Categories: Ernakulam

സാഹസികതയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ച്‌ മോക്ഡ്രില്‍

Published by

മൂവാറ്റുപുഴ: ചെവി പൊട്ടുന്ന ശബ്ദത്തോടെ പുറകില്‍ ഒരു ഉഗ്രസ്ഫോടനം എവിടെ നിന്നെന്നറിയാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ മൂവാറ്റുപുഴ മിനിസിവില്‍ സ്റ്റേഷനിലെ താലൂക്ക്‌ ഓഫീസിനു മുകളില്‍ നിന്നും പുക ഉയരുന്നു. ഒട്ടും താമസിച്ചില്ല ലൈറ്റിട്ട്‌ ഹോണും സൈറണും മുഴക്കി പാഞ്ഞു വരുന്ന ഫയര്‍ എഞ്ചിനും ആംബുലന്‍സും. താലൂക്ക്‌ ഓഫീസില്‍ നിന്നും ആളുകളെ പുറത്തേക്ക്‌ ഒഴിപ്പിക്കുന്നു. ആകെ ഒരു ബഹളമയം. പിന്നീട്‌ അവിടെ നടന്നത്‌ ഒരു ദുരന്തബാധിത പ്രദേശത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രവര്‍ത്തികളാണ്‌. ലോക ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച്‌ കാണികളെ ഉദ്യേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി മൂവാറ്റുപുഴ കല്ലൂര്‍ക്കാട്‌ ഫയര്‍ ആന്റ്‌ റസ്ക്യൂ ടീം നടത്തിയ മോക്ഡ്രില്‍ ഉദ്യേഗത്തിന്റെയും സാഹസികതയുടെയും നിമിഷങ്ങള്‍ സൃഷ്ടിച്ചു.

താലൂക്ക്‌ ഓഫീസില്‍ കൃത്രിമമായി ഉണ്ടാക്കിയ പൊട്ടിത്തെറിയും അതിനെതുടര്‍ന്നുണ്ടാവുന്ന തീപിടിത്തവും അപകടത്തില്‍ പരിക്കുപറ്റിയ ജീവനക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുന്നതുമായുള്ള പരിപാടിയാണ്‌ മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്‌. വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക്‌ പോകുന്നുണ്ടായിരുന്നു. തുടര്‍ന്ന്‌ ഉയര്‍ന്ന പുകയും തീയും ഫയര്‍ഫോഴ്സ്‌ വിവിധ രീതിയില്‍ കെടുത്തി. തുടര്‍ന്ന്‌ കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിപോയവരെ ഏണിവഴിയും ചെയര്‍നോട്ട്‌ ഉപയോഗിച്ചും താഴെ എത്തിക്കുന്നതും തുടര്‍ന്ന്‌ അവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുന്നതും കാണിച്ചു.

തുടര്‍ന്ന്‌ ഹൈഡ്രോളിക്‌ ടൂള്‍സ്‌ ഉപയോഗിച്ച്‌ വാഹന അപകടങ്ങളില്‍ പെടുന്നവരെ കമ്പി മുറിച്ച്‌ രക്ഷപ്പെടുത്തുന്നതും, വിവിധ തരം തീപിടിത്തങ്ങളില്‍ ഉപയോഗിക്കുന്ന ബ്രാഞ്ചുകള്‍ വഴി തീ അണയ്‌ക്കുന്നതും, ഫയര്‍ എന്‍ട്രി സ്യൂട്ട്‌ ധരിച്ച്‌ തീയ്‌ക്കകത്ത്‌ പ്രവേശിക്കുന്നതുമായ പ്രവര്‍ത്തനങ്ങളും കാഴ്ചവച്ചു.

മൂവാറ്റുപുഴ ഫയര്‍ അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ എം. എം. മുഹമ്മദ്‌ മുസ്തഫയുടെയും കല്ലൂര്‍ക്കാട്‌ സ്റ്റേഷന്‍ ഓഫീസര്‍ പി. ജെ. ജൂഡ്‌ തദേവൂസിന്റെയും നേതൃത്വത്തില്‍ ലീഡിംഗ്‌ ഫയര്‍മാന്‍ റ്റി. കെ. ജയ്സിംഗ്‌, ഡ്രൈവര്‍ മെക്കാനിക്ക്‌ പി. കെ. എല്‍ദോസ്‌, കെ. കെ. ബിനോയ്‌, ഫയര്‍മാന്‍മാരായ റ്റി. റ്റി. അനീഷ്കുമാര്‍, കെ. എ. ഉബാസ്‌, ജയന്‍ മാത്യു, എല്‍ദോസ്‌ മാത്യു, സി. എസ്‌ എബി, കെ. എ. ജാഫര്‍ഖാന്‍, പി. കെ. സിജോയി. പി. വിപിന്‍, ഡ്രൈവര്‍മാരായ കെ. സി. ബാബു, എ. ചന്ദ്രന്‍, ഒ. കെ. വേണു, കെ. കെ. ബിജു എന്നിവരടങ്ങുന്ന സംഘത്തിന്റെ പ്രകടനം സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതു ജനങ്ങളെയും, ജീവനക്കാരെയും അല്‍പനേരത്തേക്കെങ്കിലും ആശങ്കയിലും ഉദ്യേഗത്തിലുമാക്കിയെങ്കിലും സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചും നടത്തുന്ന ഫയര്‍ ഫോഴ്സിന്റെ പ്രകടനം ഏവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

കൊച്ചി: അന്തര്‍ദേശീയ ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോറിറ്റിയും ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോറിറ്റിയും സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച പ്രതീകാത്മക ദുരന്തമാണ്‌ അല്‍പ്പനേരത്തേക്ക്‌ ജനങ്ങളെ ഭീതിയുടെ നിഴലിലാക്കിയത്‌.

അതിന്റെ ഭാഗമായി കളക്ടറേറ്റിന്റെ കിഴക്കു ഭാഗത്ത്‌ തീപിടിപ്പിച്ചു. ഗാന്ധി നഗറില്‍ നിന്നും തൃക്കാക്കരയില്‍നിന്നും എത്തിയ രണ്ടണ്ട്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്സ്‌ തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ പുതിയ ആസൂത്രണ സെക്രട്ടറിയേറ്റിന്റെ അഞ്ചാം നിലയില്‍ നിന്നും പുക പടര്‍ന്നു. പവര്‍ അസറ്ററിന്റെ സഹായത്തോടെ ആസൂത്രണ സെക്രട്ടേറിയറ്റില്‍ പുക ഉയര്‍ന്ന ഭാഗത്ത്‌ അബോധാവസ്ഥയില്‍ കിടന്ന ആളെ താഴെ ഇറക്കി ആംബുലന്‍സില്‍ ഹോസ്പിറ്റലിലെത്തിച്ചു.

ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ.എസ്‌. ജോജി, അസി:സ്റ്റേഷന്‍ ഓഫീര്‍ എന്‍.എ. യൂസഫ്‌, അസി:സ്റ്റേഷന്‍ ഓഫീസര്‍ പി.ബി. വേണുക്കുട്ടന്‍, തൃക്കാക്കര അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്‌. ദിനേഷന്‍ തുടങ്ങിയ അഗ്നിശമന പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്‌ മോക്ക്‌ ഡ്രില്‍ നടന്നത്‌.

ഇതേസമയം കണയന്നൂര്‍ താലൂക്ക്‌ ഓഫീസിലും ദുരന്തനാടകം അരങ്ങേറി. ക്ലബ്‌ റോഡ്‌ അഗ്നിരക്ഷ സേനയിലെ സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.ജെ. ജയിംസ്‌, വി.എസ്‌.രഞ്ജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെയും രക്ഷാപ്രവര്‍ത്തനം നടന്നു. കണയന്നൂരില്‍ ഇതിനു മുന്നോടിയായി നടന്ന ദുരന്തനിവാരണ പദയാത്രയ്‌ക്ക്‌ തഹസില്‍ദാര്‍ ടി.എ. റഷീദ്‌, അഡീ.തഹസില്‍ദാര്‍ സുനിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by