വെള്ളിയാഴ്ച നിയമസഭയിലുണ്ടായ കയ്യാങ്കളി സൃഷ്ടിച്ച തര്‍ക്കം പരിഹാരമാകാതെ എംഎല്‍എമാരായ ടി.വി.രാജേഷിന്റെയും ജെയിംസ് മാത്യുവിന്റെയും രണ്ടുദിവസത്തെ സസ്പെന്‍ഷനില്‍ എത്തിയിരിക്കുകയാണ്. നിയമസഭയില്‍ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ രണ്ട് എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തതായി ഭരണപക്ഷവും അങ്ങനെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷവും തര്‍ക്കിച്ചപ്പോള്‍ തര്‍ക്ക പരിഹാരത്തിനായി ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കറുടെ മുമ്പില്‍ ഖേദപ്രകടനം നടത്തി പരിഹാരം കാണാമെന്ന ധാരണയിലെത്തിയത്. ഭരണപക്ഷം പ്രതിപക്ഷ എംഎല്‍എമാര്‍ വനിതയെ അപമാനിച്ചുവെന്ന ആരോപണം പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഒടുവില്‍ ടി.വി.രാജേഷും ജെയിംസ് മാത്യുവും സ്പീക്കറുടെ ഡയസിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചതില്‍ വിഷമമുണ്ട് എന്നുമാത്രം പറഞ്ഞ് കത്ത് നല്കിയത്രെ. പക്ഷേ പിന്നീടുണ്ടായ സംഭവങ്ങള്‍ കേരള നിയമസഭയ്ക്കും കേരളത്തിനും ഒരുപോലെ അപമാനകരമായി. ആരോപണവിധേയരായ എംഎല്‍എമാര്‍ നടത്തിയ ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കുന്നതിനിടെ സ്പീക്കറെ അധിക്ഷേപിച്ച് തങ്ങള്‍ ഖേദപ്രകടനം നടത്തിയിട്ടില്ല എന്ന ആക്രോശത്തോടെ ജെയിംസ് മാത്യു ചാടി എഴുന്നേല്‍ക്കുകയായിരുന്നു.
സ്പീക്കറുടെ റൂളിംഗില്‍ പ്രതിഷേധിക്കുന്നത് കുറ്റകരമായതിനാലാണ് ഇപ്പോള്‍ ഈ രണ്ട് എംഎല്‍എമാരെയും സസ്പെന്റ് ചെയ്തിരിക്കുന്നത്. സ്പീക്കറുടെ പ്രസംഗത്തിനിടയില്‍ കയറി പ്രതിഷേധിച്ചതിന് റൂളിംഗ് നല്‍കിയശേഷമാണ് മുഖ്യമന്ത്രി റൂളിംഗിനെ തടസപ്പെടുത്തിയ എംഎല്‍എമാരെ സസ്പെന്റ് ചെയ്തതായി പ്രമേയം അവതരിപ്പിച്ചത്. കോഴിക്കോട് പോലീസ് വെടിവയ്പ് സംഭവത്തില്‍ പ്രതിഷേധിച്ചാണ് രാജേഷും ജെയിംസ് മാത്യുവും വാച്ച് ആന്റ് വാര്‍ഡിനെ തള്ളിയിട്ട് ഡയസിലേക്ക് ഓടിക്കയറിയത്. ഈ സംഭവത്തില്‍ ആദ്യം സ്പീക്കര്‍ക്ക് പരാതി നല്‍കിയത് വനിതാ വാച്ച് ആന്റ് വാര്‍ഡ് ആയിരുന്നു. തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. വനിതയെ മനഃപൂര്‍വം കയ്യേറ്റം ചെയ്തതല്ലെന്നും കൂട്ടപ്പൊരിച്ചിലില്‍ സംഭവിച്ചതാകാമെന്നും പക്ഷേ നിയമസഭയില്‍ എല്ലാ സീമകളും ലംഘിച്ച് അക്രമം നടത്തുന്ന പ്രവണത സഭയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്നും ഖേദ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം അവസാനിപ്പിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞശേഷമാണ് സ്പീക്കറെ അവഹേളിച്ച് ഈ രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രകടനം നടത്തിയതും സസ്പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നതും. ഖേദപ്രകടനമെന്നാല്‍ വനിതയെ കയ്യേറ്റം ചെയ്തുവെന്ന് വ്യാഖ്യാനിക്കപ്പെടും എന്നതിനാലാണത്രെ ഖേദപ്രകടനത്തിനെതിരെ പ്രതിഷേധമുയര്‍ന്നത്.
നിയമസഭാ ചരിത്രത്തിലാദ്യമായി സ്പീക്കറോട് കാണിച്ച അനാദരവിനാണ് സസ്പെന്ഷന്. അച്ചടക്ക നടപടിയില്ലാതെ അവസാനിക്കുമായിരുന്ന സംഭവം ഡിവൈഎഫ്ഐ സംസ്ക്കാരം നിയമസഭയിലും പ്രകടിപ്പിച്ചാണ് സഭാ പ്രവര്‍ത്തനം തടസപ്പെടുത്തി പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തുന്നത്. സ്പീക്കര്‍ കാണിച്ച വിശ്വാസവഞ്ചനയാണ് ഖേദപ്രകടനം നടത്തിയെന്ന വ്യാജ പ്രസ്താവനയെന്നാണ് പ്രതിപക്ഷാരോപണം. തങ്ങളുടെ എംഎല്‍എമാരെ കയ്യൊഴിയാന്‍ പ്രതിപക്ഷം തയ്യാറല്ല എന്നതിന്റെ തെളിവാണ് സഭാ നടുത്തളത്തിലെ സത്യഗ്രഹം. കോഴിക്കോട് വെടിവയ്പില്‍ കുറ്റാരോപിതനായ എസിപി രാധാകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ തുടങ്ങിയ കയ്യാങ്കളി അവസാനിക്കുന്ന ലക്ഷണമില്ല. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജെ.ബി.കോശി രാധാകൃഷ്ണപിള്ളയുടെ നടപടി പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് നീക്കാന്‍ സമ്മതിക്കാത്ത ഡിവൈഎഫ്ഐക്കാര്ക്കെതിരെയായിരുന്നുവെന്നും പോലീസുകാരെ പട്ടിയെപ്പോലെ തല്ലിച്ചതച്ചുവെന്നും പോലീസുകാര്‍ക്കും മനുഷ്യാവകാശമുണ്ടെന്നും പറഞ്ഞത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാര്‍ അവകാശ കമ്മീഷനായി മാറിയെന്നാണ് വി.എസ്.അച്യുതാനന്ദന് പറഞ്ഞത്. എന്തായാലും പ്രതിപക്ഷ സഹകരണത്തോടെ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമാകുകയില്ല എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: