ഇസ്ലാമാബാദ്: ഭീകരരുടെ താവളമായ വടക്കന്‍ വസിറിസ്ഥാനില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് അമേരിക്ക പത്തുവട്ടം ആലോചിക്കണമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. അവിടെ എപ്പോള്‍, എങ്ങനെ ആക്രമണം നടത്തണമെന്ന് തീരുമാനിക്കേണ്ടത് പാക്കിസ്ഥാനാണെന്നും പാക് സൈനികതലവന്‍ ജനറല്‍ ആഷിക് കയാനി പറഞ്ഞു.
ഇത്തരം ഒരു നടപടി ഏതവസ്ഥയിലും വളരെ അപകടം പിടിച്ചതാണ്. പ്രശ്നങ്ങള്‍ അഫ്ഗാനിസ്ഥാനിലാണ്, അല്ലാതെ പാക്കിസ്ഥാനിലല്ല, ദേശീയ സുരക്ഷാ യോഗത്തില്‍ പാര്‍ലമെന്റംഗങ്ങളോട് സംസാരിക്കുകയായിരുന്നു കയാനി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വടക്കന്‍ വസീറിസ്ഥാനിലെ ഭീകരര്‍ക്ക് പിന്നാലെ പോകാന്‍ അമേരിക്ക പാക്കിസ്ഥാനെ നിര്‍ബന്ധിക്കുകയാണ്. ഇവിടെ ഭീകരര്‍ തദ്ദേശീയരായ ഗോത്രവര്‍ഗക്കാരുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്നു. ഇത്തരം യോഗങ്ങളുടെ ഉദ്ദേശ്യം ആഭ്യന്തരമായി ഈ നിലപാടിന് പിന്തുണ ലഭിക്കാനും തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് അമേരിക്കയെ അറിയിക്കാനുമാണെന്ന് രാഷ്ട്രീയ നിരീക്ഷകന് ഹസന് അസ്ക്കരി റിസ്വി പറഞ്ഞു.
അമേരിക്കയുടെ പ്രത്യേക സേന അബോട്ടാബാദില്‍ ഒസാബ ബിന്‍ലാദനെ വധിച്ചതിന് ശേഷം യുഎസ്-പാക് ബന്ധങ്ങള്‍ വഷളാവാന്‍ തുടങ്ങിയിരുന്നു. ഇത് പാക്കിസ്ഥാന്റെ പരമാധികാരത്തിലുള്ള അമേരിക്കന്‍ കൈകടത്തലായി പാക്കിസ്ഥാന് കരുതിയപ്പോള്‍ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥര്‍ക്ക് ലാദനെ ഒളിപ്പിച്ചതിന് പിന്നില്‍ പങ്കുണ്ടോ എന്നായിരുന്നു അമേരിക്കയുടെ സംശയം. വടക്കന്‍ വസിരിസ്ഥാനില്‍ സൈനിക നടപടിയെടുത്താല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ആരെങ്കിലും തന്നെ വിശ്വസിപ്പിച്ചാല്‍ അങ്ങനെ ചെയ്യാമെന്ന് കയാനി പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞു. ഇനി അഥവാ അവിടെ സൈനിക നടപടി എടുക്കേണ്ടിവന്നാല്‍ രാജ്യത്തിന്റെ കഴിവും പരിപാടിയുമനുസരിച്ച് അതുചെയ്യും, പാക് സൈനികതലവന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്റെ ദൃഢീകരണമാണ് അതിര്‍ത്തിയിലെ ഭീകരരെ നശിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുന്നതിലും മെച്ചമെന്നും കയാനി പറഞ്ഞു. കയാനിയുടെ പ്രസ്താവന യുഎസ്-പാക് ബന്ധങ്ങളില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തിയേക്കുമെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: