അഴിമതി വിഴുങ്ങിയ ഭരണകൂടത്തിന്റെ അമരക്കാരനാണ് ഡോ.മന്‍മോഹന്‍സിംഗ്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുന്നത് തടയുകയും വെളിപ്പെട്ട വിവരങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയുമാണ് പ്രധാനമന്ത്രിയെന്ന നിലയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്തരവാദിത്തബോധത്തോടെ, ബദ്ധശ്രദ്ധനായി മന്മോഹന് ചെയ്തുപോരുന്നത്. 2ജി സ്പെക്ട്രം ഇടപാടില്‍ ആരോപണ വിധേയനായ മുന്‍ ടെലികോം മന്ത്രി എ.രാജയെ തുടക്കത്തില്‍ നിരന്തരമായി ന്യായീകരിച്ചുപോന്നതും കേസില്‍ ധനമന്ത്രാലയം ഗുരുതരമായ ആരോപണമുയര്‍ത്തിയ ആഭ്യന്തരമന്ത്രി പി.ചിദംബരത്തില്‍ ആവര്‍ത്തിച്ച് വിശ്വാസം രേഖപ്പെടുത്തിയതും ഈ അടവുനയത്തിന്റെ ഭാഗമായിരുന്നു. ഏറ്റവുമൊടുവില്‍ വിവരാവകാശ നിയമം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന നിര്‍ദ്ദേശമാണ് മന്‍മോഹനില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
വിവരാവകാശ കമ്മീഷന്റെ ആറാം വാര്‍ഷിക സമ്മേളനത്തിലാണ് അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നു എന്ന് അവകാശപ്പെടുന്ന മന്മോഹന്റെ മനസ്സിലിരിപ്പ് പുറത്തുചാടിയത്. “സുചിന്തിതമായ ഭരണപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുകയും സ്വന്തം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍നിന്ന് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു” എന്നാണ് വിവരാവകാശനിയമം പുനഃപരിശോധിക്കേണ്ടതിന്റെ ന്യായീകരണമായി മന്‍മോഹന്‍സിംഗ് ഉന്നയിച്ച ആക്ഷേപം. നിയമത്തിലെ ഇളവുകള്‍ സംബന്ധിച്ച വകുപ്പുകള്‍ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നുണ്ടോ, ഇക്കാര്യത്തില്‍ ഒരു മാറ്റം ആവശ്യമുണ്ടോ, വിവരങ്ങള്‍ ലഭ്യമാക്കാനുള്ള വിഷമകരമായ അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം രൂപീകരിക്കേണ്ടതുണ്ടോ എന്നിങ്ങനെ പ്രത്യക്ഷത്തില്‍ യുക്തിസഹവും പരിഗണനാര്ഹവുമെന്ന് തോന്നിപ്പിക്കുന്നതുമായ നിര്‍ദ്ദേശങ്ങളാണ് മന്‍മോഹന്‍സിംഗ് മുന്നോട്ടുവെച്ചത്.
നടുക്കുന്ന അഴിമതിയാരോപണങ്ങളുടെ മുള്‍മുനയില്‍ നില്ക്കുന്ന ഒരു സര്‍ക്കാരിനാണ് മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്നത്. അഴിമതികളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുകയുമാണ്. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമത്തെക്കുറിച്ചുള്ള മന്മോഹന്റെ ആശങ്കകള്‍ സദുദ്ദേശ്യപരമായി കാണാന്‍ ആര്‍ക്കുമാവില്ല.
ലോകത്തെ ഏറ്റവും കഴിവുകെട്ട ഭരണാധികാരിക്കുള്ള അവാര്‍ഡ് അധികാരത്തിലിരുന്ന ഏഴുവര്‍ഷവും ലഭിക്കാവുന്ന വ്യക്തിയാണ് മന്മോഹന്. ഇക്കാര്യത്തില്‍ ആരെങ്കിലുമായി മത്സരിക്കേണ്ടതിന്റെയോ ജൂറിയുടെയോ ഒന്നും ആവശ്യമില്ല. അത്ര ‘മികച്ച പ്രകടന’മാണ് മന്മോഹന് കാഴ്ചവെച്ചിട്ടുള്ളത്.
ഭരണപരാജയത്തിന്റെ പ്രതിരൂപമായ ഒരു ഭരണാധികാരി ഭരണപ്രക്രിയ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നത് അര്‍ത്ഥശൂന്യമാണ്. വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ മന്മോഹനെ അലട്ടുന്ന പ്രശ്നം ഇതൊന്നുമല്ലെന്ന് വ്യക്തമാണ്.
വിവരാവകാശ നിയമം ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങള്‍ സംഭാവന ചെയ്തതാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടേയും അവകാശവാദത്തിന് വാസ്തവത്തില്‍ യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമൊന്നുമില്ല. ഇന്ത്യക്കാരെ അടക്കിഭരിക്കാന്‍ 1923 ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഔദ്യോഗിക വിവരങ്ങള്‍ രഹസ്യമാക്കിവെക്കല്‍ നിയമ (ഛളളശരശമഹ ടലരൃലേ അരേ1923)ത്തിന് പകരം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനുവേണ്ടി അണ്ണാഹസാരെയാണ് മുന്നിട്ടിറങ്ങിയത്. 1995 ല്‍ ഇതിനായി മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു. 1997 ല്‍ ഈ ആവശ്യമുന്നയിച്ച് മുംബൈ ആസാദ് മൈതാനിയില്‍ ഹസാരെ ഉപവാസ സമരം നടത്തി. ആ പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. 2000 ല്‍ വിവരാവകാശ നിയമത്തിന്റെ കരട് രൂപം മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാക്കി. എന്നാല്‍ അത് അതീവ ദുര്‍ബലവും ജനങ്ങളെ കബളിപ്പിക്കുന്നതുമായിരുന്നു. ഇതിനെതിരെ തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയേയും ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയെയും ഹസാരെ സംഘം നേരിട്ട് കണ്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചു. 2003 ആഗസ്റ്റ് 21 ന് മഹാരാഷ്ട്ര നിയമസഭ വിവരാവകാശ നിയമം പാസ്സാക്കി. ഇത് മാതൃകയാക്കിയാണ് 2005 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിവരാവകാശ നിയമം കൊണ്ടുവന്നത്.
പ്രാബല്യത്തില്‍ വന്ന ഈ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്താനാണ് മന്മോഹന് സര്‍ക്കാര്‍ ശ്രമിച്ചത്. ആറ് കാര്യങ്ങള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഒന്ന്: ഫയലുകളിലെ നിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥരുടെ കുറിപ്പുകളും. രണ്ട്: കാബിനറ്റ് തീരുമാനങ്ങളുടെ വിശദാംശങ്ങള്‍. മൂന്ന്: സര്‍ക്കാരിന്റെ ഉപദേശകരെപ്പറ്റിയുള്ള വിവരങ്ങള്‍. നാല്: നിയമന പരീക്ഷകളുടെ വിശദാംശങ്ങള്‍. അഞ്ച്: പ്രൊഫഷണല്‍ കോഴ്സുകളുടെ പാഠ്യപദ്ധതി രൂപീകരണ പ്രക്രിയ. ആറ്: ഒരു പ്രത്യേക കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പുള്ള കുറിപ്പുകള്‍, ഫയലുകളിലെ കയ്യെഴുത്തുകള്‍, ശുപാര്‍ശകള്‍ എന്നിവയായിരുന്നു അത്.
നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഹസാരെ പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തെഴുതി. ഇതിന് മന്മോഹന് നല്കിയ മറുപടി ഇങ്ങനെയായിരുന്നു: “ഏറ്റവും പരിഷ്കൃതമായ വിവരാവകാശ നിയമമാണ് നമ്മുടെ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം സുശക്തവും ഭരണസംവിധാനം സുതാര്യവുമാക്കുകയാണ് ഈ നിയമംമൂലം ഉദ്ദേശിക്കുന്നത്. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനാണ് നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുന്നത്.” ഇതിനെതിരെ ഹസാരെ തുടങ്ങിയ ഉപവാസസമരത്തിന് രാജ്യവ്യാപകമായ പിന്തുണ ലഭിച്ചു.
ബലംപ്രയോഗിച്ച് ഉപവാസം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം സമരാനുകൂലികള്‍ ചെറുത്തു. വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്നും ഹസാരെ പ്രഖ്യാപിച്ചു. ഒടുവില്‍ സമരത്തിന്റെ പതിനൊന്നാം ദിവസം നിയമത്തില്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു. ഇക്കാര്യങ്ങളൊക്കെ വിസ്മരിച്ചുകൊണ്ടാണ് വിവരാവകാശ നിയമനിര്‍മാണത്തിന്റെ മുഴുവന്‍ ബഹുമതിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ചില വിവരാവകാശ പ്രവര്‍ത്തകര്‍പോലും ചാര്‍ത്തിക്കൊടുക്കുന്നത്. വാസ്തവത്തില്‍ വിവരാവകാശ നിയമം നിലവില്‍ വരാതിരിക്കാനും പ്രാബല്യത്തില്‍ വന്നപ്പോള്‍ അത് അട്ടിമറിക്കാനും കേന്ദ്രസര്‍ക്കാര്‍ നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും സോണിയാ ഗാന്ധിയുടെ ഒത്താശയുണ്ടായിരുന്നു.
വിവരാവകാശ നിയമത്തെ ഭ്രൂണഹത്യ ചെയ്യാന്‍ ശ്രമിച്ച് പിന്‍വാങ്ങിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെയാണ് നിയമം പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്.
വിവരാവകാശ നിയമത്തെ പരിമിതപ്പെടുത്തുന്നതും മാനിക്കാത്തതുമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനുമുമ്പ് നിരവധി തവണ ഉണ്ടായിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സ്വത്ത് വെളിപ്പെടുത്തുന്നതിനോട് കേന്ദ്രസര്‍ക്കാര്‍ യോജിച്ചിരുന്നില്ല. ഒടുവില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് ഇടപെട്ടതിനുശേഷമാണ് ഈ വര്‍ഷം ജൂണില്‍ രാഷ്ട്രപതി തന്റെ സ്വത്ത് വിവരം വെബ്സൈറ്റില്‍ പ്രഖ്യാപിച്ചത്. ക്യാബിനറ്റ് പദവിയുള്ള ദേശീയ ഉപദേശകസമിതി (എന്‍എസി) ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ നല്കാന് മുഖ്യവിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്രയുടെ നിശിത വിമര്‍ശനമുണ്ടായിട്ടും പ്രധാനമന്ത്രിയുടെ കാര്യാലയം തയ്യാറായില്ല. ഈ പശ്ചാത്തലത്തില്‍ വേണം വിവരാവകാശ നിയമം പുനരവലോകനം ചെയ്യണമെന്ന മന്മോഹന്റെ നിര്‍ദ്ദേശത്തെ വിലയിരുത്താന്‍.
ധനമന്ത്രിയായിരുന്ന പി.ചിദംബരം ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ 2ജി സ്പെക്ട്രം ലേലത്തിലൂടെ നല്കി അഴിമതി ഒഴിവാക്കാമായിരുന്നു വെന്ന് കാട്ടി ഇപ്പോഴത്തെ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കിയ കുറിപ്പ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ നേടിയതും അത് ചിദംബരത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതിയില്‍ സുപ്രധാന രേഖയായി ഹാജരാക്കിയതുമാണ് വിവരാവകാശ നിയമം ഭേദഗതി ചെയ്യണമെന്നതരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാന്‍ മന്‍മോഹന്‍സിംഗിനെ പ്രേരിപ്പിച്ച അടിയന്തര സാഹചര്യം. ഈ കുറിപ്പ് തയ്യാറാക്കിയ ത് തന്റെ മന്ത്രാലയമാണെങ്കിലും അത് പുറത്തുവിട്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് മുഖര്‍ജി കുറ്റപ്പെടുത്തിയിരുന്നു. എ.രാജയും കനിമൊഴിയുമൊക്കെ ജയിലിലായിട്ടും ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ ഇതുവരെ സംരക്ഷിച്ചുപോന്ന പ്രധാനമന്ത്രിക്ക് വന്‍ തിരിച്ചടിയാണ് ഈ കുറിപ്പ് പുറത്തായതിലൂടെ ഉണ്ടായിരിക്കുന്നത്. 2ജി അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കിലേക്ക് വ്യക്തമായി വിരല്‍ചൂണ്ടുന്നതാണ് ധനമന്ത്രാലയത്തിന്റെ കുറിപ്പ്. ഇത് പുറത്തായതോടെ കേസില്‍ ചിദംബരവും കുടുങ്ങാനുളള സാധ്യത ഏറിയിരിക്കുകയാണ്.
2 ജി സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ടെലികോം മന്ത്രിയായിരുന്ന രാജയും തമ്മില്‍ നടന്ന കത്തിടപാടുകളും വിവരാവകാശ നിയമപ്രകാരം പുറത്തായിരുന്നു. രാജ ക്കെതിരായ കുറ്റപത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഈ കത്തിന്റെ കാര്യം എടുത്തുപറഞ്ഞുകൊണ്ട് സ്പെക്ട്രം സ്വകാര്യ കമ്പനികള്‍ക്ക് ലേലമില്ലാതെ വില്‍പ്പന നടത്തുന്നത് എന്തുകൊണ്ട് തടഞ്ഞില്ല എന്ന് അടുത്തിടെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. പ്രധാനമന്ത്രിക്കെതിരായ കടുത്ത വിമര്‍ശനമായിരുന്നു ഇത്. പി.ജെ.തോമസിനെ കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് നിയമവിരുദ്ധമായി നിയമിച്ചത് സംബന്ധിച്ച രേഖ പുറത്തായതും വിവരാവകാശ നിയമപ്രകാരമായിരുന്നു.
വിവരാവകാശ നിയമം ഇപ്പോഴത്തെ രൂപത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ യുപിഎ ഭരണത്തിലെ അഴിമതി സംബന്ധിച്ച പല വിവരങ്ങളും മൂടിവെക്കാനാവില്ലെന്ന് മന്‍മോഹന്‍സിംഗ് തിരിച്ചറിയുന്നുണ്ട്. വിവരാവകാശ നിയമത്തെ അട്ടിമറിച്ചുകൊണ്ടല്ലാതെ ഭരണത്തില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് പല കേന്ദ്രമന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. വിവരാവകാശ നിയമം പുനരവലോകനം ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ച് നിയമകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് രംഗത്തുവന്നത് ഇതിന് തെളിവാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: