Categories: Kerala

അന്വേഷണം വഴിമുട്ടി; പോക്കറ്റടി പ്രതികള്‍ സൃഷ്ടിച്ച നാടകം

Published by

കൊച്ചി: പോക്കറ്റടി ആരോപിച്ച്‌ നിരപരാധിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പോലീസ്‌ കസ്റ്റഡി ഇന്നലെ അവസാനിച്ചു. ഇവരെ വീണ്ടും ആലുവ സബ്ജയിലില്‍ അടച്ചു. കേസിലെ മൂന്നാമത്തെ പ്രതിയെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്‌. ഇയാളുടെ രേഖാചിത്രം തയ്യാറാക്കി വരുന്നതായി പോലീസ്‌ പറഞ്ഞു.

ബസ്സിലെ പോക്കറ്റടി കേസിലെ ഒന്നാം പ്രതി മൂവാറ്റുപുഴ ഇഞ്ചിക്കണ്ടത്തില്‍ സന്തോഷും രക്ഷപ്പെട്ടയാളും കൂടി നടത്തിയ ഒരു നാടകമാണെന്ന്‌ അന്വേഷണത്തില്‍ പോലീസിന്‌ വെളിവായിട്ടുണ്ട്‌. പാലക്കാട്‌ നിന്നും യാത്ര തുടരുമ്പോള്‍ കൈവശം 19,500 രൂപ ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ടതിന്‌ ശേഷം ലഭിച്ച ഇയാളുടെ പേഴ്സില്‍ നിന്നും ആറായിരം രൂപയാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. എന്നാല്‍ ഒന്നാം പ്രതി സന്തോഷിന്റെ പക്കല്‍ നിന്നും 17,172 രൂപ ലഭിച്ചിട്ടുണ്ട്‌. ഒന്നാം പ്രതിയും കൂട്ടാളിയും കൂടി രഘുവിന്റെ പണം കൈക്കലാക്കുകയാണുണ്ടായതെന്നും എന്നിട്ട്‌ രഘുവിനെ പോക്കറ്റടിക്കാരനായി ഇവര്‍ മനപ്പൂര്‍വ്വം ചിത്രീകരിക്കുകയുമായിരുന്നുവെന്നാണ്‌ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്‌. സന്തോഷിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചതില്‍ പോലീസിന്‌ ഇത്‌ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു.

ഇതിനിടെ കേസില്‍ രണ്ടാം പ്രതിയായ ഗണ്‍മാന്‍ സതീശനെ രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കവും ആരംഭിച്ചിട്ടുണ്ട്‌. പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഗണ്‍മാന്‍ കേസിലെ രണ്ടാം പ്രതിയാണെങ്കിലും അടുത്ത അന്വേഷണ റിപ്പോര്‍ട്ടില്‍ ഇയാളെ കേസില്‍ നിന്നും ഊര്‍ത്തുന്നതിനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതിനായി രാഷ്‌ട്രീയ സ്വാധീനവും പണസ്വാധീനവും പോലീസിനുമേല്‍ ഉണ്ട്‌. സംഭവദിവസം ബസില്‍ യാത്ര ചെയ്ത ചിലരുടെ പൂര്‍ണ്ണവിവരവും ബസ്‌ ടിക്കറ്റും ഇതിനിടയില്‍ ചിലര്‍ സംഘടിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്‌. സാക്ഷിപ്പട്ടികയില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്‌.

ഇതിനിടെ സംഭവം നടന്ന കെഎസ്‌ആര്‍ടിസി ബസ്‌ കണ്ടക്ടറുടെ നിലപാടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. ചാലക്കുടി മുതല്‍ ആരംഭിച്ച പോക്കറ്റടി തര്‍ക്കം പെരുമ്പാവൂരില്‍ എത്തുന്നതുവരെ ഇടക്കുള്ള പോലീസ്‌ സ്റ്റേഷനുകളിലോ കെഎസ്‌ആര്‍ടിസി സ്റ്റാന്റിലോ അറിയിക്കാതെ യാത്ര തുടര്‍ന്ന കണ്ടക്ടറുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട രഘുവും പ്രതികളും ഇറങ്ങിയശേഷം ബസ്‌ യാത്ര പുറപ്പെടുകയാണുണ്ടായത്‌. ഇടക്കുള്ള സ്റ്റേഷനുകളില്‍ എവിടെയെങ്കിലും കണ്ടക്ടര്‍ വിവരം ധരിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ രഘു കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന ചിന്തയും ചിലര്‍ക്കുണ്ട്‌. കണ്ടക്ടര്‍ വളരെ ലാഘവബുദ്ധിയോടെയാണ്‌ കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

കെ.എസ്‌. ഉണ്ണികൃഷ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by