കൊല്ലം: രാവിലെ 8.15. കാക്കനാടന് അന്തരിച്ചുവെന്ന വാര്‍ത്ത കേട്ടവര്‍ ബന്സിഗര് ആശുപത്രിയിലേക്ക്. എന്നും അതിജീവനത്തിന്റെ കരുത്ത് എഴുത്തിലും ജീവിതത്തിലും പുലര്‍ത്തിയ കൊല്ലത്തുകാരുടെ ബേബിച്ചായന് നാലുദിവസമായി തനിക്ക് പ്രിയപ്പെട്ട തന്റെ കഥാപാത്രത്തോട്, മരണത്തോട്, സന്ധിയില്ലാത്ത യുദ്ധത്തിലായിരുന്നു. ഒടുവില്‍ കാറ്റ് നിലച്ചു, കാലവും.
കരളിനായിരുന്നു കാക്കനാടന് രോഗം. നേരത്തെ എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. നാലുദിവസമായി ബന്സിഗര് ആശുപത്രിയില്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു.
കാക്കനാടന്റെ കമ്പോളത്തിന് വലിയ ചലനങ്ങളുണ്ടായില്ല. കൊല്ലത്തിന്റെ ജീവിതത്തെ ലോകത്തോളം ഉയര്‍ത്തിയ മഹാനായ എഴുത്തുകാരന് പരമമായ നിശ്ചലതയിലേക്ക് ഊളിയിട്ടു എന്ന വാര്‍ത്ത അദ്ദേഹത്തെപ്പോലെ തന്നെ ലാഘവത്തോടെ നഗരം സ്വീകരിക്കുകയായിരുന്നുവോ…., പതുക്കെ, പതുക്കെ, മരണത്തെ സാക്ഷിയാക്കി കഥ പറഞ്ഞ കാക്കനാടനെ കാണാന്‍ കൊല്ലമൊന്നാകെ ആശുപത്രിയങ്കണത്തിലേക്ക് പ്രവഹിച്ചു തുടങ്ങി. പ്രമുഖര്‍, നേതാക്കള്‍, എഴുത്തുകാര്‍, സംഘടനകള്‍, സാധാരണക്കാര്‍,….
മരിക്കുമ്പോള്‍ ഭാര്യ അമ്മിണിയും അടുത്ത ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. എഴുത്തിനെ ലഹരിയാക്കിയ, ലഹരിയെ എഴുത്താക്കിയ യൗവനത്തിന്റെ തീഷ്ണതയില്‍ നിന്ന് പഴക്കത്തിന്റെ പാകം വന്ന് ഇരുത്തത്തിലെത്തിയിട്ടും കാക്കനാടന്റെ ക്ഷോഭമായിരുന്നു കാണാനെത്തിയവരുടെയും സംസാരവിഷയം.
അടുത്തിടെ അനുജന് തമ്പി കാക്കനാടന് അന്തരിച്ചപ്പോള്‍ സംസ്കാരത്തിന് അനുമതി നിഷേധിച്ച സഭാ നേതൃത്വത്തിനെതിരെ വാക്കിന്റെ ചാട്ടവാറോങ്ങിയ കാക്കനാടനെ ചിലര്‍ അനുസ്മരിച്ചു. മറ്റു ചിലര്‍ അടങ്ങാത്ത വാത്സല്യത്തിന്റെ ഉറവിടമായിരുന്ന ആ മനസിനെ ഓര്‍ത്തു. നഗരത്തിരക്കിലും ഓടിക്കൂടിയ നാട്ടുകാരില്‍ മരണത്തിന്റെ മൗനം നിറഞ്ഞു.
പതിനൊന്ന് മണിയോടെ ഇരവിപുരത്തെ വസതിയിലേക്ക് യാത്ര. ഒപ്പം നഗരവും നീങ്ങി. എഴുത്തിന്റെ നനവില്‍ തഴച്ചുവളര്‍ന്നെങ്കിലും ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടന് സ്വന്തമായൊരു തണല്‍ സൃഷ്ടിച്ചില്ല. ഒരു വീട് ഉണ്ടാക്കിയില്ല. താങ്ങും തണലുമായി 1965ല്‍ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടു വന്ന അമ്മിണിയായിരുന്നു തണല്‍. ഇരവിപുരത്ത് കൊല്ലത്തിന്റെ രവി മുതലാളി- കെ. രവീന്ദ്രനാഥന്‍ നായര്‍-യുടെ നേതൃത്വത്തിലുള്ള പബ്ലിക് ലൈബ്രറി സമിതി നിര്‍മ്മിച്ചു നല്കിയ വീട്ടില്‍ കഥാകാരന്റെ അന്ത്യവിശ്രമം. അകത്തും പുറത്തും ജനാവലി. അവരുടെയിടയില്‍ ശിവന്, കരുണന്, വെട്ടുകാട് പപ്പന്, ഒറോത, തൃക്കൊടിയൂരുകാരന് കെ.ടി. പിള്ള, മനു തുടങ്ങി കാക്കനാടന് കരുത്തു പകര്‍ന്ന കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ കാഴ്ചവട്ടങ്ങളില്‍ നിന്ന് കഥയിലേക്കും പിന്നെ ജീവിതത്തിലേക്കും അദ്ദേഹം പകര്‍ത്തിവെച്ച സാധാരണക്കാര്‍…
ഇന്ന് നഗരത്തില്‍ പൊതുദര്‍ശനം, പിന്നെ പോളയത്തോട് ശ്മശാനത്തില്‍ അവസാനം. എഴുപത്താറ് വര്‍ഷം നീണ്ട ജീവിതയാത്ര അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: