അങ്കാറ: കുര്‍ദിഷ് വിമതരും പട്ടാളക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 24 തുര്‍ക്കി പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കുര്‍ദിഷ് പ്രവിശ്യയായ ഹക്കാരിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. റെബലുകളുടെ താവളമായ വടക്കന്‍ ഇറാക്കില്‍ തുര്‍ക്കിപ്പട ആക്രമണം അഴിച്ചുവിട്ടു. ഈ പ്രദേശത്ത് കുര്‍ദിഷ് ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുകയും അവര്‍ക്കെതിരെ തുര്‍ക്കി പോലീസ് നടപടികളെടുക്കുകയും ചെയ്യുന്നത് സാധാരണമാണ്. സംശയമുള്ള വിമത അനുകൂലികള്‍ക്കെതിരെ നടപടികളെടുക്കുകയും വടക്കന്‍ ഇറാക്കിലെ കുര്‍ദിഷ് താവളങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തുകയും പതിവാണ്. കുര്‍ദിഷ് സ്വാധീനം കൂടുതലുള്ള തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് സുരക്ഷാസേനയെ അവര്‍ കൊന്നൊടുക്കുന്നു. ജൂലൈ മധ്യത്തിനുശേഷം അത്തരം ആക്രമണങ്ങളില്‍ 17 പേരോളം കൊല്ലപ്പെട്ടു. 1984 ല്‍ ഈ ആക്രമണ പരമ്പര ആരംഭിച്ചതോടെ അനേകം ആളുകളുടെ ജീവന് നഷ്ടപ്പെട്ടു. ഇതില്‍ ഏറ്റവും അവസാനത്തേത് കുക്കുര്ക്കയിലും യുക്സെകോവ ജില്ലയിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രിയില്‍ അരങ്ങേറിയതാണ്. ഈ സംഭവത്തില്‍ 24 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായും 186 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുര്‍ദിഷ് തീവ്രവാദി സംഘടനയായ പികെകെ ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. തുര്‍ക്കി വിമാനങ്ങള്‍ വടക്കന്‍ ഇറാക്കിലുള്ള കുര്‍ദിഷ് തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ബോംബിടുകയാണെന്ന് സുരക്ഷാ സേന വക്താവ് അറിയിച്ചു. എന്നാല്‍ പട്ടാളവും ആ പ്രദേശത്തു കടന്നതായി പ്രാദേശിക വക്താക്കള്‍ പറഞ്ഞു.
തുര്‍ക്കിയെ ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാവില്ലെന്നും ഇതവസാനിപ്പിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്നും പ്രസിഡന്റ് ഗള് ടെലിവിഷനിലൂടെ അറിയിച്ചു. ഈ സംഭവങ്ങള്‍ മൂലം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും നടത്താനിരുന്ന വിദേശയാത്രകള്‍ റദ്ദാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് മധ്യത്തില്‍ കുക്കൂറയില് 9 തുര്‍ക്കി ഭടന്മാര് ഒരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപകരമായി തുര്‍ക്കി വടക്കന്‍ ഇറാക്കിലെ കുര്‍ദിഷ് താവളങ്ങള്‍ക്കുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ 160 പേര് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ സംഭവത്തോടെ കുര്‍ദിഷ് കലാപകാരികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാനിടയുണ്ടെന്ന് വാര്‍ത്താലേഖകര്‍ അഭിപ്രായപ്പെട്ടു. തീവ്രവാദത്തെ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുര്‍ദിഷ് ഭീകരരെ നേരിടാന്‍ കുറെക്കൂടി ആയുധശക്തിയുള്ള പട്ടാളമാവും കൂടുതല്‍ മെച്ചമെന്ന് നിരീക്ഷകര്‍ കരുതുന്നു.
രണ്ടുവര്‍ഷംമുമ്പ് കുര്‍ദിഷ് ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കി തെക്കുകിഴക്കു ഭാഗത്തെ സംഘട്ടനത്തിനു അയവുവരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിപ്പോള്‍ പ്രാബല്യത്തിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: