Categories: World

തട്ടിയെടുത്തവരെ കണ്ടെത്താന്‍ കെനിയന്‍ സേന സൊമാലിയയിലേക്ക്‌

Published by

കെനിയ: കെനിയയില്‍നിന്ന്‌ സൊമാലിയയിലേക്ക്‌ ഭീകരര്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കെനിയ സൊമാലിയയിലേക്ക്‌ പട്ടാളത്തെ അയക്കുന്നതായി സര്‍ക്കാര്‍ വക്താവ്‌ വെളിപ്പെടുത്തി. എന്നാല്‍ ഈ നടപടി സൊമാലിയയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന്‌ ഐക്യരാഷ്‌ട്രസഭയിലെ സൊമാലിയ പ്രതിനിധി വാര്‍ത്താലേഖകരെ അറിയിച്ചു.

കഴിഞ്ഞകാലങ്ങളില്‍ സൊമാലിയന്‍ ഭീകരര്‍ സ്വദേശികളടക്കം പലരേയും തട്ടിക്കൊണ്ടുപോയതായി സംശയിക്കപ്പെടുന്നു. വ്യാഴാഴ്ച രണ്ടു സ്പാനിഷ്‌ സ്വദേശികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടു. സമുദ്രതീരത്തെ സുഖവാസകേന്ദ്രത്തില്‍നിന്നും കഴിഞ്ഞ മാസത്തില്‍ ഒരു ബ്രിട്ടീഷ്‌ വനിതയെയും ഫ്രഞ്ച്‌ വനിതയെയും തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇത്‌ കെനിയയിലെ വിനോദസഞ്ചാരത്തിനേറ്റ ഒരു വലിയ ആഘാതമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നടപടികള്‍ സൊമാലിയയിലേക്ക്‌ പട്ടാളത്തെ അയക്കുന്നതാകയാല്‍ അതിന്‌ തങ്ങളുടെ അനുവാദം വാങ്ങേണ്ടതാണെന്ന്‌ സൊമാലിയ അറിയിച്ചു.

ഇതിനിടെ 25 കവചിത വാഹനങ്ങള്‍ കെനിയന്‍ സൈനികരുമായി സൊമാലിയയിലൂടെ നീങ്ങുന്നത്‌ കണ്ടുവെന്ന്‌ ദൃക്‌സാക്ഷികള്‍ ബിസിസിയെ അറിയിച്ചു. കെനിയയുടെ സൈനിക ഹെലികോപ്റ്ററുകള്‍ സൊമാലിയയില്‍ തെരച്ചില്‍ നടത്തുന്നതായും വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടി. തെക്കന്‍ സൊമാലിയയിലുള്ള രണ്ട്‌ അല്‍ ഷബാബ്‌ കേന്ദ്രങ്ങള്‍ യുദ്ധവിമാനങ്ങള്‍ ആക്രമിച്ചതായി ഒരു മുതിര്‍ന്ന സൊമാലി സൈനിക കമാന്‍ഡറായ അബ്ദി യൂസഫ്‌ വാര്‍ത്താലേഖകരെ അറിയിച്ചു. എന്നാല്‍ ഇത്‌ കെനിയയുടെ യുദ്ധവിമാനങ്ങളാണെന്ന്‌ അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by