എഅയ്യപ്പനെന്ന കവിയില്ലാത്ത ഒരു വര്‍ഷമാണ് മലയാള സാഹിത്യത്തെയും കേരള സമൂഹത്തെയും കടന്നു പോകുന്നത്. ഭൗതിക ജീവിതത്തിന്റെ അന്തസത്തകള്‍ അടുത്തറിയാന്‍ സ്വയം ത്യാഗിയായി അലഞ്ഞ പച്ചമനുഷ്യനായിരുന്നു അയ്യപ്പന്‍. നഗരത്തിരക്കിലെ റോഡുവക്കത്ത് ആരാലും തിരിച്ചറിയപ്പെടാതെ, ധരിച്ചിരുന്ന കുപ്പായത്തിന്റെ തെറുത്തകൈമടക്കില്‍ തന്റെ അവസാന കവിതയും ഒളിപ്പിച്ചുവെച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു അദ്ദേഹം. അയ്യപ്പനെന്ന ധൂര്‍ത്തനും അരാജകവാദിയുമായ കവിയുടെ മരണം സംഭവിച്ചിട്ട് ഇന്ന് ഒരു വര്‍ഷമാകുന്നു. മരണത്തിലൂടെ കവിയുടെ ധൂര്‍ത്തജീവിതത്തിന് വിരാമമിട്ടെങ്കിലും ആ കവിതകള്‍ക്ക് മരണം സംഭവിക്കുന്നതേയില്ല. അയ്യപ്പന്റെ കവിതകള്‍ വായിച്ചുകൊണ്ടേയിരിക്കുന്നു, ചൊല്ലി നടക്കുന്നവരുടെ കൂട്ടം വര്‍ദ്ധിക്കുന്നു…..
അയ്യപ്പനെ അനുകരിച്ച് അരാജകവാദികളാകാന്‍ ശ്രമിച്ചവര്‍ തെരുവുകളില്‍ ഫാഷന്‍ പരേഡ് നടത്തിയെങ്കിലും അവര്‍ക്കൊന്നും അയ്യപ്പനാകാന്‍ കഴിഞ്ഞില്ല. അയ്യപ്പനെ സ്നേഹത്തോടെ നോക്കിയവര്‍ അനുകരണക്കാരെ പുശ്ചിച്ചു തള്ളി. ഈ ലോകത്ത് ഒരേയൊരു അയ്യപ്പനേ ഉണ്ടായിരുന്നുള്ളു. അത് കവി അയ്യപ്പനായിരുന്നു.
ഒരു പൂവിലൂടെ ജീവിതത്തില്‍നിന്ന് തിരിച്ചു പോകണമെന്നായിരുന്നു അയ്യപ്പന്റെ അഭിലാഷം. “മരണത്തിനു ശേഷം തനിക്കതു പറയാന്‍ കഴിയില്ലല്ലോ, അതിനാല്‍ താനത് കവിതയാക്കി വയ്‌ക്കുന്നു…”. ‘എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്’ എന്ന കവിതയിലൂടെ അയ്യപ്പന്‍ അതറിയിക്കുകയായിരുന്നു.
“എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ
ഉപഹാരം
മണ്ണുമൂടുന്നതിനു മുമ്പ്
ഹൃദയത്തില്‍ നിന്ന്
ആ പൂവുപറിക്കണം
ദലങ്ങള്‍ കൊണ്ട്
മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും
ഒരു ദളം.
പൂവിലൂടെ
എനിക്കു തിരിച്ചു പോകണം.
……………………………………..
ഇല്ലെങ്കില്‍
ഈ ശവപ്പെട്ടി മൂടാതെ പോകൂ.
ഇനിയെന്റെ ചങ്ങാതികള്‍
മരിച്ചവരല്ലോ………….”
മലയാള കവിതയില്‍ ആധുനിക പ്രസ്ഥാനത്തിന് ജനകീയ മുഖം സമ്മാനിച്ച കവിയായിരുന്നു അയ്യപ്പന്‍. തെരുവോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞ കവി പി.കുഞ്ഞിരാമന്‍നായരെപ്പോലെ നാടോടിയായിരുന്നു. ഒരു തുണ്ട് പേപ്പറില്‍ ഒരു കവിതയെഴുഴുതി ഷര്‍ട്ടിന്റെ കൈച്ചുരുട്ടില്‍ തിരുകി വച്ചത് അദ്ദേഹത്തിന്റെ നാടോടി ഭാവത്തിനു തെളിവായിരുന്നു. അയ്യപ്പന്‍ കവിതകള്‍ ഈ കാലഘട്ടത്തിലെ മനുഷ്യചേതനയെ പ്രചോദിപ്പിക്കാനും മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്താനും പോന്നവയാണ്.
കവിതയെഴുത്ത് അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഭ്രാന്തമായ ആവേശമായിരുന്നു. തെരുവോരങ്ങളിലും, കടലോരങ്ങളിലും, വഴിയമ്പലങ്ങളിലും നടന്നലഞ്ഞാണ് തന്റെ സൃഷ്ടികള്‍ മുഴുവന്‍ കുത്തിക്കുറിച്ചെടുത്തിരുന്നത്. ഇരുന്നും കിടന്നും തലയില്‍ കൈവച്ചും അയ്യപ്പന്‍ കവിതയുടെ സൃഷ്ടി നടത്തി.
പി.കുഞ്ഞിരാമന്‍നായര്‍ക്കൊപ്പം ഉപമിക്കാവുന്ന ജീവിതമാണ് അയ്യപ്പന്റേതും. കുഞ്ഞിരാമന്‍നായര്‍ക്കും അയ്യപ്പനും ജീവിതം ഒരുപോലെ ഉത്സവമായിരുന്നു. സ്നേഹിച്ചും കലഹിച്ചും തെരുവുകളില്‍ ജീവിതം ആഘോഷമാക്കുകയും ഓരോ ആഘോഷത്തില്‍നിന്നും കവിതയുടെ ജനനം നടത്തുകയും ചെയ്തു അയ്യപ്പന്‍. പരിചയപ്പെട്ടവര്‍ക്കെല്ലാം കൈനിറയെ കഥകള്‍ അദ്ദേഹം വാരിക്കൊടുത്തു. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതും ഏറെക്കഴിയാതെ അമ്മയെ നഷ്ടപ്പെട്ടതും അയ്യപ്പന് രക്തബന്ധങ്ങളോടുള്ള മതിപ്പില്ലാതാക്കിയിരുന്നിരിക്കണം. ഏകസഹോദരിയോട് അടുത്തും അകന്നും വീടുവിട്ടിറങ്ങിയും വ്യവസ്ഥാപിത ജീവിതത്തോട് കലഹിക്കുകയായിരുന്നു.
പ്രണയത്തിന്റെ ഇച്ഛാഭംഗവും രാഷ്‌ട്രീയജീവിതത്തിലെ അനുഭവങ്ങളും അയ്യപ്പന് ഏറെഅനുഭവങ്ങള്‍ സമ്മാനിച്ചു. സ്വപ്നം പോലെ സ്വതന്ത്രമായ കവിതകളിലൂടെ അയ്യപ്പന്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങളെ രാഷ്‌ട്രീയവല്‍ക്കരിച്ചു. അച്ചടക്കമെന്ന സമ്പ്രദായത്തെ നിരാകരിക്കുകയും നിഷേധങ്ങളെ പരീക്ഷണമാക്കിയെടുക്കുകയും ചെയ്തു. പൊതു സമൂഹം അദ്ദേഹത്തെ അരാജകവാദിയെന്നു വിളിച്ചു. പലര്‍ക്കും അയ്യപ്പന്‍ വലിയ ശല്യമായി. സൗഹൃദങ്ങളുടെ കീശതപ്പാന്‍ അയ്യപ്പനിലെ സര്‍ഗാത്മകത ഒട്ടും ലജ്ജിച്ചില്ല.
അക്കാദമിക് ബുദ്ധിജീവികളുടെ പിടിയിലൊതുങ്ങാതെ വഴുതിമാറിയും കവിതയെഴുത്തിന്റെ ചിട്ടവട്ടങ്ങളെ ആവുംപോലെ പരിഹസിച്ചും അയ്യപ്പന്‍ ആസ്ഥാനകവികളുടെ അഹംബോധത്തോട് സംസാരിച്ചു. അയ്യപ്പനെപ്പോലെ കവിതയ്‌ക്കുവേണ്ടി മാത്രമായി ജീവിച്ച അധികം പേരുണ്ടാവില്ല. കവിക്ക് ജീവിതം തന്നെയാണ് കവിത. അല്ലെങ്കില്‍ കവിത തന്നെയാണ് ജീവിതം. എന്നിട്ടും സാഹിത്യലോകത്തെ പ്രഗല്‍ഭന്മാര്‍ പലപ്പോഴും അയ്യപ്പനെ ക്രൂരമായി അവഗണിച്ചു.
1949 ല്‍ തിരുവനന്തപുരത്തെ ബാലരാമപുരത്തായിരുന്നു എ.അയ്യപ്പന്റെ ജനനം. ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാസമാഹാരമാണ് ആദ്യകൃതി. ബുദ്ധനും ആട്ടിന്‍കുട്ടിയും, വെയില്‍ തിന്നുന്ന പക്ഷി, കറുപ്പ്, ഗ്രീഷ്മമേ സഖീ, മാളമില്ലാത്ത പാമ്പ്, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍. 2010ലെ ആശാന്‍ പുരസ്കാരമായിരുന്നു അവസാനമായി അയ്യപ്പനെത്തേടിയെത്തിയ അംഗീകാരം. എന്നാല്‍ ആശാന്‍ കവിതകള്‍ ഉറക്കെച്ചൊല്ലിയ അയ്യപ്പന് അത് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവാര്‍ഡ് ലഭിച്ചുവെന്ന് കേട്ടയുടന്‍ എത്രയാണ് അവാര്‍ഡ് തുകയെന്നന്വേഷിച്ചുവത്രെ അയ്യപ്പന്‍. സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ ചെക്ക് മാത്രം സ്വീകരിച്ച് ബഹുമതിപത്രം തിരിച്ചുകൊടുത്തു. ഇനിയുണ്ടാവില്ല അയ്യപ്പന്‍ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോഴും ചിരിച്ചുകൊണ്ട് അയ്യപ്പന്‍ തിരിച്ചുവന്നു. ഇനി കുടിക്കരുത് എന്ന് ഉപദേശിച്ച കുടിയനല്ലാത്ത ഡോക്ടര്‍ തന്നെക്കാള്‍ പത്ത് വര്‍ഷം മുമ്പേ മരിച്ചുപോയ കഥയും കവി തമാശയായി പറയുമായിരുന്നു.
ആശാന്‍ പുരസ്കാരം സ്വീകരിക്കാന്‍ ചെന്നൈയില്‍ പോകാന്‍ യാത്ര തിരിക്കുന്നതിനു മുന്‍പാണ് ഒക്ടോബര്‍ 21ന് തിരുവനന്തപുരത്തെ തമ്പാനൂര്‍ വൈശാഖ് തിയേറ്ററിനു സമീപം അയ്യപ്പനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. പക്ഷെ തിരിച്ചറിയാനാകാതെ അനാഥ പ്രേതമായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ അയ്യപ്പന്‍ കിടന്നു. തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് പോസ്റ്റ് മോര്‍ട്ടത്തിനയയ്‌ക്കാന്‍ പുറത്തെടുത്തപ്പോഴാണ് അത് കവി അയ്യപ്പനാണെന്ന് തിരിച്ചറിഞ്ഞത്. മരണത്തില്‍ പോലും അനാഥത്വം പേറാനായിരുന്നു അയ്യപ്പന്റെ വിധി. തിരിച്ചറിഞ്ഞ ശേഷവും അധികാര വര്‍ഗ്ഗത്തിന്റെ സ്വാര്‍ത്ഥതയ്‌ക്കു മുന്നില്‍ അയ്യപ്പന് തോറ്റുകൊടുക്കേണ്ടി വന്നു. അയ്യപ്പന്റെ മൃതദേഹത്തിന് ആചാര വെടിവയ്‌ക്കാന്‍ പോലീസുകാരില്ലാത്തതിനാല്‍ അഞ്ചു ദിവസത്തോളം മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നു.
ഒരിക്കലും ആരെയെങ്കിലും കുറ്റപ്പെടുത്താനോ പഴിചാരാനോ അയ്യപ്പന്‍ തയ്യാറായിരുന്നില്ല. ജീവിതത്തിലെപ്പോഴും അദ്ദേഹം അത്തരത്തിലായിരുന്നു. ആത്മപീഡനം ഏറ്റുവാങ്ങുമ്പോഴും കവി അതിന് മറ്റാരെയും പഴിചാരിയില്ല. ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും; ആരെങ്കിലും അതാവേണ്ടിയിരിക്കേ എന്ന എഡ്വേര്‍ഡ് ആല്‍ബിയുടെ പ്രസ്താവം ഉദ്ധരിക്കുന്ന കവിയായിരുന്നു അദ്ദേഹം. തകര്‍ന്നടിഞ്ഞ ജീവിതത്തിന് അടിസ്ഥാനമായിത്തീര്‍ന്ന പ്രശ്നങ്ങളെ ന്യായികരിക്കാന്‍ സാങ്കേതികകാരണങ്ങളൊന്നും നമുക്ക് മുന്നില്‍ അദ്ദേഹം നിരത്തിയില്ല. തലചായ്‌ക്കാനൊരു കൂര നിര്‍ബന്ധമല്ലെന്നിരിക്കെ, കഴിക്കാന്‍ പ്രത്യേക ഭക്ഷണം വേണമെന്ന ശാഠ്യങ്ങളില്ലാത്തതിനാല്‍ കവിക്ക് എങ്ങനെയും ജീവിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം.
ഘടികാരമെന്ന ജീവിതത്തിലെ തെറ്റിയോടിയ സൂചിയായിരുന്നു അയ്യപ്പന്‍. മരണശേഷം സ്വര്‍ഗ്ഗത്തിലെ വാതില്‍ തുറന്നു വച്ചാലും അവിടെ കവി ഉറച്ചിരിക്കില്ല. സ്വര്‍ഗത്തിലായാലും നരകത്തിലായാലും ഇനിയെന്റെ കൂട്ടുകാര്‍ മരിച്ചവരാണെന്ന് കവി പറഞ്ഞു വച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരാള്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നതിലും അര്‍ത്ഥമില്ല. അവസാന എഴുത്തില്‍ അയ്യപ്പന്‍ പറയുന്നതിങ്ങനെ…
“അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്‌ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍
ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി…”.
ആര്‍.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: