ഒക്ടോബര്‍ 14-16 തീയതികളില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിണി അംഗീകരിച്ച പ്രമേയങ്ങള്‍
അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയില്‍ അഖിലഭാരതീയ കാര്യകാരി മണ്ഡലിന് അതിയായ ആശങ്കയുണ്ട്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് വിഘടനവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സംഭവങ്ങള്‍ ഏറുകയാണ്. വ്യോമ-സമുദ്രാതിര്‍ത്തികള്‍ വഴിയും വെല്ലുവിളികള്‍ ഉയരുന്നു. അന്താരാഷ്ട്ര സമുദ്ര മേഖലക്കകത്തും പുറത്തും ആക്രമണ ഭീഷണികള്‍ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അഖിലഭാരതീയ കാര്യകാരി മണ്ഡല് ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നു.
ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍
ആവര്‍ത്തിച്ച് കടന്നുകയറ്റങ്ങള്‍ നടത്തിയും സൈനികപോസ്റ്റുകള്‍ തകര്‍ത്തും ജനങ്ങളെ പീഡിപ്പിച്ചും നമ്മുടെ അതിര്‍ത്തികളില്‍ ചൈന നിരന്തരമായി സൈനിക സമ്മര്‍ദ്ദം ചെലുത്തുകയാണ്. നമ്മുടെ അയല്‍രാജ്യങ്ങളിലെ ചൈനയുടെ സൈനിക സാന്നിധ്യവും സൈനികകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതും ഭാരതത്തെ സൈനികമായി വളയുക എന്ന ലക്ഷ്യംവെച്ച് ഈ രാജ്യങ്ങളുമായി തന്ത്രപരമായ സഹകരണത്തിലേര്‍പ്പെടുന്നതും ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഭാരതത്തിനെതിരെ പാക്കിസ്ഥാനെ ആയുധമണിയിക്കുന്നത്, പാക്കിസ്ഥാനിലെ ഭാരതവിരുദ്ധ ഭീകരരെ സഹായിക്കുന്നത്, പാക്കധീന കാശ്മീരിലെ സൈനികപ്രവര്‍ത്തനം, മാവോയിസ്റ്റുകളിലൂടെ നേപ്പാളിലെ ഭരണം നിയന്ത്രിക്കാനുള്ള ശ്രമം, ബംഗ്ലാദേശിലും മ്യാന്മറിലും ശ്രീലങ്കയിലുമുള്ള ചൈനീസ് പ്രതിരോധവിദഗ്ധരുടെ സാന്നിധ്യം എന്നിവ ചൈനയുടെ ഈ വളഞ്ഞുപിടിക്കലിന് ഉദാഹരണമാണ്.
അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരവാദത്തെയും വിഘടനവാദത്തെയും സഹായിക്കുന്നതിന് പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളെ സഹായിക്കുന്ന ചൈനയുടെ നടപടി നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും നേരിട്ട് വെല്ലുവിളിക്കുന്നതാണ്. സൈബര്‍ പോരാളികളെ ഉപയോഗിച്ച് വിവര-വാര്‍ത്താവിനിമയ സംവിധാനങ്ങളെ ചൈന തകര്‍ക്കുകയാണ്. ഊര്‍ജ പദ്ധതികള്‍ കുറഞ്ഞ ചെലവില്‍ ലേലംകൊണ്ട് നിര്‍ണായക മേഖലകളിലേക്ക് ചൈന സ്വന്തം ചാരശൃംഖല വ്യാപിപ്പിക്കുകയാണ്. ഇത് രാഷ്ട്രസുരക്ഷക്ക് കനത്ത ഭീഷണിയാണ്.
ഭാരതസര്ക്കാരാകട്ടെ ഒരുവശത്ത് 1962 ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത 38,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം വീണ്ടെടുക്കണമെന്ന് അതേവര്‍ഷം നവംബര്‍ 14 ന് പാര്‍ലമെന്റ് പാസാക്കിയ പ്രമേയം പൂര്‍ണമായും വിസ്മരിക്കുമ്പോള്‍ മറ്റൊരു വശത്ത് 90,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തിനുമേലുള്ള ചൈനയുടെ പുതിയ അവകാശവാദത്തിന് കീഴടങ്ങുകയുമാണ്. ഈ അവകാശവാദങ്ങളുടെ വെളിച്ചത്തില്‍ അതിര്‍ത്തി മേഖലകളില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, റെയില്‍പ്പാതകള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അവഗണന പുലര്‍ത്തുകയാണ്. നമ്മുടെ അതിര്‍ത്തിപ്രദേശങ്ങളിലെ ചൈനയുടെ സൈനികനീക്കങ്ങള്‍ പ്രകടമാണ്.
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസെയിലുകള്‍ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ നടപടി ഗുരുതരമായ വെല്ലുവിളിയാണ്. ഉപഗ്രഹവേധ മിസെയിലുകളും കപ്പല്‍വേധ മിസെയിലുകളും ചൈന വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. 8500 കിലോമീറ്റര്‍ ദൂരത്തില്‍ വരെ ആക്രമണം നടത്താവുന്ന അന്തര്വാഹിനികപ്പലുകളും വികസിപ്പിച്ചിട്ടുണ്ട്. ഈ കാര്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശേഷി ഭാരതം ആര്‍ജിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇന്ത്യന്‍ വിപണികളില്‍ ചൈനീസ് ചരക്കുകള്‍ കുന്നുകൂടുന്നത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. വാര്‍ത്താവിനിമയ മേഖലയില്‍ ഒന്നാംതലമുറ സാങ്കേതികവിദ്യക്കപ്പുറം പോകാനുള്ള ഒരു ശ്രമവും ഭാരതം നടത്തുന്നില്ല. ഇതിന്റെ ഫലമായി മൂന്നും നാലും തലമുറകളില്‍പ്പെട്ട സാങ്കേതികവിദ്യകള്‍ ചൈന മാത്രമാണ് വിതരണം ചെയ്യുന്നത്. ഇത് നമ്മുടെ വിവര-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നു. ഊര്ജോല്പ്പാദനമടക്കമുള്ള ഹൈടെക് മേഖലകളില്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നത് എക്കാലവും ആ രാജ്യത്തിന്റെ ദയാവായ്പ്പിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടാക്കും.
ടിബറ്റിലെയും ചൈനയിലെയും ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള നദികളിലെ വെള്ളം വഴിതിരിച്ചുവിടുന്നതിനെതിരെ ഭാരതം ശക്തമായ നിലപാടെടുക്കണം. നദീജലം വഴിതിരിച്ചുവിടുന്നത് പ്രതികൂലമായി ബാധിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാന്, ലാവോസ്, വിയറ്റ്നാം, കമ്പോഡിയ, തായ്ലന്റ്, മ്യാന്മര് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ ഭാരതം വളര്‍ത്തിയെടുക്കണം. ചൈനയുമായി ഈ രാജ്യങ്ങള്‍ നീതിയുക്തമായ ജലപങ്കാളിത്ത കരാര്‍ ഉണ്ടാക്കണം.
പാക്കിസ്ഥാന്റെ ഗൂഢാലോചന
പടിഞ്ഞാറന്‍ മേഖലയിലുള്ള പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടെ അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം വന്‍തോതില്‍ വര്‍ധിച്ചതായി മുതിര്‍ന്ന സൈനികോദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രിതന്നെ സമ്മതിക്കുകയുണ്ടായി. കാശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം കഴിഞ്ഞ നാലരവര്‍ഷത്തിനിടെ നുഴഞ്ഞുകയറ്റത്തിന്റെയും വെടിവെപ്പിന്റെയും 70 ഓളം സംഭവങ്ങള്‍ ഉണ്ടായി. പാക് സൈന്യത്തില്‍ വര്‍ധിച്ചുവരുന്ന മതമൗലികവാദികളുടെ സ്വാധീനം ആ രാജ്യത്തിന്റെ ആണവായുധങ്ങളുടെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
കുടുംബവുമൊത്ത് ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ ആഗോള ഭീകരവാദത്തിന്റെ തലവന്‍ ഒസാമ ബിന്‍ ലാദന് പാക്കിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ടത് പാക് സൈന്യവും ഐഎസ്ഐയും അന്താരാഷ്ട്ര ഭീകരശൃംഖലയും തമ്മിലുള്ള ദൃഢബന്ധം തുറന്നുകാട്ടുകയുണ്ടായി. ഒസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്കെതിരെ പാക്കിസ്ഥാന് രാജ്യദ്രോഹ കുറ്റമാരോപിച്ചതും എടുത്തുപറയേണ്ടതാണ്.
ദല്‍ഹി ഹൈക്കോടതിയുടെ പരിസരത്ത് അടുത്തിടെ നടന്ന ബോംബ്സ്ഫോടനങ്ങള്ക്ക് പിന്നില്‍ ഐഎസ്ഐ ആണെന്ന് ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. മാവോയിസ്റ്റുകളെ സഹായിക്കുന്ന ചൈനക്കും ഐഎസ്ഐ ഒത്താശയുണ്ട്. ഐഎസ്ഐയും പാക്കിസ്ഥാനിലെ ഹഖാനി ഭീകരരുമായുള്ള ബന്ധം കുപ്രസിദ്ധമാണ്.
അഫ്ഗാനിസ്ഥാനിലെ കര്‍സായി ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ പാക്കിസ്ഥാന് നിരന്തരം ശ്രമിക്കുകയാണ്. അഫ്ഗാനിലെ യുഎസ്സേനയെ അടുത്ത വര്‍ഷം പിന്‍വലിക്കുന്നത് കണക്കിലെടുത്ത് അവിടെ ഭാരതവിരുദ്ധമായ താലിബാന് വാഴ്ചക്ക് പാക്കിസ്ഥാന് ശ്രമിക്കുകയാണ്. അഫ്ഗാനില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇന്ത്യക്ക് അത് ഗുരുതരമായ വെല്ലുവിളിയാകും.
ബംഗ്ലാദേശുമായുള്ള അതിര്‍ത്തിപ്രശ്നം
ദേശീയ താല്പര്യങ്ങള് ഹനിച്ചുകൊണ്ട് ആയിരക്കണക്കിന് ഏക്കര്‍ ഇന്ത്യന്‍ ഭൂപ്രദേശം ബംഗ്ലാദേശിന് കൈമാറാനുള്ള തീരുമാനം ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ക്ക് വഴിയൊരുക്കും.
ഭൂമി കൈമാറ്റത്തിന്റെ പേരില്‍ കൂടുതല്‍ ഭൂപ്രദേശം ബംഗ്ലാദേശിന് കൈമാറുകയും ചെറിയ പ്രദേശം സ്വീകരിക്കുകയും ചെയ്യുന്നത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥക്ക് വഴിതെളിക്കുകയും വിഘടനവാദ ഭീഷണി ശക്തിപ്രാപിക്കുകയും ചെയ്യും. കൂച്ച്ബീഹാറിലും ജല്‍പായ്ഗുരിയിലും വര്‍ധിച്ച തോതിലെത്തുന്ന ബംഗ്ലാദേശി മുസ്ലീങ്ങള്‍ സ്വയം ഭാരതപൗരന്മാരായി മാറാനും ഇതിടയാക്കും. ഭാരതത്തിലേക്ക് നുഴഞ്ഞുകയറി ജീവിക്കുന്ന ലക്ഷക്കണക്കിന് ബംഗ്ലാദേശികളെക്കുറിച്ച് ചര്‍ച്ചകളില്‍ പരാമര്‍ശിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ബംഗ്ലാദേശുമായുള്ള കരാറുകളിലെല്ലാം ഇന്ത്യയുടെ താല്പര്യങ്ങളും ഐക്യവും അഖണ്ഡതയും പരിഗണിക്കേണ്ടത് പരമപ്രധാനമാണ്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വെല്ലുവിളികള്‍
ഇന്ത്യന്‍ മഹാസമുദ്രമേഖലയെ പുതിയ ശാക്തിക ചേരികള്‍ ആധിപത്യത്തിനുള്ള പുതിയ പോരാട്ടഭൂമിയാക്കി മാറ്റുന്നത് ആശങ്കാജനകമാണ്. ഈ മേഖലയില്‍ ദശാബ്ദങ്ങളായി ഭാരതത്തിന് പ്രമുഖ സാന്നിധ്യമാണുള്ളത്. മേഖലയില്‍ ഉടനീളം ഭാരതത്തിനുള്ള സാംസ്കാരിക പാരമ്പര്യം കൂടുതല്‍ ശക്തിപ്പെടുത്തണം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ നാവികശേഷിയും മറ്റു പ്രവര്‍ത്തനങ്ങളും ശക്തിപ്രാപിക്കുന്നത് സംഘര്‍ഷാവസ്ഥക്ക് വഴിതെളിക്കുന്നതാണ്. ഗ്വഡര്‍ മുതല്‍ ഹാമ്പന്തോട്ടവരെയും ചിറ്റഗോംഗ് മുതല്‍ കോക്കോ ദ്വീപുകള്‍ വരെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ സ്വാധീനം അതിവേഗം വളരുന്നത് നമ്മുടെ സുരക്ഷക്കുനേരെ ഉയരുന്ന ഭീഷണിയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് പോളി-മെറ്റാലിക് സള്‍ഫൈഡുകള്‍ ഖാനനം ചെയ്യാനുള്ള ലൈസന്‍സിന്റെ പേരില്‍ നാവിക സാന്നിധ്യം ശക്തിപ്പെടുത്താനും ചൈന ശ്രമിക്കും. ഭാരതത്തിന് യഥേഷ്ടമായുള്ള ശാസ്ത്രശേഷിയും സൈനികശക്തിയും ദേശീയ വികാരവുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികളില്‍ പ്രതിഫലിക്കാത്തത് നിര്‍ഭാഗ്യകരമാണ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലുള്‍പ്പെടെ രാജ്യത്തിന്റെ മുഴുവന്‍ ദേശീയ അതിരുകളും സംരക്ഷിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണം. രാജ്യത്തിന്റെ സമുദ്ര, വ്യോമ അതിര്‍ത്തികളും മുഴുവന്‍ സമുദ്രമേഖലയിലെയും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കണം. വിഘടനവാദം, ഭീകരപ്രവര്‍ത്തനം, നുഴഞ്ഞുകയറ്റം തുടങ്ങിയ വെല്ലുവിളികള്‍ നേരിടാനും ശക്തമായ നടപടികള്‍ വേണം. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജനങ്ങളും തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: