Categories: Ernakulam

കെല്‍സ നീതി ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള ജനകീയപ്രസ്ഥാനം : മുഖ്യമന്ത്രി

Published by

കൊച്ചി: നീതി ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള ജനകീയപ്രസ്ഥാനമാണ്‌ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയെന്നും അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയും ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയും സംയുക്തമായി തൃത്താല പഞ്ചായത്തംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന നിയമസാക്ഷരതാ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമങ്ങളുടെ അഭാവമല്ല നിലവിലുള്ള നിയമങ്ങള്‍ ആവശ്യാനുസരണം നടപ്പാക്കാത്തതും കാലതാമസം വരുത്തുന്നതുമാണ്‌ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. നല്ല നിലയില്‍ നിയമം വേണ്ട സമയത്ത്‌ നടപ്പാക്കിയാല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഇതിനായി ലീഗല്‍ സര്‍വീസ്‌ അതോറിറ്റി നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകും- അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കു ലഭിക്കുന്ന സൗജന്യ നിയമസഹായങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ക്ക്‌ അറിവില്ല. ഇതിന്‌ പരിഹാരം കാണാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനു നിയമത്തെയും നിയമ വ്യവസ്ഥയെയും കുറിച്ച്‌ അവബോധം ജനപ്രതിനിധികള്‍ക്കുണ്ടാകണം. മാത്രമല്ല പ്രശ്നം പറഞ്ഞു വരുന്നയാളെ മുഴുവനായി ശ്രദ്ധയോടെ കേള്‍ക്കാനുള്ള ക്ഷമയും വേണം. ഇത്തരത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന രീതി പഞ്ചായത്ത്‌ പ്രസിഡന്റുമാരും അംഗങ്ങളും പിന്തുടരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്‌ സൗജന്യ നിയമസഹായം ലീഗല്‍ സര്‍വീസ്‌ അതോറിറ്റി ചെയ്തു കൊടുക്കുമെന്ന്‌ അധ്യക്ഷത വഹിച്ച ഹൈക്കോടതി ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ഇത്‌ ജനങ്ങളുടെ അവകാശമാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. നിസാര പ്രശ്നങ്ങള്‍ കോടതികളിലെത്തി സമയവും ധനവും നഷ്ടമാകുന്ന സാഹചര്യം അതോറിറ്റിയുടെ സേവനം വഴി ഒഴിവാക്കാനാവും. പ്രശ്നങ്ങള്‍ ഒരു മൂന്നാമന്റെ സാന്നിധ്യത്തില്‍ പറഞ്ഞു തീര്‍ക്കുക, സങ്കീര്‍ണ പ്രശ്നമാണെങ്കില്‍ സൗജന്യമായി വക്കീലിനെ വച്ചു വാദിക്കാന്‍ സഹായിക്കുക, പഞ്ചായത്തുകളിലും മറ്റും താല്‍ക്കാലികമായി ലീഗല്‍ എയിഡ്‌ ക്ലിനിക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയ സേവനങ്ങള്‍ അതോറിറ്റിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 14 ജില്ലകളിലും സംഘടിപ്പിക്കുന്ന നിയമസാക്ഷരതാ ശില്‍പശാലയുടെ ഭാഗമായാണ്‌ ഇന്നലെ ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചത്‌. അഡ്വക്കറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണി, പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജഡ്ജി ബി. കമാല്‍പാഷ, കെല്‍സ സെക്രട്ടറി പി മോഹന്‍ദാസ്‌, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ എബ്രഹാം, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ മെര്‍ലോ പള്ളത്ത്‌, ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി സെക്രട്ടറി അരവിന്ദ്‌ ബാബു എന്നിവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by