ബെയ്ജിംഗ്: ടിബറ്റിലെ ചൈനയുടെ ഭരണത്തിനെതിരെ ആത്മാഹുതി ചെയ്ത ബുദ്ധഭിക്ഷുക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക വഴി ദലൈലാമ പരോക്ഷമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് ചൈന കുറ്റപ്പെടുത്തി.
കഴിഞ്ഞ കുറെ മാസങ്ങളായി നടന്ന ബുദ്ധഭിക്ഷുക്കളുടെ ജീവാഹുതിയെ പരാമര്‍ശിച്ചുകൊണ്ട് ദലൈലാമ ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കുകയും കൂടുതല്‍ പേരെ ആത്മാഹുതി ക്കു പ്രേരിപ്പിക്കുകയും ചെയ്യുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജിയാങ്ങ് യു അറിയിച്ചു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ അപലപിക്കാന്‍ ടിബറ്റിലെ സ്വതന്ത്ര ശക്തികള്‍ തയ്യാറായിട്ടില്ലെന്നും അതിനുപകരം സംഭവങ്ങളെ മനോഹരമാക്കി കൂടുതല്‍ പേരെ അത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി വക്താവ് കുറ്റപ്പെടുത്തി. മനുഷ്യന് ജീവന്‍കൊണ്ടു പന്താടുന്ന ഇത്തരം നടപടികള്‍ മുഖംമൂടിയിട്ട അക്രമവും തീവ്രവാദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ച 20 വയസുകാരിയായ ടെന്‍സിങ് വാങ്മോ എന്ന സന്ന്യാസിനി തീകൊളുത്തി ആത്മഹത്യ ചെയ്തതായി ലണ്ടന്‍ ആസ്ഥാനമായ ഫ്രീ ടിബറ്റന്‍ ഗ്രൂപ്പ് അറിയിച്ചിരുന്നു. ദലൈലാമയുടെ തിരിച്ചുവരവിനും ടിബറ്റിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് താന്‍ ആത്മാഹുതി ചെയ്യുന്നതെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഒമ്പതാമത്തെ ആത്മാഹുതിയായിരുന്നു സന്ന്യാസിനിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: