കൊച്ചി: കൊച്ചി എല്‍ എന്‍ ജി ടെര്‍മിനല്‍ അടുത്ത വര്‍ഷം കമ്മീഷന് ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജെയ്പാല് റെഡ്ഡി. ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ വളരെ പ്രധാനപ്പെട്ടതുമായ ലിക്യുഫൈഡ് നാച്ച്യൂറല്‍ ഗ്യാസ് ടെര്‍മിനലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയിലെ ആധുനിക സംവിധാനങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരദ്വീപില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭട്ടിന്‍ഡയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും 1500 ലക്ഷം ടണ്ണും 90 ലക്ഷം ടണ്ണും ശേഷിയുള്ള പുതിയ റിഫൈനറികള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 4,200 കോടി രൂപ മുടക്കുന്ന പദ്ധതി അടുത്ത വര്‍ഷം സപ്തംബറില്‍ പൂര്‍ത്തിയാകും. 18 എം എം എസ് സി എം ഡി ശേഷിയുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രകൃതിവാതക അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്ക് വലിയൊരു അനുഗ്രഹമാകും. 4000 കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചി റിഫൈനറിയില്‍ നടപ്പാക്കിയ വികസന നവീകരണ പദ്ധതി കേരളത്തിലെ തന്നെ ഏറ്റവുംവലിയ പദ്ധതികളിലൊന്നാണെന്ന് ജയ്പാല് റെഡ്ഡി പറഞ്ഞു. വര്‍ദ്ധിച്ച ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ 75ലക്ഷം ടണ്ണില്‍ നിന്ന് 95 ലക്ഷം ടണ്ണിലേക്കുള്ള വികസ ന പദ്ധതികൊണ്ടുകഴിയും. കൊച്ചി റിഫൈനറിയുടെ ഇപ്പോഴത്തെ വികസനത്തോടെ ബി പി സിഎല്ലിന്റെ മൊത്തം സംസ്കരണ ശേഷി 305 ടണ്ണായി വര്‍ദ്ധിച്ചതായി മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മൊത്തം പ്രതിവര്‍ഷ സംസ്കരണ ശേഷി 1933 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചതായി മന്ത്രി വെളിപ്പെടുത്തി. അടുത്തവര്‍ഷം ഇത് 2300 ലക്ഷം ടണ്ണാകുമെന്നാണ് പ്രതീക്ഷയെന്നും ജയ്പാല് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. നവീകരണത്തോടെ യൂറോ 3, 4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ധനങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി കൊച്ചി റിഫൈനറിക്കു കൈവന്നു. രാജ്യത്തൊട്ടാകെ ഇന്ധനങ്ങളുടെ ഏകീകൃത ഗുണനിലവാരം ഏകീകരിക്കുന്നതിനായി 2015ഓടെ 50 നഗരങ്ങളിലേക്കുകൂടി ബി.എസ്-4, പെട്രോളും ഡീസലും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജയ്പാല് റെഡ്ഡി ചൂണ്ടിക്കാട്ടി. നടപ്പുവര്‍ഷം അസംസ്കൃത എണ്ണയുടെ വില ബാരലിന് ഏതാണ് 111 ഡോളറിലെത്തിയിരിക്കുന്നു. ഇപ്പോള്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ പ്രതിദിനം 272 കോടി രൂപ യുടെ കടബാധ്യത നേരിടുന്നു. 2011-12ല്‍ ബാധ്യത ഏതാണ്ട് 1,21,000 രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോളറിന്റെ വിലയിടിവും പ്രതികൂലമാണ്. ഇത് നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല. കേരളത്തില്‍ സാക്ഷരതാ നിരക്ക് കൂടുതലാണെന്നതു പോലെ തന്നെ ഇന്ധനത്തിന്റെ ഉപയോഗവും കൂടുതലാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് വര്‍ധിച്ചു വരുന്ന എണ്ണവില നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ചടങ്ങില്‍ ആദ്യം സംസാരിച്ച മന്ത്രി കെ എം മാണിയും പി രാജീവ് എം പിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിലവര്‍ധന തങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ലെന്നും എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നുമുള്ളതിന്റെ വിശദീകരണങ്ങള്‍ നല്‍കുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം.പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം താപനിലയങ്ങളില്‍ ഉപയോഗിക്കുന്ന നാഫ്തക്ക് ഏര്‍പ്പെടുത്തുന്ന കാര്യം പെട്രോളിയം മന്ത്രാലയം പരിഗണിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. നിലവില്‍ നാഫ്തക്ക് അന്താരാഷ്ട്ര വിലമാറ്റങ്ങള്‍ക്ക് അനുസരിച്ച് വില ഉയരുന്നതിനാല്‍ എന്‍ ടി പിസിയുടെ താപനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിയുടെ വില വളരെ ഉയര്ന്നിരിക്കുകയാണെന്നുംചുണ്ടിക്കാട്ടിയായിരുന്നു കെ സി വേണുഗോപാലിന്റെ ഈ ആവശ്യം.
അതേ സമയം കൊച്ചിന് റിഫൈനറിയുടെ ശേഷി 15.5 മില്യന്‍ മെട്രിക് ടണ്‍ പര് ആന്നം ആക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വര്‍ഷത്തേക്ക് വില്പന നികുതി ഒഴിവാക്കണമെന്ന റിഫൈനറിയുടെ ആവശ്യത്തില്‍ അടുത്തുതന്നെ അനുകൂലമായ തീരുമാനമുണ്ടാവുമെന്ന് ചടങ്ങില്‍ സംസാരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ആവശ്യം സംബന്ധിച്ച് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: