കെപിഎസി എന്ന നാടകസമിതി അവതരിപ്പിച്ച വളരെ പ്രസിദ്ധവും ജനപ്രിയവുമായിരുന്ന ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകമാണ് കേരളത്തില്‍ കമ്മ്യൂണിസത്തിന് വേരോട്ടം നേടിക്കൊടുത്തതെന്ന് പഴമക്കാര്‍ പറയുമായിരുന്നു. കെപിഎസിയുടെ നാടകങ്ങളെല്ലാം അക്കാലത്ത് ഹിറ്റുകളായിരുന്നല്ലോ. കെപിഎസി സുലോചനയും കെപിഎസി ലളിതയും ഒ. മാധവനും കെ.എസ്. ജോര്‍ജും ഇന്ന് മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു.
കെപിഎസിയുടെ സ്ഥാപകരിലൊരാളും അതിലെ അഭിനേതാവുമെല്ലാം ആയിരുന്ന പ്രസിദ്ധ അഭിഭാഷകന്, അന്തരിച്ച ജനാര്‍ദ്ദനക്കുറുപ്പ്, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശാരദയുടെ പിതാവായിരുന്നു. ശാരിയോടൊപ്പം ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ ചെല്ലുമ്പോഴെല്ലാം അന്ന് എണ്‍പതിനോടടുത്ത കുറുപ്പ് ചേട്ടന് കെപിഎസി നാടകങ്ങളിലെ ഗാനങ്ങള്‍ മനോഹരമായി പാടുമായിരുന്നു. കെപിഎസി നിലച്ചതും നാടകസംസ്കാരം തന്നെ അപ്രത്യക്ഷമായതും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നിയമസഭാംഗങ്ങളില്‍ ചിലര്‍ അകത്തും പുറത്തും നടത്തിയ പ്രകടനം കണ്ട് കോള്മയിര്കൊള്ളുമായിരുന്നു. ഇന്നേവരെ ഒരു നാടകനടനോ മോഹന്‍ലാലും ജഗതിയുമടക്കം ഒരു സിനിമാനടനോ സ്വപ്നം കാണാന്‍ പോലും കഴിയാത്ത അഭിനയശേഷിയോടെയാണ് ടി.വി. രാജേഷ് ചാനല്‍ക്യാമറകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തിയത്. ഒരു ‘കട്ട്’ പറയാന്‍ പോലും ആര്‍ക്കും നാവ് പൊങ്ങിയില്ല. ഇദ്ദേഹം ഈ അഭിനയസിദ്ധി പയ്യന്നൂരിലെ സ്വകാര്യച്ചടങ്ങിലും പ്രദര്ശിപ്പിച്ചിരുന്നത്രെ.
ഇനി കെപിഎസി പുനര്ജ്ജീവിപ്പിക്കണം എന്ന് തോന്നുകയാണെങ്കില്‍ അവര്‍ക്ക് നാടകനടനെ തേടി അലയേണ്ടിവരില്ല. നായക-വില്ലന്‍ വേഷങ്ങള്‍ ചാതുര്യത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നായകന്മാരാണല്ലൊ ഇന്ന് നിയമസഭയിലുള്ളത്.
നിയമസഭാ സാമാജികരില്‍ പലരും ഇന്ന് മിമിക്രി കലാകാരന്മാര്ക്ക് ജീവനോപാധിയും നല്‍കുന്നുണ്ട്. സാമാജികരില്‍ ചിലരുടെ മസില് പിടിച്ചുള്ള നില്‍പ്പും നീട്ടിക്കുറുക്കിയുള്ള സംഭാഷണരീതിയും ഏത് മിമിക്രി ആര്‍ട്ടിസ്റ്റിന്യും ആവേശം കൊള്ളിക്കുന്നു. ഒരു മാന്യദേഹത്തിന്റെ പ്രസംഗശൈലി അറിയാതെതന്നെ ഇന്ന് പലരും അനുകരിക്കുന്നതും കാണാം. അന്തരിച്ച കരുണാകരനും പ്രതിരോധമന്ത്രി ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമെല്ലാം മിമിക്രി എന്ന കലാരൂപത്തിന്റെ പ്രോത്സാഹകരാണ്. പക്ഷെ ‘പച്ചക്കള്ളം’ കേട്ട് നവരസഭാവങ്ങളോടെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള സിദ്ധിയൊന്നും ഇവര്‍ക്കില്ല.
നായകന്മാര് നിറയുമ്പോഴും നായികമാരുടെ അഭാവം വലിയ ശൂന്യതയാണ് നിയമസഭയില്‍ സൃഷ്ടിക്കുന്നത്. ചേഷ്ടകളും ശരീരഭാഷയും സഹിതം ഉഗ്രന്‍ പ്രദര്‍ശനം കാഴ്ചവെച്ച നായക കഥാപാത്രത്തിനരികില്‍ തന്റെ മൂക്കിന് വാച്ച് ആന്റ് വാര്‍ഡ് ഇടിച്ചു എന്നു ചിരിച്ചുകൊണ്ട് പറയുന്ന നായികക്ക് തീരെ അഭിനയശേഷിയില്ല. അല്പം പൗഡര്‍ തൂത്തുകളഞ്ഞ് ഇടിയുടെ ഭാഗമെങ്കിലും ഒന്ന് ചുവപ്പിച്ച് കാണിക്കാമായിരുന്നു. അതുപോലെ നായകന് അടികൊണ്ടു എന്ന് പറഞ്ഞ് പ്രദര്‍ശിപ്പിച്ച ഭാഗങ്ങളില്‍ കുട്ടിക്കാലത്ത് ഏറ്റ പാടുകളുടെ തഴമ്പ് പോലും കാണാനില്ലായിരുന്നു. അതും ക്യാമറയുടെ പിഴവായിരിക്കും.
എന്നാലും ഒരു കാര്യത്തില്‍ ഫെമിനിസ്റ്റുകള്‍ക്ക് സന്തോഷിക്കാം. മുഴുവന്‍ മാധ്യമശ്രദ്ധ നായകര്‍ക്ക് വിട്ടുകൊടുക്കാതെ സമീപത്ത് നിലയുറപ്പിക്കാനും നിയമസഭാ സാമാജികര്‍ക്ക് ഭൂഷണമായ കള്ളങ്ങള്‍ പറയാനുള്ള കഴിവും ചുരുക്കം വനിതകളെങ്കിലും സ്വായത്തമാക്കുന്നുണ്ടല്ലോ.
നിയമസഭാംഗങ്ങള്‍ പണ്ട് സമാദരണീയരായിരുന്നു. സി. അച്യുതമേനോനും പനമ്പിള്ളി ഗോവിന്ദമേനോനും മറ്റും ഇന്നും ആദരവ് ഉണര്‍ത്തുന്ന ഓര്‍മകളാണ്. പക്ഷെ ഇന്ന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ രാഷ്ട്രീയം അപച്യുതി നേരിടുകയാണെന്നും അഴിമതിയില്‍ ആറാടുകയാണെന്നും പത്രദൃശ്യമാധ്യമ വാര്‍ത്തകളും അണ്ണാ ഹസാരെ പ്രചാരണവും സ്ഥിരീകരിക്കുമ്പോള്‍ത്തന്നെ, ഇലക്ഷന് വാച്ച് പോലുള്ള സംഘടനകള്‍ വെളിപ്പെടുത്തുന്നത് നിയമസഭാ-ലോക്സഭാ സാമാജികരുടെ ആസ്തി ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇരട്ടിയോ നാലിരട്ടിയോ ആയി വര്‍ധിക്കുന്നു എന്നാണ്. ഇന്ന് സ്വര്ണനിക്ഷേപത്തേക്കാള് ആദായകരം രാഷ്ട്രീയനിക്ഷേപമാണെന്ന് ഓരോ തെരഞ്ഞെടുപ്പുകളും തെളിയിക്കുന്നുണ്ട്.
ഇപ്പോള്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും പറയുന്നത് കുറ്റകൃത്യങ്ങള്‍ക്ക് മാന്യത ലഭിക്കുന്ന കാലമാണിത് എന്നാണ്. നേതാക്കന്മാര് ഒന്നിന് പുറകെ ഒന്നായി കുറ്റാരോപിതരായി തിഹാറിലും സംസ്ഥാന ജയിലുകളിലും കഴിയുമ്പോള്‍ അത് കുറ്റകൃത്യങ്ങള്‍ക്ക് മാന്യത നേടിക്കൊടുത്ത് സാമാന്യ ജനങ്ങള്‍ക്ക് റോള്‍ മോഡലുകളായി മാറുന്നു. 2 ജി സ്പെക്ട്രം അഴിമതിയിലെ 1.76 ലക്ഷം കോടി എന്ന സംഖ്യയുടെ പൂജ്യങ്ങള്‍ എണ്ണാന്‍ കഴിയുന്നതിലധികമാണെന്ന് സുപ്രീംകോടതി വിമര്‍ശിക്കുകയുണ്ടായി. ക്രിക്കറ്റ് എന്നത് ‘ജന്റില്മെന്സ് ഗെയിം’ എന്ന ധാരണ തിരുത്തി ക്രിക്കറ്റ് കളിക്കാരെയും ലളിത് മോഡിയെയും പോലുള്ള ക്രിക്കറ്റ് കണ്ട്രോളര്മാര് സ്വായത്തമാക്കുന്ന കോടികളും തെറ്റായ സന്ദേശംതന്നെയാണ് നല്‍കുന്നത്.
‘തെറ്റായ’ എന്നത് കാലഹരണപ്പെട്ട പ്രയോഗമാണ്. പ്രത്യയശാസ്ത്രം മാറുന്നപോലെ ധാരണകളും മൂല്യങ്ങളും മാറും. അതിന്റെ ഉദാഹരണമാണല്ലോ നിയമസഭയില്‍ സ്പീക്കര്‍ക്കുനേരെ എടാ വാടാ പ്രയോഗം നടത്തിയിട്ട് പച്ചക്കള്ളം പറയുന്ന നേതാക്കള്‍ ഒരു കൂസലുമില്ലാതെ വിലസുന്നത്. ഇതോടൊപ്പം കളരിവിദഗ്ധനായ മന്ത്രിയുടെ നഗ്നതാ പ്രദര്‍ശനത്തിന്റെ കര്ട്ടണ് സഭയില്‍ ഉയര്‍ന്നത് നഗ്നതാപ്രദര്‍ശന വൈറസ് നിയമസഭയിലേക്കും പടരുന്നോ എന്ന സംശയമുയര്‍ത്തി. “വനിതാ സാമാജികര്‍ക്ക് മുമ്പില്‍ കാലുയര്‍ത്തി, മുന്‍വശത്തെ മുണ്ട് നീക്കി” എന്നൊക്കെയാണ് ബഹുമാന്യനായ പ്രതിപക്ഷനേതാവ് സഭ്യമായി പറഞ്ഞിരിക്കുന്നത്!
കേരളം എന്നും ആഗോള മാതൃകയാണ്. വെള്ളിയാഴ്ച മുതല്‍ കേരള നിയമസഭയില്‍ അരങ്ങേറുന്നതും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആഗോള മോഡല്‍ ആകാന്‍ യോഗ്യതയുള്ളതാണ്. പ്രസിദ്ധ കവി ചെമ്മനം ചാക്കോ പാടിയപോലെ
‘വെല്‍ ഓഫ് ദി ഹൗസ്’ എന്നിംഗ്ലീഷില്‍
ചൊല്ലുന്ന ‘കിണര്‍’ അല്ലയോ എമ്മെല്ലേമാര്‍
വിരാജിക്കും
സഭ തന്റെ നടുത്തളം” എന്നും “അക്കിണറ്റില്
അല്പരാം മാക്രികള്‍ ക്രോം ക്രോം
ജല്‍പ്പനം കൂടി എന്നിട്ടും” എന്നും
കണ്ണുകള്‍ ചെവിയും പൊത്തി-ത്തന്നെ മാലോകര്‍
വാഴണം
മാനം മര്യാദ ഹോമിക്കും- സ്ഥാനം പിന്നെ നടുത്തളം”
ഇപ്പോള്‍ നിയമസഭാ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം ഒരുക്കും എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭീഷണി. ഇതിനെതിരെ ടിവി, ചാനല്‍-സിനിമാ പ്രൊഡ്യൂസര്‍മാരും നടീനടന്മാരും രംഗത്തുവരാനും സഭക്കുള്ളില്‍ ഡിവൈഎഫ്ഐ-എസ്എഫ്ഐ-കെഎസ്യു സമരങ്ങളെ നിഷ്പ്രഭമാക്കുന്ന സമരരൂപങ്ങള്‍ രംഗപ്രവേശം ചെയ്യാനും സാധ്യത ഒരുങ്ങുകയാണ്.
കേരളത്തിലെ സ്ത്രീകള്‍ ഇപ്പോള്‍ സ്വയംമറന്ന് കാണുന്നത് ഹരിചന്ദനം, നിലവിളക്ക്, അമ്മക്കിളി മുതലായ സീരിയലുകളും ലോകപ്രസിദ്ധവും അതുല്യവുമായ രഞ്ജിനി ഹരിദാസിന്റെ സ്റ്റാര്‍സിംഗറും മറ്റും ആണ്. ഉച്ചസിനിമകളും വീട്ടമ്മമാര്‍ക്ക് ഹരമാണ്.
കേരള നിയമസഭയിലെ പരിപാടികള്‍ മാലോകര്‍ക്ക് മുമ്പില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍, അതില്‍ കരച്ചിലും ഇടിയും പിടിവലിയും എടാ-വാടാ പ്രയോഗവും തെറികളും കൂട്ടയോട്ടവും മറ്റും പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ തേജാഭായിയും പാച്ചുവും കോവാലനും മറ്റും ആര്‍ക്ക് കാണണം? ഹരിചന്ദനത്തിലെ വില്ലനായ മഹാദേവനും അമ്മക്കിളിയിലെ വില്ലനായ ജോസും നിഷ്പ്രഭരാകുന്ന കാഴ്ചകള്‍ ഇനി നിയമസഭാ സീനുകളില്‍ ലഭിക്കും. യഥാര്‍ത്ഥ റിയാലിറ്റി ഷോ വരുമ്പോള്‍ അതല്ലേ കാണേണ്ടത്.
എനിക്കുള്ളത് ഒരു നിര്‍ദ്ദേശം മാത്രം. ഇത്ര അഭിനയശേഷിയുള്ള എംഎല്‍എമാര്‍ക്ക് അഭിനയ അലവന്‍സും കൂടി നല്‍കാവുന്നതാണ്. നിയമസഭാ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് കാണാന്‍ നിശ്ചിത ചാര്‍ജുകൂടി ഈടാക്കിയാല്‍ പാവം ജനങ്ങളെ പിഴിയുന്നു എന്ന് തോന്നാതെ പിഴിഞ്ഞ് സാമാജികരുടെ ആസ്തി വര്‍ധിപ്പിക്കാവുന്നതാണ്. എന്തായാലും ജനക്ഷേമം തങ്ങളുടെ വിഷയമല്ലെന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പോലും ബഹിഷ്കരിക്കുന്ന പ്രതിപക്ഷാംഗങ്ങള്‍ നിത്യവും തെളിയിക്കുന്നുണ്ട്.
ഇപ്പോള്‍ നാടകരംഗം പുനരുജ്ജീവിപ്പിക്കാന്‍ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ശ്രമിക്കുകയാണത്രെ. മഹാനടന്മാരായ കേരള നിയമസഭയിലെ താരങ്ങളെക്കൂടി അവര്‍ക്ക് പരിഗണിക്കാവുന്നതാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: