കാലടി: കാഞ്ഞൂരില്‍ ഗുണ്ടാതലവന്റെ വെട്ടേറ്റ് മരിച്ച കാഞ്ഞൂര്‍ മനയ്ക്കപ്പടി പാലാട്ടി വീട്ടില്‍ സാബുവിന് കണ്ണീരോടെ യാത്രാമൊഴി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്നലെ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
യുവാവിനെ നടുറോഡില്‍ വെട്ടികൊന്ന സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജോസ് ഹെന്റിയ്ക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. നാട്ടുകാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ടാമനെകുറിച്ചും പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നറിയുന്നു. കഴിഞ്ഞ ദിവസം കൊലപാതകി എന്ന സംശയിക്കുന്ന ജോസ് ഹെന്ററി പരസ്യമായി മദ്ധ്യപിച്ചതിന് സാബുവും സുഹൃത്തുക്കളും എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്ന് പോലീസ് സംശയിക്കുന്നു. വരാപ്പുഴ സ്വദേശിയായ ഹെന്റി കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി കാഞ്ഞൂരിലാണ് താമസിക്കുന്നത്. കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ജോസ് ഹെന്റി. ഇയാള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം ഇപ്പോള്‍ നിരവധികേസുകളുണ്ട്. പറവൂര്‍, കളമശ്ശേരി, പെരുമ്പാവൂര്‍, അങ്കമാലി, ഏലൂര്‍, കാലടി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാളുടെ പേരില്‍ 20 ഓളം കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ശ്രീമൂലനഗരത്ത് കാറിലെത്തി വടിവാള്‍ ആക്രമണം നടത്തിയ കേസില്‍ ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. വരാപ്പുഴ സ്വദേശിയായ ഹെന്‍ട്രി കാഞ്ഞൂരില്‍ താമസമാക്കിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു. പറവൂര്‍ കോട്ടപ്പുറത്ത് ജനങ്ങള്‍ നോക്കിനില്‍ക്കെ പോലീസ് ഉദ്യോഗസ്ഥനെ വെടിവയ്ക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. സംഭവസ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഇപ്പോഴും തുടരുകയാണ്. കാഞ്ഞൂര്‍ സ്വദേശി പാലാട്ടി ദേവസി മകന് സാബു (36) വാണ് ബുധനാഴ്ച രാത്രി 7.45 ന് കാഞ്ഞൂര്‍ പള്ളിയ്ക്ക് കിഴക്ക്് ഭാഗത്ത് ആറങ്കാവ് റോഡില്‍ മനക്കപ്പടി ജംഗ്ഷനില്‍ കൊലചെയ്യപ്പെട്ടത്. ജംഗ്ഷനില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സാബുവിനെ ബൈക്കിലെത്തിയയാള്‍ വെട്ടുകയായിരുന്നു. ബൈക്കില്‍ രണ്ട് പേര് ഉണ്ടായിരുന്നു. സാബുവിനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന രണ്ട് പേരില്‍ ഒരാളെയും അക്രമികള്‍ മര്‍ദ്ദിച്ചു. ഇവര്‍ രണ്ടുപേരും തൊട്ടടുത്ത തങ്ങളുടെ വീടുകളിലേയ്ക്ക് ഓടി രക്ഷപെട്ടതോടെയാണ് അക്രമികള്‍ സാബുവിനെ മര്‍ദ്ദിക്കുകയും വടിവാളുപയോഗിച്ച് തലയ്ക്ക് വെട്ടുകയും ചെയ്തത്. തലയില്‍ വെട്ടേറ്റ സാബുവിന്റെ തലയോട്ടി പിളര്‍ന്ന് തലച്ചോര്‍ പുറത്തുവന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരണം സംഭവിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കൊല്ലപ്പെട്ട സാബു. കുറെ ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാള്‍ ഇന്നലെയാണ് ഭാര്യയോടൊപ്പം വീട്ടിലെത്തിയതെന്ന് പറയപ്പെടുന്നു. കാലടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗ്ഗീസ്, എസ്.ഐമാരായ ശ്രീധരന്, എം.എ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡിവൈഎസ്പി ഹരികൃഷ്ണന് ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നത്തി. സംഭവം നടന്ന ജംഗ്ഷന് സമീത്തുതന്നെയാണ് ഹെന്റി ഇപ്പോള്‍ താമസിക്കുന്ന വീട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം ഇന്നലെതന്നെ സംസ്ക്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: