‌ക്ക് വ്യാപിച്ചിരുന്നു. മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, കോവൂര്‍ ഗ്രാമങ്ങള്‍ ഇന്നും പാര മ്പര്യത്തിന്റെ പ്രഹേളികകളില്‍ അഭിരമിക്കുകയും അതില്‍ അനാദിയായ വിശ്വാസങ്ങളെ ചേര്‍ത്ത് ഊറ്റംകൊള്ളുകയും ചെയ്യുന്നു.
കാറ്റിന് ഉലയ്‌ക്കാനാകാതെ കാലത്തിന് തകര്‍ത്തിടാനാകാതെ കുന്നിന്‍ നെറുകകളില്‍ ഇന്നും ഉയര്‍ന്നുനില്‍ക്കുന്ന ‘മുനിവാടങ്ങള്‍’ അഥവാ മുനിയറകള്‍ ഈ മലനാട് സംസ്കൃതിയുടെ ആദിമചിന്താസങ്കേതങ്ങളാകുന്നു. വാല്മീകങ്ങള്‍ക്ക് ബദലായി പരുപരുത്ത പാറപ്പലകകള്‍ കൊണ്ടാണ് ആദിമചിന്തകര്‍ – മുനിമാര്‍ – വിശ്രമസങ്കേതങ്ങള്‍ ഉണ്ടാക്കിയത്.
അറിയാതെ അസ്ഥിയിലേയ്‌ക്ക് തുളഞ്ഞുകയറുന്ന തണുപ്പിനെ ‘ചിതി’യില്‍ സൂക്ഷിച്ച അഗ്നി കൊണ്ടവര്‍ പ്രതിരോധിച്ചു. ജീവിതസത്യങ്ങളെ അവര്‍ പ്രകാശിപ്പിച്ചു. അങ്ങനെ പുറംലോകങ്ങള്‍ ഈ ഗോത്രസംസ്കൃതിയെ അടുത്തറിയുന്നതിനുമുമ്പ് തന്നെ ശക്തമായൊരു ജീവിതക്രമം ഈ തമിഴ്-മലയാളഗ്രാമങ്ങള്‍ രൂപപ്പെടുത്തിയെടുത്തിരുന്നു.
ഇവരുടെ പേച്ചുകളില്‍ തിരുക്കുറലുണ്ട് – വാല്മീകി – വ്യാസമുനിമാരുടെ ഇതിഹാസ ഈരടികളുണ്ട്. ഊരും പേരും നിശ്ചയമില്ലാത്ത തത്വജ്ഞാനികളുടെ ഉദ്ബോധനങ്ങളുണ്ട്.
അതിന്റെ ഉള്‍പ്രേരണകൊണ്ടിവര്‍ മണ്ണില്‍ പണിയെടുക്കുന്നു. കോടമഞ്ഞ് ജലമണികളായി രൂപപ്പെടുമ്പോള്‍ അതില്‍ തങ്ങളുടെ അധ്വാനത്തിന്റെ ഉപ്പുകലരുന്നത് അവര്‍ ആത്മാഭിമാനത്തോടെ കാണുന്നു. മലമടക്കുകളിറങ്ങിപ്പോകുമ്പോള്‍ പാതകള്‍ ചെന്നെത്തുന്നത് തങ്ങള്‍ക്ക് അന്യമായ ദേശങ്ങളിലേയ്‌ക്കാണെന്നും അവിടുത്തെ ജീവിതങ്ങള്‍ക്കാണ് തങ്ങളുടെ അധ്വാനഫലങ്ങള്‍ എത്തിക്കുന്നതെന്നും അവര്‍ ഓര്‍ക്കുന്നുണ്ട്. സാഹോദര്യത്തിന്റെ – മാനവികതയുടെ – “ഇദം ന മമ” എന്ന മധുരപദം അവരുടെ ഹൃത്തില്‍ ഉറവുകൊള്ളുന്നുണ്ട്.
“ഇദം ന മമ” – രാമചന്ദ്രനും ഒരിക്കല്‍ ഇങ്ങനെ ഉരുവിട്ടു, തന്റെ ഇത്തിരിക്കഷ്ണം മണ്ണിനെ സമാജത്തിന് വിട്ടുകൊടുത്തുകൊണ്ട്. കരിമ്പു വിളയുന്ന പാടങ്ങള്‍. ചന്ദനക്കാറ്റുകൊണ്ടുവരുന്ന വനങ്ങള്‍. പത്തരമാറ്റ് കാരറ്റും ഉരുളക്കിഴങ്ങും വിളയുന്ന വളക്കൂറുള്ള മണ്ണ്. ശര്‍ക്കരപ്പാവിന്റെ രുചി. അതിനിടയില്‍ തല ചായ്‌ക്കാനൊരിടം. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ രാമനും. പ്രിയതമയുടെ വേര്‍പാട് ഉള്ളുലച്ചപ്പോഴും വേച്ചുവീഴാതെ പിടിച്ചുനിന്ന ആ യുവാവ് തന്റെ അരുമകളായ രണ്ട് പെണ്‍മക്കളെ മാറോട് ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു: “കാടുകളില്‍ കുടികളില്‍ അനാഥത്വവും നിരാശ്രയതയും ദാരിദ്ര്യവും വേട്ടയാടുന്ന പൈതങ്ങളുണ്ട്.
അവരും എന്റെ മക്കളാണ്. അവരേയും പോറ്റേണ്ടതുണ്ട്…..” മലമടക്കുകളില്‍ത്തട്ടി പ്രതിദ്ധ്വനിച്ച് ആ വാക്കുകള്‍ തിരിച്ചുവരുമ്പോഴേയ്‌ക്കും ആ മോഹം ഏറ്റെടുക്കാന്‍ ആളുണ്ടായി. അധികമാരുമില്ല, ദൃഢചിത്തരായ കുറച്ചുപേര്‍മാത്രം. – എക്കാലത്തും സാമൂഹ്യപരിവര്‍ത്തനത്തിന് നാന്ദി കുറിച്ചിട്ടുള്ളത് വലിയ ആള്‍ക്കൂട്ടങ്ങളല്ലല്ലോ! – രാമചന്ദ്ര ബാലികാ സദനം പിറവികൊള്ളുകയായിരുന്നു.
ഉള്‍വനങ്ങളിലൂടെ നടന്ന് കിതപ്പാറ്റാന്‍ കാട്ടുപാതകളില്‍ നിന്ന് ചോലകളില്‍ നിന്ന് ജീവജലം നുകര്‍ന്ന് ഒരു പറ്റം സേവാവ്രതികള്‍ അന്നുമുതല്‍ യാത്ര തുടരുകയാണ്. വെറും മനുഷ്യക്കോലങ്ങളായ ശിശുക്കളെ മുതല്‍ അന്നം കണ്ട് കൊതിച്ച് അന്യമതസംസ്ക്കാരത്തിലേയ്‌ക്ക് എത്തിപ്പെട്ടവര്‍വരെ ഗോത്രസംസ്കൃതിയുടെ, ആര്‍ഷസംസ്കൃതിയുടെ ഊഷ്മളതയറിഞ്ഞ് അമ്മയുടെ മടിത്തട്ടിലേയ്‌ക്ക് കടന്നിരുന്നത് സേവനം വ്രതമാക്കിയെടുത്ത യുവതികളുടെ നിറസാന്നിദ്ധ്യത്തിലൂടെയാണ്.
ഒന്ന് മാറിനിന്ന് കണ്ണോടിച്ചാല്‍ കാണാം – അവരില്‍ നിറഞ്ഞു നില്‍ക്കുന്ന മാതൃത്വത്തെ. അതെന്റെ ഉടപ്പിറന്നവളാണല്ലോ, കളിക്കൂട്ടുകാരിയാണല്ലോ എന്നൊക്കെ തോന്നിപ്പോകുന്ന അനുഭവനിമിഷങ്ങള്‍ ആ പാദസ്പര്‍ശത്തിന് ആരേയും കളങ്കമെന്യേ പ്രേരിപ്പിക്കും. ബാലബാലികാസദനങ്ങളുടെ പ്രാണനാണിവര്‍.
രണ്ട് പതിറ്റാണ്ടിലേറെയായി, രാമചന്ദ്രേട്ടന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനായി വ്രതം നോറ്റ് യജ്ഞനിരതരായിട്ടുള്ളത് ഇവര്‍തന്നെയാണ്. ഇരുപതോളം പേരാണ് ഈ ബാലികാസദനത്തില്‍ ഇന്ന് ജീവിതം നെയ്തുകൊണ്ടിരിക്കുന്നത്. ഉണ്ണിക്കണ്ണനെപ്പോലെ മുട്ടിലിഴഞ്ഞെത്തുന്ന ശൈശവം മുതല്‍ ഉന്നതബിരുദത്തിന് പഠിക്കുന്ന തരുണി വരെ ഏകോദരസഹോദരികളായി രാമചന്ദ്ര ബാലികാസദനത്തില്‍ കഴിയുന്നു.
മലനാട്ടിലെ അഞ്ച് ഊരുകളില്‍നിന്ന്, വനനിഗൂഢസ്ഥലികളില്‍നിന്ന്, ഈറന്‍തോരാത്ത കാടുകളില്‍ നിന്ന് സ്വര്‍ണ്ണത്തൊറിയിട്ട പൂമ്പാറ്റകളെപ്പോലെ തുമ്പികളെപ്പോലെ കുഞ്ഞാറ്റക്കുരുവികളെപ്പോലെ ബാല്യങ്ങള്‍ അക്ഷരം പെറുക്കാന്‍ മറയൂര്‍ സരസ്വതീ വിദ്യാനികേതനില്‍ എത്തുന്നു.കളിച്ചും രസിച്ചും പഠിച്ചും നാലാം ക്ലാസ്സ് പിന്നിടുന്നതോടെ ഇവരെ സേവാഭാരതിയുടെ വിവിധ സേവാകേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റിച്ചേര്‍ക്കുന്നു. അഭിരുചിയും കഴിവും അനുസരിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തേയ്‌ക്ക് സേവാവ്രതികള്‍ അവരെ ആനയിക്കുന്നു.
രാമചന്ദ്രന്റേയും സഹധര്‍മ്മിണിയായിരുന്ന രാധാമണിയുടേയും മക്കളായ അമ്പിളിയുടേയും ചന്ദ്രികയുടേയും വീട് സേവനപ്പാതയിലെ നാഴികക്കല്ലാണിന്ന്. താന്‍ സ്വപ്നം കണ്ട സ്ഥാപനം വളര്‍ന്ന് പന്തലിക്കുന്നത് കാണാന്‍ രാമചന്ദ്രന്‍ ജീവിച്ചിരിപ്പില്ലെങ്കിലും ആ അദൃശ്യസാന്നിദ്ധ്യം സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാണ്. ആ പ്രചോദനത്തില്‍ നിന്നുയിര്‍കൊണ്ടതാണ് സരസ്വതീ വിദ്യാനികേതന്റെ കെട്ടിടവും ബാലികാസദനത്തിന്റെ പുതിയ മന്ദിരവും. സമാജത്തിന്റെ സേവാഭാവം കവിഞ്ഞൊഴുകിയതിലൂടെ നിറഞ്ഞൊഴുകിയ നിധിസാമാഹരണമാണ് ഈ പുതിയ മന്ദിരം ഉയര്‍ന്നുവരാന്‍ കാരണമായത്.
ദീപാവലിയുടെ പ്രഭാപൂരത്തിനിടയിലെ ഗൃഹപ്രവേശത്തിലൂടെ പ്രകാശമാനമാകാന്‍ ആ മന്ദിരം ഇന്ന് ഒരുങ്ങിയിരിക്കുകയാണ്. ആ ഗൃഹപ്രവേശം ബാലികാസദനത്തിനെ പുത്തന്‍ ഭാവുകത്വത്തിലേയ്‌ക്ക് ഉയര്‍ത്തുകയാണ്. മറയൂരിലെ ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സാംസ്ക്കാരികകേന്ദ്രവും കൂടിയാണ്. തങ്ങളുടെ സംസ്കൃതിയെ തുടച്ചുനീക്കാനെത്തുന്നവര്‍ക്കെതിരെയുള്ള ജാഗരൂകതയും ചെറുത്തുനില്‍പ്പും അതിജീവനവും ഇവിടെനിന്നാണവര്‍ക്ക് പകര്‍ന്നുകിട്ടുക. അക്കാര്യത്തില്‍ എക്കാലത്തേയും പ്രചോദനസ്രോതസ്സായി രാമചന്ദ്രബാലികാസദനം അവര്‍ക്കുമുന്നില്‍ നിറദീപമായി നിലനില്‍ക്കുമെന്നതുറപ്പാണ്.
തൃശ്ശിവപുരം മോഹനചന്ദ്രന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: