Categories: Ernakulam

ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം പ്രഹസനമായി

Published by

മൂവാറ്റുപുഴ: എല്ലാം സാധാരണ പോലെ, വന്നത്‌ താമസിച്ച്‌ പിന്നെ ഒരു ഓട്ടപ്രദക്ഷിണം പ്രവര്‍ത്തിക്കാത്ത എക്സറേ റൂമില്‍, തുരുമ്പെടുത്ത ഉപകരണങ്ങള്‍ നിറഞ്ഞ ലാബില്‍, പൊട്ടിപൊളിഞ്ഞ ബാത്ത്‌റൂമകള്‍ കാണാന്‍ രോഗികള്‍ ക്ഷണിച്ചത്‌ കേള്‍ക്കാത്ത ഭാവത്തില്‍ വാര്‍ഡുകളിലെ കറക്കം, പൊട്ടിതകര്‍ന്ന മെഡിക്കല്‍ സ്റ്റോര്‍ റൂം എല്ലാം കണ്ട്‌ ബോധ്യപ്പെട്ടുവെന്ന്‌ ഉറപ്പ്‌ വരുത്തുവാന്‍ ഒ പി ബ്ലോക്കില്‍ ഒരു സമ്മേളനം. അതിലാണ്‌ ജില്ലയിലെ കിഴക്കന്‍ മേഖലയിലെ പ്രധാന ആശുപത്രിയായ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നും ആശുപത്രി സന്ദര്‍ശനത്തിനിടെ ഇവിടുത്തെ പോരായ്മകള്‍ ബോധ്യപ്പെട്ടുവെന്നും നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി അടൂര്‍ പ്രകാശ്‌ ഉറപ്പ്‌ നല്‍കിയത്‌. എന്‍ ആര്‍ എച്ച്‌ എം ഫണ്ട്‌ ലഭിക്കാത്ത സാഹചര്യത്തില്‍ പണം ലഭ്യമാക്കി ആശുപത്രിയുടെ 12, 13 വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ മൂവാറ്റുപുഴ എം. എല്‍.എ ജോസഫ്‌ വാഴയ്‌ക്കന്‍ ആവശ്യപ്പെട്ടു.

അഡ്മിനിസ്ട്രേറ്റീവ്‌ ബ്ലോക്ക്‌ പണിയാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും എന്‍ ആര്‍ എച്ച്‌ എം ഫണ്ടിലെ അഴിമതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അഴിമതി നടന്നതായി പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by