കഴിഞ്ഞയാഴ്ച ഏറെ ‘നാറിയത്’ പാരയാണ്. ആര്.ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിന് ‘പാര’ പ്രയോഗം നടത്തിയതായിരുന്നു പ്രശ്നം. ചാനല്‍ ചര്‍ച്ചകളിലെ ജ്വലിക്കുന്ന വിഷയമായിരുന്നു അത്. നിയമസഭയിലാകട്ടെ കയ്യാങ്കളിയോളമെത്തി. ഒടുവിലിതാ പാര നിരപരാധിയാണെന്നും അപരാധിയെ തേടിക്കൊണ്ടിരിക്കുകയാണെന്നുമാണ് വാര്‍ത്ത. തെക്കന്‍ ജില്ലകളിലെ പോലീസുകാര്‍ രേഖാ ചിത്രവുമായി പ്രതിയെ പരതി നടക്കുകയാണ്. ഇതിനിടയില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബാലകൃഷ്ണപിള്ള ആരുടെയെല്ലാമോ ഫോണുകളില്‍ തലങ്ങും വിലങ്ങും വിളിച്ചു. എടുത്തതാരായാലും മുഖ്യമന്ത്രിയുടെ ഫോണിലേക്കും വിളി വന്നു എന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് സംശയമില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി പ്രതിപക്ഷ നേതാവ് നിയമസഭയെ ശബ്ദമുഖരിതമാക്കി. അവിടെക്കൊണ്ടും നിന്നില്ല. നേരെ വച്ചു പിടിച്ചു രാജ്ഭവനിലേക്ക്. എം.ഒ.എച്ച്. ഫാറൂഖ് ഗവര്‍ണറായി ചുമതലയേറ്റ ആലസ്യത്തിലിരിക്കുമ്പോഴാണ് നേതാക്കളെത്തുന്നത്. വിഷയം കേട്ടപ്പോള്‍ അദ്ദേഹം ഞെട്ടിക്കാണും. ഒരു ഫോണ്‍ വിളിയായിരുന്നല്ലോ വിഷയം. ഫോണ്‍ വിഷയം കൊഴുപ്പിച്ചു വരുമ്പോഴാണ് അതിനു പാരയായി വന്നിരിക്കുന്നു കോഴിക്കോട്ടു നിന്നൊരു പ്രശ്നം.
വിദ്യാര്‍ഥി സമരം കേരളത്തിനു പുത്തരിയല്ല. കേരളം രൂപം കൊള്ളും മുമ്പേ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയിട്ടുണ്ട്. ക്വിറ്റിന്ത്യാ സമരത്തില്‍ കോളേജ് പഠനം ഉപേക്ഷിച്ചും സമരത്തിന്റെ തീച്ചൂളയില്‍ ചെറുപ്പക്കാര്‍ എടുത്തു ചാടിയിട്ടുണ്ട്. ‘അമ്മേ ഞാനിതാ പോകുന്നു, വന്നില്ലെങ്കില്‍ കരയരുതേ’ എന്നായിരുന്നു സമരത്തിനു പോകുന്നവരുടെ മനോഗതി. ഇന്നതു മാറി. ‘അമ്മേ ഞാനിതാ പോകുന്നു, നേതാവായി മടങ്ങി വരാം.’ മുമ്പൊക്കെ പോലീസ് തല്ലിത്തല്ലി തലപൊട്ടിച്ച സംഭവങ്ങള്‍ നിരവധിയാണ്. അതിനെ തുടര്‍ന്ന് പഠനം മുടങ്ങിയവരും നിരവധി. സ്വാതന്ത്ര്യത്തിനു ശേഷം പഠിക്കാനും പഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമായി സമരം. ഐക്യകേരളത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ സമരത്തിന്റെ വേലിയേറ്റങ്ങള്‍ തന്നെ കണ്ടു. അതിന്റെ സന്തതിയാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്യു ഒരു കാലത്ത് പാര്‍ലമെന്റില്‍ ‘വയലന്റ് രവി’ എന്നു പേരെടുത്ത എം.കെ.രവീന്ദ്രനെന്ന വയലാര്‍ രവി ഇ.എം.എസ് സര്‍ക്കാരിനെതിരെ സമരം നയിച്ചാണ് നേതാവായത്. എ.കെ.ആന്റണിയും അന്നത്തെ സമരത്തിലൂടെ നേതൃനിരയിലെത്തി. ആ പരമ്പരയില്‍ പെടുന്നു ഉമ്മന്‍ചാണ്ടിയും.
ഒന്നാം ഇഎംഎസ് ഭരണകാലത്ത് വിദ്യാര്‍ഥികളുടെ ആവശ്യങ്ങളെ അവഗണിച്ച ചരിത്രമേയുള്ളൂ. കുട്ടനാട്ടില്‍ ബോട്ടു യാത്രാക്കൂലി കൂട്ടിയതിനെതിരെ രൂപം കൊണ്ട വിദ്യാര്‍ഥി സമരം വിമോചന സമരത്തിന്റെ നാന്ദി കുറിച്ചു എന്നു പറഞ്ഞാല്‍ തെറ്റില്ല.
കുട്ടനാട്ടില്‍ ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് ബോട്ടുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യചാര്‍ജ് അനുവദിച്ചിരുന്നു. അവര്‍ക്ക് ഒരണ ടിക്കറ്റു മതിയായിരുന്നു ഏതു സ്കൂളിലേക്കും പോകാന്‍. പ്രൈവറ്റു ബോട്ടുകള്‍ ഗവണ്മെന്റ് ഏറ്റെടുത്ത് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് രൂപീകരിച്ചതോടെ ഈ സൗജന്യം എടുത്തു കളഞ്ഞു. ഇതിന്റെ ഫലമായി അവരുടെ യാത്രാച്ചെലവ് മൂന്നും നാലും ഇരട്ടിയായി വര്‍ധിച്ചു. കുട്ടനാടന്‍ പ്രദേശത്തെ പാവപ്പെട്ട ഭൂരിപക്ഷം രക്ഷകര്‍ത്താക്കള്‍ക്കും താങ്ങാനാകാത്ത ഭാരമാണ് അതു കൊണ്ടുണ്ടായത്. പരാതി കൊണ്ടു ഫലമില്ലെന്നു കണ്ടപ്പോള്‍ പ്രക്ഷോഭണത്തിലേക്കു നീങ്ങി. കോര്പ്പറേഷന് ചെയര്മാന് ഒരു ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നു. അതിനുള്ള സംഭാഷണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുകയും ചെയ്തു. എന്നാല്‍ ഈ അവസരത്തില്‍ പ്രാദേശിക കമ്മ്യൂണിസ്റ്റു നേതാക്കന്മാര് അത് ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റി. അവര്‍ക്കു വലിയ സ്വാധീനമില്ലാത്ത കുട്ടനാട്ടുകാരോടുള്ള വൈരനിര്യാതനത്തിനും അങ്ങനെ സ്വന്തം ശക്തിയുടെ പ്രകടനത്തിനും ഈ അവസരം വിനിയോഗിക്കാന്‍ നിശ്ചയിച്ചു. അവരുടെ പ്രേരണ മൂലം ഗവണ്മെന്റ് ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല. അതോടെ സമരം പൂര്‍വാധികം രൂക്ഷമായി. ക്രമേണ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ള വിദ്യാര്‍ഥികള്‍ അത് ഏറ്റെടുത്തു. രണ്ടു മാസത്തോളം നീണ്ടു നിന്ന ഈ സമരത്തിനിടയില്‍ കൊച്ചു കുഞ്ഞുങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റു ചെയ്യപ്പെട്ടു. നൂറില്‍പരം സ്ഥലത്ത് ലാത്തിച്ചാര്ജുകള് നടന്നു.
1958 ജൂലൈ 14നാണ് വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത്. ആലപ്പുഴ-പുളിങ്കുന്ന് ഭാഗങ്ങളിലായിരുന്നു തുടക്കം. സമരത്തെ പരാജയപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സര്‍ക്കാരും ആഹ്വാനം ചെയ്തതോടെ സമരം പുതിയ ഘട്ടത്തിലേക്കു കടന്നു. വിദ്യാര്‍ഥികളും പോലീസും പലയിടത്തും ഏറ്റുമുട്ടി. പലര്‍ക്കും പരിക്കേറ്റു. ആദ്യം ആലപ്പുഴ ജില്ലയിലും പിന്നീട് എറണാകുളം, കോട്ടയം ജില്ലകളിലും സര്‍ക്കാരിന് 144 പ്രഖ്യാപിക്കേണ്ടി വന്നു. വിദ്യാര്‍ഥികള്‍ നിരോധനം ലംഘിച്ചതോടെ വീണ്ടും പോലീസിന്റെ സമനില തെറ്റി. പലയിടത്തും ചോര ചിന്തി. കേളപ്പജി മധ്യസ്ഥനായെത്തി ഒത്തുതീര്‍പ്പില്‍ സമരം നിര്‍ത്തി. പക്ഷേ വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ പിന്നെ മടിച്ചു.
രണ്ടാം ഇ.എം.എസ് ഭരണകാലത്തും വിദ്യാര്‍ഥി സമരത്തിന് പഞ്ഞമുണ്ടായിരുന്നില്ല. പനമ്പള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘മല്ലീശ്വരന്റെ വില്ലു പോലെ’ ഒടിഞ്ഞു കുത്തിയ കോണ്‍ഗ്രസിന് കരുത്തു വയ്പ്പിച്ചതു തന്നെ കുട്ടി കോണ്‍ഗ്രസുകാരുടെ സമരങ്ങളായിരുന്നല്ലൊ. തല്ലും കല്ലേറും നിര്‍ബാധം നടന്നു. കൊണ്ടും കൊടുത്തും സമരം മുന്നേറിയപ്പോള്‍ രണ്ടു വിദ്യാര്‍ഥികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രാങ്കണത്തിലാണ് രണ്ടു കുട്ടികള്‍ വെടിയേറ്റു മരിച്ചത്. 1967 സപ്തംബര്‍ 11ന് ഭരണമുന്നണിയുടെ ബന്ദ് ദിനത്തിലായിരുന്നു അത്. ശാന്താറാം ഷേണായി, സുധാകര്‍ അഗ്ഗിത്തായ എന്നീ വിദ്യാര്‍ഥികള്‍ക്കു നേരെ തോക്കു നീട്ടിയ പോലീസിന് ഉന്നം പിഴച്ചില്ല. രാധാകൃഷ്ണപിള്ളമാരല്ല അന്ന് പോലീസിലെന്നതിന്റെ ഒന്നാന്തരം തെളിവ്. ‘കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യരുത്’ എന്നാണ് അന്ന് വിദ്യാര്‍ഥി നേതാവായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്. വിദ്യാര്‍ഥികളെ നേരിടാന്‍ പോലീസിനെ മാത്രമല്ല ജനങ്ങളെയും വിളിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് പ്രസ്താവിച്ചു. പറഞ്ഞതു പോലെ നടന്നു. അന്നത്തെ കുറുവടിക്കൂട്ടമായ ‘ഗോപാലസേന’ എന്ന ചെമ്പട പോലീസിനെക്കാള്‍ വാശിയോടെ വിദ്യാര്‍ഥികളെ തല്ലാനുണ്ടായിരുന്നു. അന്നത്തെ സമരത്തിനും സമരക്കാരെ തല്ലുന്നതിനും ഒരു സാരമുണ്ടായിരുന്നു. ഇന്നെല്ലാം നിസാരം.
വിദ്യാര്‍ഥി സമരം തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പഴകിയ മുദ്രാവാക്യം മാറ്റി വിളിച്ചു തുടങ്ങിയിരിക്കുന്നു. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നു മാസം നീണ്ട സമരം പഠനാവകാശത്തിനായല്ല. പഠിക്കാന്‍ വിടാതിരിക്കാനാണ്. എസ്.എഫ്.ഐക്കാരുടെ വിക്രിയ മൂലം പഠനം മുടങ്ങിയ വിദ്യാര്‍ഥി നിര്‍മലിനെ സഹായിക്കണമെന്ന് സര്‍ക്കാരിന് തോന്നി. കീഴ്വഴക്കവുമുണ്ട്. വി.എസ് ഭരിക്കുമ്പോള്‍ തന്നെ സ്വകാര്യ കോളേജില്‍ നിന്നും സര്‍ക്കാര്‍ കോളേജിലേക്ക് പറിച്ചു നട്ട സംഭവങ്ങളുണ്ടല്ലോ. മലപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവ് വംശി കൃഷ്ണ 2007ല്‍ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെത്തയത് എങ്ങനെയാണ് ? കോട്ടയം ആതുരാശ്രമം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍കോളേജില്‍ നിന്നും റാഷിതയ്ക്ക് കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ കോളേജില്‍ പ്രവേശനം ലഭിച്ചത് പിതാവ് റഷീദ് സിപിഎം നേതാവായതിനാലല്ലേ ? തിരുവനന്തപുരം വട്ടപ്പാറ സിഎംഎസ് ദന്തല്‍ കോളേജിലെ അഞ്ജനാ സഞ്ജിത്തിന്റെ സഹോദരി അര്‍ച്ചനാ സഞ്ജിത്തിനെ തിരുവനന്തപുരം ദെന്തല്‍ കോളേജില്‍ പ്രവേശനം ലഭിച്ചത് സര്‍ക്കാര്‍ ഇടപെടലുകളിലൂടെയല്ലേ ? അമ്മയ്ക്കൊരു ന്യായം മോള്‍ക്കൊരു ന്യായം എന്ന സ്ഥിതിയിലേക്ക് ഇടതുപക്ഷം താഴുന്നത് താത്കാലിക നേട്ടം കണ്ടു കൊണ്ടാകാം. പക്ഷേ അതിലൂടെ തകരുന്നത് വിശ്വാസ്യതയാണ്. ഞങ്ങള്‍ റാഗു ചെയ്ത കുട്ടി പഠിക്കുകയോ ? അതനുവദിക്കില്ലെന്ന വാശിയാണ് എഞ്ചിനീയറിംഗ് കോളേജ് ഉപരോധത്തിലെത്തിയത്. കല്ലുമായി സമരത്തിനെത്തിയാല്‍ പോലീസിന് കലി കയറും. കല്ലിനെ ഷെല്ലു കൊണ്ട് തടുത്തു മടുത്തപ്പോഴാണ് പോലീസ് തല്ലു തുടങ്ങിയത്. പരിക്കേറ്റ പോലീസുകാരെ പോലും ആശുപത്രിയിലേക്ക് നീങ്ങാന്‍ വിടുന്നില്ലെന്നറിഞ്ഞെത്തിയതാണത്രെ എസിപി രാധാകൃഷ്ണപിള്ള. എസ്എഫ്ഐ സമരക്കാരുടെ രീതി അതാണെന്ന് പോലീസേമാന്മാര്‍ക്കറിയില്ലെന്നുണ്ടോ! പരുമലയില്‍ മൂന്ന് എബിവിപി കുട്ടികളെ നദിയിലേക്ക് ഓടിച്ചിറക്കി കരകയറാന്‍ വിടാതെ കല്ലെറിഞ്ഞ് രസിച്ചവരല്ലെ അവര്‍. മൂന്നു കുട്ടികളും മുങ്ങിച്ചാകുന്നത് കണ്ടാസ്വദിച്ചവരെ അഭിനന്ദിക്കാന്‍ അന്ന് അച്യുതാനന്ദനും മടിയുണ്ടായിരുന്നില്ലല്ലൊ. കുട്ടികള്‍ മരിച്ചത് കല്ലെറിഞ്ഞതിനാലല്ല പാന്റിലെ പോക്കറ്റില്‍ വെള്ളം കയറിയതിനാല്‍ മുങ്ങിയതുകൊണ്ടാണെന്നായിരുന്നു വിഎസ് നിയമസഭയില്‍ പ്രസ്താവിച്ചത്.
ഇ.പി.ജയരാജന്, കോടിയേരി ബാലകൃഷ്ണന്, പി.പി.തങ്കച്ചന്, പി.സി.ജോര്‍ജ് എന്നിവരെ പോലെ കുടവയറാല്‍ അനുഗൃഹീതനായ പിള്ളയ്ക്ക് കുനിഞ്ഞൊരു കല്ലെടുക്കാന്‍ പറ്റില്ലെന്നാര്‍ക്കാണറിയാത്തത്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് അരയില്‍ തിരുകിയ കൈത്തോക്കെടുക്കുക മാത്രമാണ്. തുരുതുരാ വെടിവച്ചത് പിള്ളേര്‍ക്കു നേരെയെന്ന് പിള്ള ആണയിടുന്നു. കുഞ്ചന്‍നമ്പ്യാരുടെ വരികള്‍ക്ക് പാരടി ചമച്ചാല്‍ “പിള്ള പ്പോലീസ് തോക്കിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. പണ്ടിവനൊരു വെടിയാലൊരു പുള്ളിപ്പുലിയെ കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേ.” വെറുതെയാണോ പ്രതിപക്ഷം പ്രക്ഷോഭത്തിന്റെ പാത വിടാതെ പിടിക്കുന്നത്. പിള്ളയെ പോലീസില്‍ നിന്ന് പുറത്താക്കണമെന്നാണവരുടെ ആവശ്യം. അക്ഷരം പ്രതി ശരിയല്ലേ? ആള്‍ക്കൂട്ടത്തിലേക്കു വെടിയുതിര്‍ത്തിട്ടും ഉന്നം കിട്ടിയില്ലെങ്കില്‍ അത്തരം ഊച്ചാളി പോലീസിനു തന്നെ അപമാനകരമല്ലെ! പുലിയെ പിടിക്കാനും അബ്കാരികളില് നിന്ന് മാസപ്പടി വാങ്ങാനും ഐസ്ക്രീം കച്ചവടവുമൊക്കെയാണ് പിള്ളപ്പോലീസിന് പറ്റിയ പണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: