മരട്: ഭൂമാഫിയകളുടെ അനധികൃത ഭൂമി ഇടപാടുകാര്‍ക്ക് കൂട്ടുനിന്നതായി ആരോപിക്കപ്പെട്ടിരുന്ന കുമ്പളം വില്ലേജ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ജില്ലാ അതിര്‍ത്തിയായ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലുള്ള വില്ലേജ് ഓഫീസിലേക്കാണ് കുമ്പളം വില്ലേജ് ഓഫീസര്‍ ഒ.ജി. ശിവദാസനെ സ്ഥലം മാറ്റിയിരിക്കുന്നത്. ആര്‍ഡിഒയുടെ ഉത്തരവുപോലും നടപ്പിലാക്കാതിരിക്കുകയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്തതായി വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
കുമ്പളം സ്വദേശിതന്നെയായ ശിവദാസന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ വില്ലേജ് ഓഫീസറായി തുടര്‍ന്നുവരികയായിരുന്നു. കായലുകളും നെല്‍വയലുകളും നിറഞ്ഞതാണ് കുമ്പളം വില്ലേജിന് കീഴിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും. കഴിഞ്ഞകാലങ്ങളില്‍ പഞ്ചായത്തിലെ പനങ്ങാട്, ചേപ്പനം പ്രദേശങ്ങളില്‍ കായല്‍ കയ്യേറ്റവും കണ്ടല്‍ നശീകരണവും വ്യാപകമായിരുന്നു. ഇതിന് പുറമെ അനധികൃത നികത്തലും പുറംപോക്ക് കയ്യേറ്റവും ഒട്ടേറെയായിരുന്നു. ഇതിനൊക്കെ വില്ലേജ് ഓഫീസര്‍ ഒത്താശ ചെയ്യുകയായിരുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു.
വില്ലേജ് ഓഫീസറുടെ വഴിവിട്ട നടപടികള്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്കും, ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒക്കും മറ്റും നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. ഇത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകരെ കോടതികയറ്റുമെന്ന് വില്ലേജ് ഓഫീസര്‍ ഭീഷണിയും മുഴക്കിയിരുന്നു. പ്രശ്നക്കാരനായ ഇയാളെ ഫോറസ്റ്റ് റേഞ്ച് അതിര്‍ത്തിയിലെ കുട്ടമ്പുഴയിലേക്കാണ് സ്ഥലംമാറ്റിക്കൊണ്ട് ഇന്നലെയാണ് ഉത്തരവിറങ്ങിയത്. പകരം പുതിയ വില്ലേജ് ഓഫീസറായി സലില കുമാര്‍ കുമ്പളത്ത് ഇന്ന് ചാര്‍ജ്ജെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: