തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളവും വനിതാ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥയ്ക്കുനേരെ കയ്യേറ്റവും. പ്രതിപക്ഷ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ് മാത്യുവും ചേര്‍ന്ന് രജനികുമാരി എന്ന വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്യുകയായിരുന്നു. എന്നാല്‍ സിപിഎം എംഎല്‍എ കെ.കെ.ലതികയെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും അത് തെറ്റാണെന്ന് വീഡിയോ പരിശോധനയില്‍ തെളിഞ്ഞു.
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ ആക്രമണമുണ്ടായതിന്റെ ദൃശ്യങ്ങള്‍ സംഭവങ്ങളുടെ വീഡിയോ പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സമീപത്തൊന്നും കെ.കെ.ലതിക ഉണ്ടായിരുന്നില്ലെന്നാണ് ദൃശ്യങ്ങളില്‍ തെളിഞ്ഞു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് വീഴുന്ന ദൃശ്യങ്ങളുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള ടി.വി.രാജേഷും ജയിംസ് മാത്യുവും കൈകോര്‍ത്തുപിടിച്ച് വാച്ച് ആന്‍ഡ് വാര്‍ഡിനുനേരെ തള്ളിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
പ്രതിപക്ഷം ആക്രമിച്ച വനിതാ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥ രജനികുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് വെടിവെപ്പിനെക്കുറിച്ചുള്ള ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതാണ് സംഭവത്തിന്റെ തുടക്കം. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ളയെ സസ്പെന്റ് ചെയ്യണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും കോടിയേരി ആരോപിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളുടെയും ഉത്തരവാദിത്തം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയെയാണ് അന്വേഷിക്കാന്‍ നിയോഗിച്ചത്. അദ്ദേഹം തിങ്കളാഴ്ച തന്നെ കോഴിക്കോട്ടെത്തി തെളിവെടുപ്പ് നടത്തും. ഇതില്‍ കൂടുതലൊന്നും സര്‍ക്കാരിന് ചെയ്യാനാകില്ല, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷം സഭയില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനിടയിലാണ് സഭയിലെ വാച്ച് ആന്റ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.
നിയമസഭയില്‍ നടന്നതു നാടിന് അപമാനകരമായ സംഭവങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. സഭയില്‍ ഉണ്ടായ കാര്യങ്ങളുടെ വീഡിയോ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരിശോധിക്കണം. ഇതനുള്ള അവസരം ഒരുക്കണമെന്നു സ്പീക്കറോട് ആവശ്യപ്പെടും. �
സത്യം ജനങ്ങള്‍ക്ക് അറിയണം. എല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുറ്റം ചെയ്തവര്‍ ചെയ്ത കുറ്റത്തിന് അനുസരിച്ചുളള ശിക്ഷ അനുഭവിക്കണം. സംശയകരമായ സാഹചര്യം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി ദിവസവും സഭ സ്തംഭിപ്പിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യാത്ത കുറ്റത്തിന് ആരെയും ശിക്ഷിക്കില്ല. പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന മര്യാദ കൊടുക്കും. ജനാധിപത്യ മര്യാദ പൂര്‍ണമായി പാലിക്കും. പക്ഷെ അവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണു ശരിയെന്ന് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആരുടെയും ഭീഷണിക്കു വഴങ്ങില്ല. നിയമസഭയില്‍ ഇന്നുണ്ടായതെല്ലാം താന്‍ നേരിട്ടു കണ്ടതാണ്. എന്നാല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. വീഡിയോ പരിശോധന നടക്കട്ടെ. അപ്പോള്‍ സത്യം പുറത്തു വരും.- മുഖ്യമന്ത്രി പറഞ്ഞു.
എം.എല്‍.എമാരെ കയ്യേറ്റം ചെയ്യാന്‍ ഭരണപക്ഷം വാച്ച് ആന്റ് വാര്‍ഡിനെ നിയോഗിച്ചിരിക്കുകയാണെന്ന് നിയമസഭയ്ക്കു പുറത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. രജനികുമാരി എന്ന വനിതാ ഉദ്യോഗസ്ഥയെ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ് മാത്യുവും കയ്യേറ്റം ചെയ്തെന്നും അവര്‍ കരഞ്ഞുകൊണ്ട് പിന്മാറുകയായിരുന്നുവെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്പീക്കര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി, സഭയുടെ ചരിത്രത്തില്‍ ഇന്നവരെ ഉണ്ടായിട്ടില്ലാത്ത നീചമായ സംഭവമാണിതെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: