കൊച്ചി: ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയുടെ വര്‍ധിത സംസ്കരണശേഷിയും ആധുനിക സംവിധാനങ്ങളും കേന്ദ്ര പെട്രോളിയം പ്രകൃതിവാതകമന്ത്രി ജയ്പാല് റെഡ്ഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര പ്രവാസികാര്യ, വ്യോമയാന മന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിച്ചു.
കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ സി വേണുഗോപാല്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ എം മാണി, എക്സൈസ്, തുറമുഖ മന്ത്രി കെ ബാബു, എം പി മാരായ കെ പി ധനപാലന്, പി രാജീവ്, ഡോ ചാള്‍സ് ഡയസ്, വി പി സജീന്ദ്രന് എം എല്‍ എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അയ്യപ്പന്‍കുട്ടി, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് രമ സാജു, തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ചാക്കോ എന്നിവര്‍ സംസാരിച്ചു.
4000 കോടി രൂപ മുതല്‍മുടക്കി കൊച്ചി റിഫൈനറി നടപ്പാക്കിയ രണ്ടാംഘട്ട വികസന, ആധുനീകരണ പദ്ധതി കേരളത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന ഇന്ധനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് 75 ലക്ഷം ടണ്ണില്‍ നിന്ന് 95 ലക്ഷം ടണ്ണിലേക്കുള്ള ഈ പ്രതിവര്‍ഷ സംസ്കരണശേഷി വികസന പദ്ധതി കാരണമാകും. പദ്ധതിപൂര്ത്തീകരണത്തോടെ ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങള്‍ക്ക് യൂറോ-3, യൂറോ-4 നിലവാരം കൈവരും.
ഇപ്പോള്‍ നടത്തിയ 20 ലക്ഷം ടണ്‍ സംസ്കരണശേഷി വര്‍ധനയ്ക്കൊപ്പം തന്നെ നിലവിലുള്ള സംസ്കരണയൂണിറ്റുകളില് ഒന്നിന്റെ ആധുനീകരണവും പദ്ധതിയുടെ ഭാഗമായിരുന്നു.
വാക്വം ഗ്യാസ് ഓയില്‍ ഹൈഡ്രോ ഡീ സള്‍ഫറൈസേഷന്‍ (വി ജി ഒ എച്ച് ഡി എസ്) യൂണിറ്റ്, കണ്ടിന്യുവസ് കാറ്റലിസ്റ്റ് റീ ജനറേഷന് യൂണിറ്റ്, നാഫ്ത ഹൈഡ്രോ ട്രീറ്റര്‍ യൂണിറ്റ്, സള്‍ഫര്‍ റിക്കവറി യൂണിറ്റ് എന്നീ പുതിയ സംവിധാനങ്ങള്‍ സ്ഥാപിച്ചു. 36 മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതിനിലയവും ഇതിന്റെ ഭാഗമാണ്. ബോയിലറുകള്‍, ഉല്പന്ന സംഭരണ നീക്ക സംവിധാനങ്ങള്‍ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.
ഇന്ധനനിലവാരമുയര്ത്തുന്നതിനും അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും ഇപ്പോള്‍ പൂര്‍ത്തീകരിച്ച സംവിധാനങ്ങള്‍ സഹായകമാകും. ഇതൊടെ പെട്രോളില്‍ നിലവിലുള്ള 500 പി പി എമ്മില്‍ നിന്ന് സള്‍ഫര്‍ 150 പി പി എമ്മായും (യൂറോ-3) 50 പി പി എമ്മായും (യൂറോ-4) കുറയ്ക്കാന്‍ സാധിക്കും. രണ്ടിലും പെട്രോളില്‍ ബെന്‍സീന്റെ അളവ് 5 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി കുറയും. എഞ്ചിന് ക്ഷമത വര്‍ധിപ്പിക്കാന്‍ ഒക്ടേന്‍ നമ്പര്‍ 88-ല്‍ നിന്ന് 91-ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
5.5 ഏക്കര്‍ വിസ്തൃതിയുള്ള പരിസ്ഥിതി പാര്‍ക്കും 126 ഹെക്ടര്‍ ഗ്രീന്‍ബെല്‍റ്റും, രണ്ടുലക്ഷം കിലോലിറ്റര്‍ ശേഷിയുള്ള മഴവെള്ളസംഭരണിയും കൊച്ചി റിഫൈനറി പരിപാലിക്കുന്നുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഇക്കൊല്ലത്തെ ‘എക്സലന്‍സ്’ അവാര്‍ഡ് നേടിയതും കൊച്ചി റിഫൈനറിയാണ്. 14,058 കോടി രൂപ ആസ്തിയും 2010-11-ല്‍ 1,63,218 കോടി രൂപ വിറ്റുവരവുമുള്ള ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഭാരത് പെട്രോളിയത്തിന് മുംബൈയില്‍ 120 ലക്ഷം ടണ്‍ പ്രതിവര്‍ഷ സംസ്കരണശേഷിയുള്ള മറ്റൊരു റിഫൈനറി കൂടിയുണ്ട്. 30 ലക്ഷം ടണ്‍ ശേഷിയുള്ള ആസ്സാമിലെ നുമാലിഗര്‍ റിഫൈനറി ഭാരത് പെട്രോളിയത്തിന്റെ ഉപകമ്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: