Categories: Ernakulam

പെണ്‍കുട്ടികള്‍ക്ക്‌ വരണമാല്യം ഒരുക്കി നെടുമ്പാശ്ശേരി പഞ്ചായത്ത്‌ മാതൃക

Published by

നെടുമ്പാശ്ശേരി: സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ചിട്ടുള്ള വരണമാല്യം 2011 എന്ന സമൂഹവിവാഹം 30ന്‌ നടക്കും. രാവിലെ 10 ന്‌ നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമൂഹവിവാഹപരിപാടിയില്‍ കേരള ഹൈക്കോടതി ആക്ടിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ സി. എന്‍. രാമചന്ദ്രന്‍നായര്‍ മുഖ്യാതിഥിയായിരിക്കും. അന്‍വര്‍ സാദത്ത്‌ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.

മന്ത്രി കെ. ബാബു വധുക്കള്‍ക്കുള്ള ആഭരണങ്ങളും പൊതുമരാമത്ത്‌ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്‌ വധുവരന്മാര്‍ക്കുള്ള വസ്ത്രങ്ങളും കെ. പി. ധനപാലന്‍ എംപി. വിവാഹസര്‍ട്ടിഫിക്കറ്റുകളും പി. രാജീവ്‌ എം. പി. വധുവരന്മാര്‍ക്ക്‌ ബൊക്കെകളും നല്‍കും. മുന്‍ ഫിഷറീസ്‌ മന്ത്രി എസ്‌. ശര്‍മ എം.എല്‍.എ., മുന്‍ ഗതാഗത വകുപ്പ്‌ മന്ത്രി ജോസ്‌ തെറ്റയില്‍ എം.എല്‍.എ., വി. ഡി. സതീശന്‍ എം.എല്‍.എ., സാജുപോള്‍ എം.എല്‍.എ., ഹൈബി ഈഡന്‍ എം.എല്‍.എ., സജീന്ദ്രന്‍ എം.എല്‍.എ., ബെന്നി ബഹനാന്‍ എം.എല്‍.എ., എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എന്‍. കെ. ഷാജി, എറണാകുളം ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. ജിന്‍സി പോള്‍, എം. ജെ. ജോമി, വരണമാല്യം 2011 ജനറല്‍ കണ്‍വീനര്‍ പി. വൈ. വര്‍ഗീസ്‌, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി. പൗലോസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 12 പെണ്‍കുട്ടികളുടെ വിവാഹം നടത്തുവാനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി. പൗലോസ്‌, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി. വൈ. വര്‍ഗീസ്‌, പഞ്ചായത്ത്‌ സെക്രട്ടറി പി. എം. ജോസഫ്‌ എന്നിവര്‍ പറഞ്ഞു. നൂറോളം അപേക്ഷകള്‍ ലഭിച്ചതില്‍ വരണമാല്യം കമ്മിറ്റി അന്വേഷണം നടത്തിയാണ്‌ 12 പേരെ തെരഞ്ഞെടുത്തത്‌. 1 ജോഡിക്ക്‌ 1 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും മന്ത്രകോടിയും മറ്റും നല്‍കും. മൊത്തം 1 ജോഡിക്ക്‌ ഒന്നര ലക്ഷം രൂപയാണ്‌ ചെലവ്‌ പ്രതിക്ഷിക്കുന്നത്‌. കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ്‌ ലഭിയ്‌ക്കുകയാണെങ്കില്‍ 13 ജോഡികളെക്കൂടി വിവാഹത്തിന്‌ തെരഞ്ഞെടുക്കുമെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഇവരെ കൂടാതെ എ.പി.ജി. നായര്‍, ജിജോ ആന്റണി, ഗീതാ ഉണ്ണി, ലേഖാ ഓമനക്കുട്ടന്‍, പി. വൈ. എല്‍ദോ, പി. രാജീവ്‌ എന്നിവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by