പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തന്നെയാണ് പ്രാധാന്യം. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെയാവണമെന്നില്ല. പക്ഷേ സ്വതന്ത്രന്മാര് ഭൂരിപക്ഷം നേടി ജയിച്ച പാരമ്പര്യം നമ്മുടെ മുന്നിലില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും സര്‍വതന്ത്ര സ്വതന്ത്രന്മാര് ജയിച്ചിരിക്കാം. അവര്‍ ഭരണത്തിലെത്തുകയോ ഭരണം നിയന്ത്രിക്കുകയോ ചെയ്തെന്നുമിരിക്കാം. എന്നാലും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് വമ്പന്മാര്. അതിനര്‍ഥം ജനങ്ങള്‍ എന്തു ഭക്ഷിക്കണം ? പച്ചരി ചോറുവേണോ പുഴുക്കലരി വേണോ ? ഏതു ജലം കുടിക്കണം ? ശുദ്ധവായുവാണോ അശുദ്ധവായുവാണോ ശ്വസിക്കേണ്ടത് ? എന്നൊക്കെ തീരുമാനിക്കപ്പെടുന്നതില്‍ നിര്‍ണായക പങ്ക് ഭരണക്കാര്‍ക്കുണ്ട്. എന്നുവച്ചാല്‍ രാഷ്ട്രീയക്കാര്‍ക്കുണ്ട്. അത്തരക്കാര്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരായാല് എല്ലാം തകിടം മറിയും. അതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഓരോ മനുഷ്യജീവനും ഏതാണ്ട് ഇരുപതിനായിരത്തോളം കടക്കാരനോ കടക്കാരിയോ ആണ്. ഒരു നേരത്തെ ആഹാരമോ മരുന്നോ ലഭിക്കാതെ ആദിവാസികള്‍ മരണപ്പെടുന്ന വാര്‍ത്ത കേരളത്തില്‍ നിന്നു തന്നെ ഉദ്ഭവിക്കുന്നു. സര്‍ക്കാരുണ്ടാക്കിയ കടത്തിനു പുറമെ വമ്പിച്ച തോതില്‍ വ്യക്തിഗത കടക്കാരാണ് മഹാഭൂരിപക്ഷം മലയാളികളും. ബ്ലേഡ് മാഫിയയും അവയെ കടത്തിവെട്ടുന്ന സ്വകാര്യ പണിടപാടുകാരും സ്വകാര്യ ബാങ്കുകളുമൊക്കെ കടക്കാരെ ഓടിച്ചിട്ടു പിടിച്ച് പിഴിഞ്ഞു കൊണ്ടിരിക്കുന്നു. അതില്‍ സഹികെട്ട് ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെ കണക്ക് നാള്‍ക്കുനാള്‍ കൂടുന്നു. കഴിഞ്ഞാഴ്ച കൊല്ലത്തെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തത് കടം പെരുകിയതിനാലാണെന്നാണ് വിവരം. ആത്മഹത്യയില്‍ മലയാളികളോട് മത്സരിക്കാന്‍ മറ്റാരുമില്ല. മദ്യപാനത്തിലെന്ന പോലെ ആത്മഹത്യയിലും കേരളം മുന്നിട്ടു നില്ക്കുന്നു.
സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് മലയാളികള്‍ ഏറെ കഷ്ടപ്പെടാന്‍ കാരണം എല്ലാവര്‍ക്കുമറിയാം. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തില്‍ കേരളം പിന്നിലാണ്. അരിയും ഗോതമ്പും പഴവര്‍ഗങ്ങളും പച്ചക്കറികളും കോഴിയും മുട്ടയും ആടും മാടും തോലും തുണിയും എന്നു വേണ്ട ഉണ്ണാനുള്ള ഇലയും പൂജയ്ക്കായുള്ള പൂവും അന്യസംസ്ഥാനത്തു നിന്നെത്തണം. പിന്നെ ഇവിടെ ഉത്പാദിപ്പിക്കുന്നതെന്ത് എന്നു ചോദിച്ചാല്‍ പണ്ട് പ്രമോദ് മഹാജന് പറഞ്ഞതോര്‍മ വരുന്നു ‘നഗ്നശരീരങ്ങള്‍’ മാത്രം. അതും പരിമിതപ്പെടുത്തണമെന്ന് ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍ രേഖപ്പെടുത്തിയപ്പോള്‍ പൊങ്ങി വന്ന പ്രതികരണങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുകയാണല്ലോ !
പ്രശ്നങ്ങളില്‍ നിന്നും കേരള ജനത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കാണാനും പ്രതിവിധി കണ്ടെത്താനും ബാധ്യതപ്പെട്ടവരാണ് ജനപ്രതിനിധികള്‍. അവരാണ് എംഎല്‍എമാര്‍. നിയമസഭാ വേദി ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമാണ്. കഴിഞ്ഞേടത്തോളം നിയമസഭാ നടപടികളിലെ പോക്കണക്കേടുകള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതൊന്നും ആവര്‍ത്തിക്കുന്നില്ല. അതിനിടയില്‍ സാമാജികരുടെ ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം വന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ഒരു കമ്മീഷന് വച്ചിരുന്നു. നിയമസഭാ സെക്രട്ടറിയായിരുന്ന ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനെ നിശ്ചയിച്ചത് കുവൈറ്റ് ചാണ്ടിയുടെ ഒരു സബ്മിഷനെ തുടര്‍ന്നാണ്. അത് ചാണ്ടിക്കു വേണ്ടിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നാലായിരവും നാല്പതിനായിരവും നാലുലക്ഷവുമൊക്കെ ചാണ്ടിക്ക് ആനയ്ക്ക് അമ്പഴങ്ങ പോലെയാണ്. ശതകോടീശ്വരനാണെന്നു പറഞ്ഞാല്‍ അദ്ദേഹത്തിനത് ഒരു അലങ്കാരമല്ലല്ലോ. ഏതായാലും ശമ്പളം കൂട്ടണമെന്ന ചാണ്ടിയുടെ നിര്‍ദേശം ഇരുപക്ഷത്തിനും നന്നേ ബോധിച്ചു. ചീഫ് സെക്രട്ടറിക്ക് സമമാണ് പ്രോട്ടോക്കോള്‍ അനുസരിച്ച് എംഎല്‍എയുടെ സ്ഥാനം. അപ്പോള്‍ ശമ്പളവും അങ്ങനെ വേണ്ടേ ? പാര്‍ലമെന്റംഗങ്ങള്‍ക്ക് ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തെക്കാള്‍ ഒരു രൂപ അധികം വേണമെന്നാണ് വാദിച്ചിരുന്നത്. ആ ന്യായം എംഎല്‍എമാര്‍ക്കും ബാധകമാണല്ലോ.
ഒരു പാര്‍ലമെന്റംഗത്തിന് ഓഫീസ് ചെലവ് പ്രതിമാസം പതിനാലായിരം രൂപ കിട്ടും. സ്റ്റേഷനറി ഇനങ്ങള്‍ക്ക് മൂവായിരം വേറെ. കത്തയയ്ക്കാന്‍ ആയിരം. സെക്രട്ടറി സര്‍വീസിന് പതിനായിരം. മണ്ഡല അലവന്‍സ് പതിനായിരം. പാര്‍ലമെന്റു കൂടുമ്പോള്‍ സിറ്റിംഗ് ഫീസ് അഞ്ഞൂറ് രൂപ ദിവസവും. യാത്രയ്ക്ക് കിലോമീറ്ററിന് എട്ടു രൂപ ബത്ത. ഇതാണ് നേരെ ഇരട്ടിയാക്കിയത്. ഭാര്യയോ സഹായിയോ ആയി രാജ്യത്ത് എവിടെയും തീവണ്ടിയില്‍ ഒന്നാം ക്ലാസില്‍ യാത്ര ചെയ്യാം. ഒരു വര്‍ഷം ഇതേ പോലെ നാല്പതു തവണ ബിസിനസ് ക്ലാസില്‍ വിമാനത്തിലും യാത്ര ചെയ്യാം. ദല്‍ഹി ഹൃദയഭാഗത്ത് ബംഗ്ലാവ്. അതില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കും. അരലക്ഷം യൂണിറ്റ് വൈദ്യുതി സൗജന്യം. ആവശ്യാനുസരണം വെള്ളവും ലഭിക്കും. അറ്റകുറ്റപ്പണികള്‍ വേറെയും. മൂന്ന് ഫോണുകള്‍ അതില്‍ 1.70 ലക്ഷം സൗജന്യ കോളുകളും കിട്ടും. അത്യന്താധുനിക ചികിത്സാ സഹായം ലഭിക്കുന്നതിനു പുറമെ ആകര്‍ഷകമായ പെന്‍ഷനും അര്‍ഹതയുണ്ട്. വ്യവസ്ഥാപിതമായ വരുമാനം പോലും ദുരുപയോഗം ചെയ്യുന്നതായി സിഎജി പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനപ്രതിനിധികള്‍ ഇതെല്ലാം അര്‍ഹിക്കുന്നതു തന്നെ. എംപിമാര്‍ക്കു കിട്ടുന്നതിന്റെ തോതനുസരിച്ച് എംഎല്‍എമാരും വാങ്ങുന്നതില്‍ തെറ്റില്ല.
എംഎല്‍എമാരുടെ പ്രതിമാസ അലവന്‍സ് 40,250 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ 20,300 രൂപയാണ്. മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളത്തിലാണ് കുതിപ്പ് വരാന്‍ പോകുന്നത്. ആയിരം രൂപയില്‍ നിന്ന് ഒറ്റയടിക്ക് പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. എംഎല്‍എമാരുടെ സ്ഥിരം അലവന്‍സ് 300ല്‍ നിന്ന് 8500 രൂപയായും മണ്ഡല അലവന്‍സ് 5000ത്തില്‍ നിന്ന് 6500 ആയും ഫോണ്‍ അലവന്‍സ് 5000ത്തില്‍ നിന്ന് 6500 ആയും വര്‍ധിക്കും. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് ഡ്രൈവര്‍ തുടങ്ങി എല്ലാ അലവന്‍സും വര്‍ധിക്കുന്നത് 8750 രൂപയാണ്. സെക്രട്ടറി അലവന്‍സ് 7500 രൂപയും വാഹനത്തിന് അഞ്ചു ലക്ഷം രൂപ പലിശ രഹിത അഡ്വാന്‍സും വീടിന് ചുരുങ്ങിയ പലിശ നിരക്കില്‍ പത്തു ലക്ഷവും ലഭിക്കും. പെട്രോള്‍-റെയില്‍വെ കൂപ്പണ്‍ വര്‍ഷത്തില്‍ 120000ത്തില്‍ നിന്ന് 1,44,000 ആയും ദിവസ അലവന്‍സ് 500ല്‍ നിന്ന് 750 ആയും കേരളത്തിനു പുറത്താണെങ്കില്‍ 600ല്‍ നിന്ന് 900 ആയും വര്‍ധിപ്പിക്കണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റോഡു മാര്‍ഗം കിലോമീറ്ററിന് ഏഴു രൂപ ബത്ത കിട്ടും. മിനിമം പെന്ഷന് 4000ത്തില്‍ നിന്ന് 6000 ആയും പരമാവധി പെന്ഷന് 25,000 ആയും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നാല്‍ പെന്ഷന് 10,000 ആയും ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്. ഏതായാലും എംഎല്‍എമാര്‍ വിലയേറിയവരായി മാറുകയാണ്. പക്ഷേ പെരുമാറ്റം മാത്രം വിലയില്ലാത്തതായി നാള്‍ക്കുനാള്‍ മാറുന്നതായാണ് അനുഭവം.
കമ്മീഷന് നിര്‍ദേശത്തെ നിയമസഭയ്ക്ക് അകത്തുള്ളതോ പുറത്തുള്ളതോ ആയ ഒരു പാര്‍ട്ടിയും എതിര്‍ക്കുന്നതായി പറഞ്ഞില്ല. പ്രതിദിനം ഇരുപതു രൂപ പോലും വരുമാനമില്ലാത്തവരും ജനപ്രതിനിധികളുടെ ഈ ഇരട്ടി മധുരത്തെ എതിര്‍ക്കാന്‍ തുനിഞ്ഞിട്ടില്ല. ഇത്രയൊക്കെ ഒരു എംഎല്‍എയ്ക്ക് വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. കാരണം അവര്‍ നിലകൊള്ളുന്നതും നിലവിളിക്കുന്നതും അവര്‍ക്കു വേണ്ടിയാണെന്നാണല്ലോ സങ്കല്പം. നിയമസഭ കൂടാന്‍ നിശ്ചയിച്ചാല്‍ ഭരണകൂടം ഒന്നടങ്കം ശ്രദ്ധിക്കുന്നത് അതു മാത്രമാണ്. ചോദ്യോത്തരങ്ങള്‍, സബ്മിഷനുകള്‍, ശ്രദ്ധക്ഷണിക്കല്‍, നിയമനിര്‍മാണങ്ങള്‍ തുടങ്ങിയുള്ള കാര്യങ്ങളില്‍ ഭരണകൂടം മുഴുകും. പശ്ചിമഘട്ടത്തില്‍ മൊത്തം പുല്ലെത്ര എന്നു ചോദിക്കാന്‍ പോലും എംഎല്‍എയ്ക്ക് സ്വാതന്ത്ര്യമുണ്ട്. കൃത്യമായ എണ്ണം കിട്ടിയില്ലെങ്കില്‍ വിവരം ശേഖരിച്ചു വരുന്നു എന്ന ഉത്തരമെങ്കിലും നല്‍കിയേ പറ്റൂ. കാര്യപരിപാടികളുടെ ബാഹുല്യവുമായി ഒരു ദിവസം സഭ ചേര്‍ന്നാല്‍ ചെലവ് ഒന്നര ലക്ഷത്തിലധികം വരും. ഒരു മിനിട്ടിനു തന്നെ ആയിരത്തിലധികം രൂപ ചെലവു വരും. സഭയില്‍ കയറിയിറങ്ങി കോപ്രായങ്ങള്‍ കാട്ടിയാലും അലവന്‍സും ആനുകൂല്യങ്ങളും ഉറപ്പ്. രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മാത്രം മതി. കഴിഞ്ഞ ചൊവ്വാഴ്ച സഭ കൂടും മുമ്പു തന്നെ ബഹിഷ്കരിച്ചതാണ്. എന്നിട്ടും 57 പ്രതിപക്ഷ എംഎല്‍എമാര്‍ രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്നില്ല. ഒപ്പിടാത്ത മറ്റു ചിലര്‍ വിട്ടു പോയതാണെന്ന് എഴുതിക്കൊടുക്കുന്ന പതിവുണ്ട്. ഇത്തവണ എത്രപേര്‍ കൊടുത്തു എന്നറിയില്ല. ഈ വക കാര്യങ്ങളില്‍ അതീവ ശുഷ്കാന്തി പുലര്‍ത്തുന്നവരാണ് നമ്മുടെ ജനപ്രതിനിധികള്‍. പക്ഷേ ജനകീയ പ്രശ്നങ്ങളില്‍ എന്തേ ഈ ജാഗ്രതയില്ല എന്നു ചോദിക്കുന്ന കാലം എപ്പോള്‍ വരും എന്ന സംശയം സജീവമാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: