സ്വന്തം ലേഖകന്‍
കോട്ടയം: ഞാലിയാകുഴിയില്‍ കണ്ടെത്തിയ ഗുഹ ഒരു കാലഘട്ടത്തിണ്റ്റെ തിരുശേഷിപ്പാണെന്നും കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നുമുള്ള ആവശ്യത്തിന് പ്രസക്തിയേറുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അതിസമ്പന്നമായ കാലഘട്ടത്തിണ്റ്റെ അവശിഷ്ടങ്ങളെ മണ്ണെടുപ്പിണ്റ്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെട്ട ഗര്‍ത്തമായി ചിത്രീകരിക്കരുതെന്ന് എല്ലാ മേഖലയില്‍നിന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ചരിത്ര ഗവേഷണ കൗണ്‍സില്‍ ഭാരവാഹികളും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരും ഉടന്‍തന്നെ സ്ഥലം സന്ദര്‍ശിക്കുമെന്നറിയുന്നു. ഗുഹ കണ്ടെത്തിയ കാര്യം നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ചരിത്രാന്വേഷികള്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ റിട്ട.പ്രൊഫ.എന്‍.വി.കേശവന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഞാലിയാകുഴിയില്‍ കണ്ടെത്തിയ ഗുഹയുടെ ചരിത്ര പ്രാധാന്യത്തേപ്പറ്റി അധികൃതരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമായിരിക്കുന്നത്. നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. തിരുവിതാംകൂറ് രാജവംശത്തിണ്റ്റെ ഭരണത്തിനു മുമ്പ് കോട്ടയവും പ്രദേശങ്ങളും ഭരിച്ചിരുന്ന തെക്കുംകൂറ് രാജവംശത്തിണ്റ്റെ ആസ്ഥാനമായിരുന്നു വെന്നിമല. വെന്നിമലയുടെ പരിസര പ്രദേശങ്ങളില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്നത്രേ. ഇവരുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ച ഭൂഗര്‍ഭ അറകളിലൊന്നായിരിക്കാം ഞാലിയാകുഴിയില്‍ കണ്ടെത്തിയതെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ഒരു അഭിപ്രായം. വെന്നിമലയുടെ ചുറ്റുമുള്ള സ്ഥലങ്ങളില്‍ കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ആയിരം വര്‍ഷത്തെ പഴക്കമുള്ള വാകത്താനം മണികണ്ഠപുരം ക്ഷേത്രത്തിനു സമീപത്തായി മന്ത്രിമാരും പടത്തലവന്മാരുമെല്ലാം താമസിച്ചിരുന്നതായും ഇവരുടെ സുരക്ഷാതാവളങ്ങളാവാം ഗുഹയായി ഇപ്പോള്‍ കണ്ടെടുത്തതെന്നും പറയുന്നു. ഇവയ്ക്ക് കിലോമീറ്ററുകളോളം ദൂരമുണ്ടെന്ന വാദം അത്ര ശരിയാകണമെന്നില്ലെന്നും വലിയ അറകളായി നിര്മ്മിച്ചവയാണിതെന്നുമാണ് ഒരു വാദം. ഉണ്ണുനീലി സന്ദേശത്തിലുള്‍പ്പെടെ പ്രതിപാദിക്കുന്ന ക്ഷേത്രമാണ് മണികണ്ഠപുരം. ഒരിക്കല്‍ നായാട്ടിനിറങ്ങിയ രാജാവ് അബദ്ധത്തില്‍ അമ്പെയ്തപ്പോള്‍ പശു ചത്തുപോയതിണ്റ്റെ പ്രായശ്ചിത്തമായി രാജാവ്തന്നെ പണികഴിപ്പിച്ചതാണ് മണികണ്ഠപുരം ക്ഷേത്രമെന്നാണ് ഐതീഹ്യം. മണികണ്ഠപുരം ക്ഷേത്രത്തിന് കേവലം ഒരു കിലോമീറ്റര്‍ മാത്രമകലെയാണ് ഇപ്പോള്‍ ഗുഹ കണ്ടെത്തിയിരിക്കുന്നത്. ൧൯൭൪ല്‍ ഗുഹ കണ്ടെത്തിയെങ്കിലും ഇത്രയധികം വാര്‍ത്താ പ്രാധാന്യം ലഭിക്കാതിരുന്നതിനാല്‍ റോഡുപണിക്കായി മൂടുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. വെന്നിമല ക്ഷേത്രത്തിണ്റ്റെ താഴ്വശത്തായി സമാനമായ ഗുഹ ഇപ്പോഴും നിലവിലുണ്ട്. പുരാവസ്തു വകുപ്പിണ്റ്റെ മുന്‍ അസി. ഡയറക്ടര്‍ ഡോ. എം.ജി. ശശിഭൂഷണിണ്റ്റെ പഠനത്തിലും ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ‘ഹിസ്റ്ററി ഓഫ് ഡെക്കാന്‍ എന്ന ഗ്രന്ഥത്തിലും പ്രദേശത്തെ ഭൂഗര്‍ഭ പാതകളെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ശശിഭൂഷണ്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന വിവരവും ലഭ്യമായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഗവേഷണം ആവശ്യപ്പെട്ടു പുരാവസ്തു വകുപ്പിനു കത്തു നല്‍കിയിട്ടുണ്ട്. ഗുഹയെപ്പറ്റി പഠനം നടത്തുന്നതിനു കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ അടുത്തയാഴ്ച സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. ഗുഹകള്‍ ചരിത്ര ശേഷിപ്പുകളാണെന്ന നാട്ടുകാരുടെ വാദത്തിനു ശക്തി കൂടുകയാണ്. ഇതിനിടെ ഗുഹ മണ്ണിട്ടുമൂടി വഴിപണി തുടരാനുള്ള പിഡബ്ള്യൂഡിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ബൈപ്പാസ് റോഡിനു താഴെക്കൂടി പോകുന്ന ഗുഹ അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. വാഹനങ്ങളുടേയും ജനങ്ങളുടേയും ഒപ്പംതന്നെ ഗുഹയുടേയും സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: