മനുഷ്യജീവിതത്തിന്റെ പ്രധാനലക്ഷ്യം ആത്മജ്ഞാനം നേടലാകുന്നു. ഇതത്രേ യഥാര്‍ത്ഥ പുരുഷാര്‍ത്ഥം. ഈ ലക്ഷ്യം നേടിയാല്‍ മനുഷ്യജീവിതം സഫലമായി. നശ്വരവും അനശ്വരവും തിരിച്ചറിയാനും ഇന്ദ്രിയനിയന്ത്രണത്തിനുമുള്ള കഴിവ്, മുക്തിക്കുള്ള വെമ്പല്‍, ആത്മാന്വേഷണം എന്നീ നാലു പവിത്രഗുണങ്ങളും ഭക്തിയെ ആശ്രയിച്ചിരിക്കുന്നു. ‘ഭജ്’ ധാതുവില്‍ നിന്നാണ് ‘ഭക്തി’യുണ്ടായത്. ഭജ് എന്നാല്‍ പവിത്രവും അന്യൂനവുമായ പ്രേമമെന്നാകുന്നു അര്‍ത്ഥം.
ഈ ലോകത്തില്‍ പ്രേമത്തെക്കാള്‍ മഹത്തായ മറ്റൊരു ഗുണവുമില്ല. പ്രേമം സത്യമാകുന്നു, ധര്‍മ്മമാകുന്നു, സമ്പത്തുമാകുന്നു. ഈ ലോകം പ്രേമത്തില്‍ നിന്നുളവായിരിക്കുന്നു. പ്രേമത്താല്‍ വൃദ്ധിനേടുന്നു. ഒടുവില്‍ പ്രേമത്തില്‍ ലയിക്കുന്നു. ഓരോ അണുവിന്റെയും ഉല്പത്തി പ്രേമത്തില്‍ നിന്നാകുന്നു. അണുശക്തി, കാന്തശക്തി, എന്നീ അസംഖ്യം ശക്തികള്‍ ഈ ലോകത്തിലുണ്ട്. എന്നാല്‍ പ്രേമത്തിന്റെ ശക്തി മേറ്റ്ല്ലാറ്റിനെയും കവിഞ്ഞതാകുന്നു. വിശ്വാസവും പ്രേമവുമില്ലെങ്കില് ജീവിതം നിഷ്പ്രയോജനമാകുന്നു. എന്തെന്നാല്‍ ഈ ലോകത്തില്‍ മനുഷ്യന് പ്രേമമാണ് ജീവിതം; പ്രേമം സര്വ്വവുമാകുന്നു. പഞ്ചഭൂതങ്ങളുടെ ഉല്‍പ്പത്തിയും പ്രേമത്തില്‍ നിന്നാകുന്നു. എല്ലാ വ്യക്തിയിലും പ്രേമമാണ് തെളിഞ്ഞ് പ്രകാശിക്കുന്നത്. പക്ഷേ, പ്രേമത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനാകാതെ മനുഷ്യന് അതിനെ ശരീരബന്ധങ്ങളില് ആരോപിക്കുന്നു. അമ്മയ്ക്ക് കുഞ്ഞിനോടുള്ള പ്രേമം വാത്സല്യമാകുന്നു. ഭാര്യാഭര്ത്തൃപ്രേമബന്ധത്തെ മോഹമെന്നും സുഹൃത്തുക്കള്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലുമുള്ള പ്രേമത്തെ അനുരാഗമെന്നും പറയും. ഈശ്വരനോടുള്ള പ്രേമത്തിന് ഭക്തിയെന്നും പറയുന്നു.
ആദ്ധ്യാത്മമാര്ഗത്തിലുള്ളവര് പലരും ഇന്ന് ധ്യാനം, തപസ്, യോഗം, വേദമന്ത്രജപം എന്നിങ്ങനെ പല സാധനമാര്ഗങ്ങളും നടത്തിപ്പോരുന്നു. എല്ലാറ്റിനും അടിസ്ഥാനമായി, അന്തര്‍വാഹിനിയായി പ്രേമമുണ്ടായിരിക്കണം. അതില്ലെങ്കില്‍ എല്ലാം സമയം പാഴാക്കലായിത്തീരും. പ്രേമഭാവത്തോടെയല്ല, മന്ത്രജപമെങ്കില് യാതൊരു പ്രയോജനവും ലഭിക്കില്ല. വേദം അരുള്‍ ചെയ്യുന്നു : “ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗേനൈ കേന അമൃതത്വമാനസു” – സമ്പത്തുകൊണ്ടോ സന്തതികൊണ്ടോ സല്ക്കര്മ്മങ്ങള്കൊണ്ടോ അനശ്വരത്വം നേടാന്‍ കഴിയില്ല. അത് ത്യാഗം കൊണ്ടേ സാധിക്കൂ. അനശ്വരത്വമെന്നാല് പ്രേമമല്ലാതെ മറ്റൊന്നുമല്ല. പ്രേമം അമൃതമാണ്, അനന്തമാണ്, ആനന്ദമാണ്. ഇന്ന് ഈ പ്രേമത്തിന്റെ ശക്തികൊണ്ടുമാത്രമേ പാപത്തിന്റെ ശാപത്തെ ഇല്ലാതാക്കുവാന്‍ സാധിക്കൂ. പ്രേമമൊന്നുകൊണ്ടുമാത്രമേ ജീവിതത്തിന് പുരുഷവികാരങ്ങളെയും നിഷ്കാസനം ചെയ്യാനും ജീവിത്തിന് മാധുര്യം നല്കാനുമാവൂ.
ആഗ്രഹങ്ങളുടെ ആധിക്യത്താല്‍ മനുഷ്യഹൃദയത്തില്‍ പ്രേമത്തിന് ഇടമില്ലാതായിരിക്കുന്നു. എവിടെ വിശ്വാസമുണ്ടോ അവിടെ പ്രേമമുണ്ട്; എവിടെ പ്രേമമുണ്ടോ അവിടെ ശാന്തിയുണ്ട്; എവിടെ ശാന്തിയുണ്ടോ അവിടെ സത്യമുണ്ട്; എവിടെ സത്യമുണ്ടോ അവിടെ ഈശ്വരനുണ്ട്. അതുകൊണ്ട് ഈശ്വരവിശ്വാസം വളര്‍ത്തുക.
വിവ : മുരളീധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: