കൂരോപ്പട: കൂരോപ്പടയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്പോര് രൂക്ഷമായതിനേ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം സജീവമായി. അവിശ്വാസ പ്രമേയത്തെ ഭയന്ന് ൨൪ ന് നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മറ്റി മാറ്റിവച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് കൂഞ്ഞുഞ്ഞമ്മ കുര്യന് വാന്‍ അഴിമതികള്‍ നടത്തിയതായി ആരോപിച്ചാണ് മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസത്തിന് ശ്രമം നടത്തുന്നത്. കുഞ്ഞൂഞ്ഞമ്മ കുര്യനെതിരെ തയ്യാറാക്കിയ അവിശ്വാസപ്രമേയത്തിണ്റ്റെ കോപ്പി സ്ഥലം എംഎല്‍എ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഡിസിസി പ്രസിഡണ്റ്റ് കുര്യന് ജോയിയും നല്‍കിക്കഴിഞ്ഞു. ൧൨ കോണ്‍ഗ്രസ് അംഗങ്ങളില്‍ ൯ പേര് ഒപ്പിട്ട പ്രമേയമാണ് കൈമാറിയിരിക്കുന്നത്. ഇതോടെ സ്ഥാനം ഒഴിയുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത നിലയിലാണ് പ്രസിഡണ്റ്റ്. ൧൭ അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ൧൨ അംഗങ്ങളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ബിജെപിക്ക് ഒരംഗവും ഇടതുപക്ഷത്തിന് ൪ പേരുടേയും പിന്തുണയുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ധാരണപ്രകാരം അടുത്ത നവംബര്‍വരെ കുഞ്ഞൂഞ്ഞമ്മ കുര്യനാണ് പ്രസിഡണ്റ്റ് പദവി നല്‍കിയത്. തുടര്‍ന്ന് സന്ധ്യ സുരേഷ്, അമ്പിളി മാത്യു എന്നിവര്‍ക്കും ഊഴമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്റ്റ് ഒ.സി. ജേക്കബും പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. അപ്പുക്കുട്ടന് നായരും തമ്മിലുള്ള കലഹമാണ് അവിശ്വാസ പ്രമേയത്തിലെത്തി നില്‍ക്കുന്നത്. കെ.കെ. അപ്പുക്കുട്ടന്‍നായരുടെ അനുയായിയായി കോണ്‍ഗ്രസിലെത്തിയ ഒ.സി. ജേക്കബിനെ മണ്ഡലം പ്രസിഡണ്റ്റാക്കിയതോടെ തിരിയുകയായിരുന്നു. ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ജീവനക്കാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ക്ക് മണ്ഡലം പ്രസിഡണ്റ്റ് സ്ഥാനം ദുരുപയോഗം ചെയ്ത് ലക്ഷങ്ങള്‍ കൈകൂലി വാങ്ങിയെന്നാണ് മറുഭാഗത്തിണ്റ്റെ ആരോപണം. ഗ്രാമപഞ്ചായത്തിലും ലക്ഷക്കണക്കിനു രൂപയുടെ അഴിമതി പ്രസിഡണ്റ്റിണ്റ്റെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്റ്റ് നടത്തിയതായി മറുപക്ഷം ആരോപിക്കുന്നു. അഴിമതിക്കാരനായ ജീവനക്കാരനെ ട്രാന്‍സ്ഫര്‍ ചെയ്യിച്ചത് പ്രസിഡണ്റ്റ് ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് തടഞ്ഞതോടെയാണ് ഇരുപക്ഷവും പരസ്യ നിലപാടുകളിലേക്കു പോയത്. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ നല്കിയതിലുള്പ്പെടെ വ്യാപക അഴിമതി നടക്കുന്നുണ്ട്. കെ.കെ. അപ്പുക്കുട്ടന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിരായതോടെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്റ്റുമാര്‍ ഭൂരിപക്ഷവും മണ്ഡലം പ്രസിഡണ്റ്റിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം കൂരോപ്പട എന്‍എസ്എസ് എല്‍.പി. സ്കൂളില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ മണ്ഡലം പ്രസിഡണ്റ്റ് ഒ.സി. ജേക്കബിനെയും പഞ്ചായത്ത് പ്രസിഡണ്റ്റ് കുഞ്ഞൂഞ്ഞമ്മ കുര്യനേയും പുറത്താക്കണമെന്ന് ഐക്യകണ്ഡമായി ജില്ലാനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനില്‍ കൂരോപ്പട, എം.ജി. ഗോപാലകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് എം.പി. അന്ത്രയോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഔദ്യോഗികപക്ഷത്തിനെതിരായ നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: