Categories: Ernakulam

ഉള്‍നാടന്‍ കായലില്‍ വെണ്ണപ്പായല്‍ ശല്ല്യം; തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു

Published by

പള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ്‌ കായലില്‍ വെണ്ണപ്പായല്‍ ശല്ല്യം രൂക്ഷമായതോടെ മത്സ്യബന്ധനം അസാധ്യമായി. കഴിഞ്ഞദിവസം ഉൗ‍ന്നികളില്‍ വല കെട്ടിയ തൊഴിലാളികളുടെ വലകള്‍ നഷ്ടമായി. 12ഓളം വലകള്‍ക്ക്‌ കേടുപാടും സംഭവിച്ചു. കന്നി-തുലാം മാസങ്ങളില്‍ നീരൊഴുക്ക്‌ ശക്തമായി വേലിയിറക്കം നീണ്ടുനില്‍ക്കുകയും ചെയ്യും. ശക്തമായ നീരൊഴുക്കില്‍ കായലില്‍ അടിഞ്ഞുനില്‍ക്കുന്ന വെണ്ണപ്പായലും മണല്‍തിട്ടയും ഒരുമിച്ച്‌ വലകളില്‍ നിറഞ്ഞതോടെയാണ്‌ വലകള്‍ പലതും ഊന്നികളില്‍നിന്നും വിട്ട്‌ ഒഴുകിപ്പോയത്‌. ശേഷിക്കുന്നവരുടെ വലകള്‍ക്ക്‌ കേടുപാടും സംഭവിച്ചിട്ടുണ്ട്‌.

കായലില്‍ അടിത്തട്ടില്‍ പഞ്ഞിക്കെട്ടുപോലെ ഒഴുകി നടക്കുന്ന വെണ്ണപ്പായല്‍ ചില അവസരങ്ങളില്‍ തൊഴിലാളികള്‍ക്ക്‌ ശല്ല്യമാവാറുണ്ട്‌. എന്നാല്‍ ഈ സീസണില്‍ ശല്ല്യം രൂക്ഷമാവുകയും പായല്‍ വര്‍ധിക്കുകയും ചെയ്തത്‌ തൊഴിലാളികള്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. ഊന്നിവല കൂടാതെ ചീനവലകള്‍ക്കും നീട്ടുവലകള്‍ക്കും പായല്‍ ശല്ല്യംമൂലം കായലില്‍ പണിയെടുക്കാന്‍ കഴിയാതെയായിട്ടുണ്ട്‌.

കന്നി-തുലാം മാസങ്ങളില്‍ മത്സ്യങ്ങള്‍ പൊതുവെ കൂടുതല്‍ ലഭിക്കുന്ന സമയമാണ്‌. വെണ്ണപ്പായല്‍ വരവോടെ തൊഴിലാളികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. വൃശ്ചികം ആരംഭത്തോടെ കുളവാഴപ്പായലും കായലില്‍ വര്‍ധിക്കുന്നതോടെ കായലില്‍ പണിയെടുക്കുന്നത്‌ ദുഷ്ക്കരമാകും. ചെറിയകടവ്‌, കണ്ണമാലി, കോണം, കല്ലഞ്ചേരി, കുമ്പളങ്ങി, പെരുമ്പടപ്പ്‌ തുടങ്ങി വിവിധ പ്രദേശങ്ങളിലെ ആയിരക്കണക്കിന്‌ വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി.

വല നഷ്ടപ്പെട്ടവര്‍ക്കും വലകള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചവര്‍ക്കും അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡന്റ്‌ കെ.ഡി.ദയാപരന്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by