ന്യൂദല്‍ഹി: ബുക്കിംഗ് കൗണ്ടറുകളിലെ തിരിമറികള്‍ ഒഴിവാക്കാനായി റെയില്‍വേ തല്കാല് ടിക്കറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. രാവിലെ എട്ട് മണിമുതല്‍ ഒന്‍പത് മണി വരെയുള്ള സമയത്ത് ഒരാള്‍ക്ക് പരമാവധി രണ്ട് ടിക്കറ്റുകള്‍ മാത്രമേ നല്കാവു എന്നാണ് പുതിയ നിര്‍ദ്ദേശം. രാജ്യത്തുടനീളമുള്ള 10,000 ബുക്കിംഗ് കൗണ്ടറുകളില്‍ ടിക്കറ്റ് ഏജന്റുമാര്‍ തിരിമറി നടത്തുന്നെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ നടപടി.
ഇന്റര്‍നെറ്റ് വഴിയുള്ള ക്വിക്ക് ബുക്കിംഗ്, കാഷ് കാര്‍ഡ് ബുക്കിംഗ് രീതികളും രാവിലെയുള്ള ഒരു മണിക്കൂര്‍ സമയത്തേക്ക് അനുവദിക്കുകയില്ല. ഏജന്റുമാര്‍ നടത്തുന്ന ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് റെയില്‍വേ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ബുക്കിംഗ് കേന്ദ്രങ്ങള്‍ കരിഞ്ചന്തക്കാരായ തല്‍ക്കാല്‍ ഏജന്റുമാര്‍ കയ്യടക്കുന്നതു മൂലം സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ പരിഷ്കാരങ്ങളേര്പ്പെടുത്തിയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: