Categories: Ernakulam

ആഘോഷവേളകളിലെ മദ്യ സല്‍കാരത്തിനെതിരെ നടപടി: പ്രശ്നബാധിത പ്രദേശങ്ങളില്‍ സ്ഥിരം നിരീക്ഷണം

Published by

കൊച്ചി: വിവാഹം, ജന്‍മദിനം തുടങ്ങിയ ആഘോഷവേളകളില്‍ നടക്കുന്ന അനധികൃത മദ്യ സല്‍കാരത്തിനെതിരെ നടപടിയെടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന എക്സൈസ്‌ ജില്ലാതല ജനകീയ കമ്മറ്റി തീരുമാനിച്ചു. അനധികൃത മദ്യത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി താഴെതട്ടിലുള്ള പരിശോധനയും ശക്തമാക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്‌ പരീത്‌ പറഞ്ഞു.

പ്രശ്നങ്ങളും പരാതികളും കൂടുലായി രേഖപ്പെടുത്തുന്ന സ്ഥലങ്ങളില്‍ പ്രത്യേക സ്ക്വാഡിന്റെ സ്ഥിരം നിരീക്ഷണ സംവിധാനവും ഒരുക്കും. ഇത്തരം സ്ഥലങ്ങളില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തും. സ്കൂള്‍ പരിസരങ്ങളിലുള്ള പാന്‍മസാലകളുടെ വില്‍പന നിരോധനം കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമായി. സ്കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ മദ്യ മയക്കുമരുന്നു പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധനം നിലവിലുണ്ട്‌. പുകയില വില്‍പന നടത്തുന്നതായി കണ്ടെത്തിയാല്‍ കട അടച്ചു പൂട്ടുന്നതടക്കമുള്ള നടപടി സ്വീകരിക്കും.

സ്കൂള്‍ പരിസരങ്ങളിലുള്ള മദ്യ, പുകയില വില്‍പനയുമായും വഴിയോരങ്ങളിലുള്ള അനധികൃത മുറുക്കാന്‍ വില്‍പന തടയുന്നതുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ യോഗം വിളിച്ച്‌ ചേര്‍ക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ചെറായി ബീച്ചിലേക്കുള്ള വഴി മധ്യേയുള്ള പരസ്യ മദ്യ ഉപയോഗം തടയുന്നതിന്‌ നിരീക്ഷണത്തിനായി പോലീസുകാരെ നിയോഗിക്കും. വാറ്റുചാരായവും മറ്റും പിടിക്കാന്‍ പോകുന്ന എക്സൈസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമായ സംരംക്ഷണം നല്‍കുമെന്നു കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ മയക്കുമരുന്ന്‌ കുത്തിവെപ്പും, വില്‍പനയും വ്യാപകമാകുന്നതായി യോഗത്തില്‍ പരാതിയുയര്‍ന്നു. ഒരേ സിറിഞ്ച്‌ ഉപയോഗിച്ച്‌ തന്നെ പലരും കുത്തിവെപ്പ്‌ നടത്തുന്നതിനാല്‍ എച്ച്‌ഐവി പോലുള്ള മാരക രോഗങ്ങളും മയക്കു മരുന്ന്‌ ഉപയോഗിക്കുന്നവരില്‍ വര്‍ദ്ധിച്ച്‌ വരുന്നു. പരാതികള്‍ ജില്ലയുടെ ഏതു ഭാഗത്തുനിന്നും ലഭിച്ചാലും 30 മിനുട്ടിനുള്ളില്‍ നടപടി സ്വീകരിക്കും. മദ്യ മയക്കു മരുന്ന്‌ കടത്തുന്നതിന്റെ ഉറവിടം കണ്ടെണ്ടത്തി അവ ഇല്ലാതാക്കുന്നതിനുള്ള നടപടിയാണ്‌ സ്വീകരിക്കുന്നതെന്ന്‌ കളക്ടര്‍ അറിയിച്ചു.

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, എക്സൈസ്‌ ഡെപ്പ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന്‍, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ജനകീയ കമ്മറ്റി അംഗങ്ങള്‍, മദ്യ നിരോധന സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by