ലണ്ടന്‍: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തന് ഇക്ബാല്‍ മിര്‍ച്ചിക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. സഹപ്രവര്ത്തകന് നദീം ഖാദറിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ജയില്‍ മോചിതനായി.
ഈ മാസം ആദ്യമാണ് മിര്‍ച്ചിയെ പോലീസ് അറസ്റ്റ് ചെയ്തത്. 1993ലെ മുംബൈ സ്ഫോടനം ഉള്‍പ്പെടെ ഇന്ത്യയില്‍ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് മിര്‍ച്ചി എന്ന മേമന് ഇക്ബാല്‍ മുഹമ്മദ്. ദാവൂദിന്റെ വലംകൈയായി അറിയപ്പെടുന്ന മിര്‍ച്ചി ഏറെക്കാലമായി ബ്രിട്ടനിലെ എസക്സ് നഗരത്തിലാണു താമസം. ഇയാളെ വിട്ടുകിട്ടാന്‍ 1995 മുതല്‍ ഇന്ത്യ ശ്രമം തുടങ്ങിയെങ്കിലും ഫലം കണ്ടിരുന്നില്ല.
ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യു.എസ് മിര്‍ച്ചിക്ക് വിസ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തെ മയക്കുമരുന്നു കള്ളക്കടത്തുകാരുടെ ലിസ്റ്റില്‍ ആദ്യ 50 പേരിലൊരാളാണ് മിര്‍ച്ചി. മധ്യപ്രദേശിലും മുംബൈയിലുമുള്ള ഇയാളുടെ ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: