ഒന്നുകില്‍ ഭരണം അല്ലെങ്കില്‍ സമരം എന്നതാണ് അച്യുതാനന്ദന് നയിക്കുന്ന പ്രതിപക്ഷത്തിന്റെ നയം എന്നാണ് കേരളത്തില്‍ ചുരുളഴിയുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഇപ്പോള്‍ സഭ സമ്മേളിക്കുന്നത് ജനക്ഷേമപരമായ നടപടികള്‍ എടുക്കുന്നതിനല്ല, മറിച്ച് ‘വാക്കൗട്ട്’ നടത്താനും പത്രസമ്മേളനങ്ങള്‍ നടത്തി പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിക്കാനുമാണ്. രണ്ടുപേരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഭരണപക്ഷത്തെ താഴെയിറക്കി ഭരണം തിരിച്ചുപിടിക്കുക എന്ന ഏക അജണ്ട മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. നൂറുദിന പരിപാടിയില്‍പ്പെട്ട മൂന്നാര്‍ ഭൂമി തിരിച്ചുപിടിക്കലിലും ലോട്ടറി വിഷയത്തിലും കണ്ട പ്രതിപക്ഷ സഹകരണം അപ്രത്യക്ഷമായപ്പോള്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ വ്യഗ്രത കാണിക്കുന്ന പ്രതിപക്ഷം ക്രിയാത്മകമായ യാതൊരു നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നില്ല.
കോഴിക്കോട്ടെ എസ്എഫ്ഐ-ഡിവൈഎഫ്ഐ സമരത്തില്‍ വിദ്യാര്‍ത്ഥികളും പോലീസുമായുണ്ടായ സംഘട്ടനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പക്ഷെ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന സമരക്കാര്‍ക്കുനേരെ തോക്കല്ല, തന്റെ പിസ്റ്റള്‍ എസ്പി രാധാകൃഷ്ണപിള്ള ചൂണ്ടി എന്നതും സത്യമാണ്. പോലീസുകാരും മനുഷ്യരാണെന്ന് മനുഷ്യാവകാശകമ്മീഷനും എസ്പിയുടെ നടപടി സന്ദര്‍ഭത്തിന് അനുയോജ്യമായിരുന്നു എന്ന് ഡിജിപിയും അനിവാര്യമെന്ന് കെ. ജയകുമാറും പ്രഖ്യാപിച്ചപ്പോള്‍ എസ്പിയെ സ്ഥലംമാറ്റി നിയമപാലന ചുമതലയില്‍നിന്നൊഴിവാക്കി സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചതും ജനവിരുദ്ധമായാണ് പ്രതിപക്ഷം കാണുന്നത്.
ഇപ്പോള്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലുകയോ കൊല്ലുകയോ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന എം.വി. ജയരാജന് കടുത്ത കുറ്റമാണ് ചെയ്യുന്നത്. ജയരാജന്റെ പ്രസ്താവന വികാരവിക്ഷോഭംകൊണ്ടാണെന്ന് ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവ് രാധാകൃഷ്ണപിള്ള തന്റെ സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും വികാരവിക്ഷോഭത്തിലായിരുന്നു എന്ന് സമ്മതിക്കാന്‍ തയ്യാറല്ല. രാധാകൃഷ്ണപിള്ളയുടെ നടപടി ന്യായീകരിക്കാനാകാത്തതാണ്. പക്ഷെ അതിലും കുറ്റകരമാണ് യുവജന സംഘടനകളോട് ‘കാക്കിക്കുള്ളില്‍ ഖാദിയണിയുന്ന’ പോലീസിനെ തല്ലാനും വേണ്ടിവന്നാല്‍ കൊല്ലാനുമുള്ള ആഹ്വാനം. അതുപോലെ ഹീനമാണ് അതിന്റെ പേരില്‍ തുടര്‍സമരം പ്രഖ്യാപിക്കുന്ന, എണ്‍പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: