സാഹിത്യപ്രവര്‍ത്തനത്തെ വളരെ പവിത്രമായി കാണുകയും എല്ലാ പവിത്രതയോടെയും സത്യസന്ധതയോടെയും അത് കൊണ്ടുനടക്കുകയും ചെയ്യുന്ന സാഹിത്യപ്രവര്‍ത്തക സമൂഹം ജീവിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. എഴുത്തുകാരെ കേരളത്തിലെ വായനാ സമൂഹം ദൈവതുല്യം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഓരോ നല്ല എഴുത്തുകാരന്റെയും രചനകളെ, പുസ്തകങ്ങളെ പുണ്യഗ്രന്ഥങ്ങളെപ്പോലെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയും വീണ്ടും വീണ്ടും അവരുടെ രചനകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്ന വിശുദ്ധ വായനക്കാരുടെ നാടുമാണ് കേരളം. എന്നാല്‍ സാഹിത്യപ്രവര്‍ത്തന രംഗത്തും കള്ളന്മാര് വിലസി നടക്കുന്നുണ്ട്. സ്വന്തം പ്രതിഭയോടോ, എഴുത്തിനോടോ, എന്തിന് വാക്കുകളോടെങ്കിലുമോ സത്യസന്ധത പുലര്‍ത്താത്ത ഒരാള്‍ എത്ര നല്ല സാഹിത്യമെഴുതിയാലും എങ്ങനെ അംഗീകരിക്കാന്‍ കഴിയും?.
മലയാളത്തിലെ അറിയപ്പെടുന്ന പുസ്തക പ്രസാധകരാണ് ഡി സി ബുക്സ്. അവരുടെ ഉടമസ്ഥതയില്‍ പുറത്തിറങ്ങുന്ന പച്ചക്കുതിര എന്ന മാസിക, ചുരുങ്ങിയ കാലംകൊണ്ട് വായനക്കാരെ സൃഷ്ടിച്ച പ്രസിദ്ധീകരണമാണ്. എല്ലാത്തരം വായനക്കാരെയും ലക്ഷ്യമിടാത്ത മാസിക എന്ന നിലയില്‍ കേരളത്തിലെ മുഴുവന്‍ വായനാസമൂഹത്തെയും പച്ചക്കുതിര പ്രതിനിധാനം ചെയ്യുന്നില്ല. എന്നാല്‍ പ്രസിദ്ധീകരണമെന്ന നിലയില്‍ അവരുടേതായ സ്ഥാനം നേടിയെടുക്കാന്‍ അതിനായിട്ടുണ്ട്. ഒക്ടോബര്‍ ലക്കം പച്ചക്കുതിര മാസികയില്‍ കെ.പി.രാമനുണ്ണിയെന്ന വയലാര്‍ അവാര്‍ഡ് ജേതാവ് ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഒരു ഹിന്ദുമത വിശ്വാസി സംഘപരിവാറിനോട് സംസാരിക്കുന്നു എന്നാണ് ലേഖനത്തിനു നല്‍കിയിരിക്കുന്ന പേര്. വെറും നുണകള്‍ കുത്തിത്തിരുകിയ ലേഖനം പച്ചക്കുതിര മാസികയുടെ ‘പവിത്രത’യെയാണ് ഇല്ലാതാക്കിയിരിക്കുന്നതെന്ന് ആദ്യമേ പറയട്ടെ.
ജന്മഭൂമി ഓണപ്പതിപ്പിനു വേണ്ടി ഈ പംക്തി എഴുതുന്ന ആര് .പ്രദീപെന്ന ഞാന്‍ കെ. പി. രാമനുണ്ണിയുടെ അഭിമുഖം എടുത്തുവെന്നും അത് ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചില്ലെന്നുമാണ് ലേഖനത്തിലുടനീളം അദ്ദേഹം ഉന്നയിക്കുന്ന ആക്ഷേപം. ഞാന്‍ അദ്ദേഹവുമായി സംസാരിച്ച് തയ്യാറാക്കിയതെന്നു പറഞ്ഞുകൊണ്ട് ഒരു അഭിമുഖവും അദ്ദേഹം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പച്ചക്കുതിരയുടെ മാനേജിംഗ് എഡിറ്റര്‍ രവി ഡിസി അടക്കമുള്ള പ്രവര്‍ത്തകര്‍ അറിയാനായി വളരെ സത്യസന്ധമായി പറയട്ടെ, അത്തരത്തിലൊരു അഭിമുഖ സംഭാഷണം ഉണ്ടായിട്ടേയില്ല. ഞാന്‍ അദ്ദേഹവുമായുള്ള അഭിമുഖം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. എഴുതുകയായിരുന്നില്ല. റെക്കോര്‍ഡ് ചെയ്തത് ഇപ്പോഴും എന്റെ പക്കല്‍ സുരക്ഷിതമായുണ്ട്. കെ.പി.രാമനുണ്ണിക്ക് ജമാഅത്തെ ഇസ്ലാമിക്കാരെയോ, എന്ഡിഎഫുകാരെയോ സന്തോഷിപ്പിക്കാനായി, അല്ലെങ്കില്‍ അവരില്‍ നിന്നുകിട്ടാവുന്ന നേട്ടത്തിനായി, ആര്‍എസ്എസിനെയും അതുമായി ബന്ധപ്പെട്ട സംഘടനകളെയും മോശമായി ചിത്രീകരിക്കാന്‍ എന്റെ പേരില്‍ അദ്ദേഹം തന്നെ അഭിമുഖം തയ്യാറാക്കി പച്ചക്കുതിരയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഞാന്‍ റെക്കോര്‍ഡ് ചെയ്ത അഭിമുഖം എത്ര വിശദവും വിശാലവുമായി അദ്ദേഹം ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയിരിക്കുന്നു. ഹോ, ആ ഓര്‍മ്മ ശക്തി എത്ര അപാരം എന്നല്ലാതെ എന്തുപറയാന്‍.!
ജന്മഭൂമി ഓണപ്പതിപ്പിന്റെ പ്രവര്ത്തനക്കാലത്ത്, ജൂലായ് മാസത്തില്‍ ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. ഓണപ്പതിപ്പിലേക്ക് ഒരു കഥ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിളി. അദ്ദേഹം പറഞ്ഞു, കഥയൊന്നുമില്ല, വേണമെങ്കില്‍ നിങ്ങള്‍ എന്റെ ഒരു അഭിമുഖം എടുത്തോളൂ എന്ന്. ഒരു ചെറിയ കഥയെങ്കിലും പ്രസിദ്ധീകരിച്ചാല്‍ ഉടനെ തന്നെ വാരികകളിലും മാസികകളിലും അഭിമുഖങ്ങള്‍ അച്ചടിച്ചുവരാന്‍ ശ്രമങ്ങളുമായി ഇറങ്ങിത്തിരിക്കുന്ന ‘സാഹിത്യകാരന്മാ’രുടെ നാടാണിവിടം. പത്രപ്രവര്‍ത്തന ജീവിതത്തില്‍ അത്തരം നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. അഭിമുഖങ്ങള്‍ സ്വന്തമായി തയ്യാറാക്കി, പലതരത്തില്‍ പോസു ചെയ്ത ചിത്രങ്ങളുമായി ജന്മഭൂമി വാരാദ്യപ്പതിപ്പിലേക്ക് അയച്ചുതരികയും അതു പ്രസിദ്ധീകരിക്കാന്‍ പലതവണ ബന്ധപ്പെടുകയും ചെയ്ത സാഹിത്യകാരന്മാരെയും എനിക്കറിയാം. രാമനുണ്ണിയെ ആ ഗണത്തില്‍ പെടുത്താന്‍ തോന്നാത്തതിനാല്‍ അഭിമുഖമാകാം എന്നു ഞാന്‍ സമ്മതിച്ചു.
തിരൂര്‍ തുഞ്ചന്‍ പറമ്പിന്റെ അഡ്മിനിസ്ട്രേറ്ററാണ് കെ.പി.രാമനുണ്ണി. രാമനുണ്ണിയെക്കാണാന് തുഞ്ചന്‍ പറമ്പിലെത്തുമ്പോള്‍ തുഞ്ചന്‍ പറമ്പിനെക്കുറിച്ചും ഒരു ഫീച്ചര്‍ തയ്യാറാക്കാം. അവിടെയെത്തിയാല്‍ ഭാഗ്യമുണ്ടെങ്കില്‍ എം.ടിയെയും കാണാം. ഇത്തരം ചിന്തകളുമുണ്ടായിരുന്നു, അദ്ദേഹം ഇങ്ങോട്ടാവശ്യപ്പെട്ട ആ അഭിമുഖത്തിന് സമ്മതം മൂളുമ്പോള്‍. അങ്ങനെയാണ് ഞാനും ഫോട്ടോഗ്രാഫര്‍ ദിനേശനുമായി തുഞ്ചന്‍ പറമ്പിലെത്തുന്നത്. നിര്‍ഭാഗ്യവശാല്‍ എംടി അവിടെയുണ്ടായിരുന്നില്ല. രാമനുണ്ണി തയ്യാറായി നില്‍പ്പുണ്ടായിരുന്നു. തുഞ്ചന്‍ പറമ്പിനുള്ളില്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ വച്ച് അഭിമുഖം. എന്റെ ചോദ്യങ്ങളെല്ലാം സാഹിത്യത്തെക്കുറിച്ചായിരുന്നു. രാമനുണ്ണിയുടെ എഴുത്തു ജീവിതത്തെക്കുറിച്ചും കഥകളെയും നോവലുകളെയും കുറിച്ചുമായിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി പറയുന്നതിന് അത്ര ഇഷ്ടം കാണിച്ചില്ല അദ്ദേഹം. സംസാരത്തിനിടയില്‍ ഇടപെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു,
“ഇതൊന്നുമല്ല ഞാന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്. എനിക്കെതിരെ ആര്‍എസ്എസ്സുകാര്‍ നിരന്തരം പ്രചരണങ്ങള്‍ നടത്തുന്നു. അതു സംബന്ധിച്ച് എനിക്കു ചിലതു പറയാനുണ്ട്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഇവിടെ ഭയത്തോടെയാണ് കഴിയുന്നത്. ഞാന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ജീവിച്ചു വളര്‍ന്നു വന്നയാളാണ്, അതിനാല്‍ എനിക്കു ചിലതു പറയാനുണ്ട്…”. അദ്ദേഹത്തിന്റെ സംസാരം ഇത്തരത്തിലായപ്പോള്‍ എനിക്ക് സംസാരിക്കാന്‍ തന്നെ മടിയായി. ഫോണില്‍ വിളിക്കുമ്പോള്‍ ഇത്തരത്തിലൊരു അഭിമുഖമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ തുഞ്ചന്‍പറമ്പിലെത്തിയാല്‍ പോലും രാമനുണ്ണിയുടെ അഭിമുഖത്തിനു നില്‍ക്കില്ലായിരുന്നു. എന്തുചോദിക്കണമെന്നറിയാതെ പരുങ്ങി നില്‍ക്കുകയായിരുന്നു ഞാന്‍. ഒടുവില്‍ ഞാന്‍ തന്നെ പറഞ്ഞു, “ഈ അഭിമുഖം ഞാന്‍ പകര്‍ത്തിയെഴുതി അയച്ചു തരാം. മാറ്റങ്ങള്‍ വരുത്തി താങ്കള്‍ തന്നെ തിരിച്ചയക്കൂ.” അദ്ദേഹം അതു സമ്മതിച്ചു.
അന്നു തന്നെ തുഞ്ചന്‍ പറമ്പില്‍ നിന്ന് ഞാനും ഫോട്ടോഗ്രാഫറും തൃശ്ശൂരിലേക്ക് യാത്രയായി. തിരിച്ചുള്ള യാത്രയില്‍ മുഴുവന്‍ ചിന്തിച്ചത് രാമനുണ്ണി പറഞ്ഞ വാക്കുകളായിരുന്നു. രാമനുണ്ണിക്ക് തീവ്രവാദി സംഘടനയായ എന്‍ഡിഎഫിനെയോ ജമാഅത്തെ ഇസ്ലാമിയെയോ ‘സുഖിപ്പിക്കാന്‍’ ജന്മഭൂമി എന്തിന് സ്റ്റേജ് കെട്ടി കൊടുക്കണം എന്ന വളരെ ലളിതമായ ചിന്തയായിരുന്നു മനസ്സുനിറയെ. തിരികെ കൊച്ചിയിലെത്തി ഓണപ്പതിപ്പിന്റെ ജോലികളില്‍ വ്യാപൃതനാകുമ്പോള്‍, ഇടയ്ക്ക് രാമനുണ്ണിയുമായി നടത്തിയ സംഭാഷണം കേട്ടു നോക്കി. സാഹിത്യം മാത്രം ഉള്‍പ്പെടുത്തിയൊരു അഭിമുഖത്തിന് അദ്ദേഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞതിനാല്‍ അതുമാത്രം കൊടുക്കേണ്ടെന്നും തീരുമാനിച്ചു. ഈ വിവരം ഇ-മെയിലിലൂടെ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല അദ്ദേഹം അഭിമുഖം തരാമെന്ന് സമ്മതിച്ചത്. അദ്ദേഹത്തിന്റെ അഭിമുഖത്തിനായി ജന്മഭൂമി പ്രവര്‍ത്തകനെന്ന നിലയില്‍ നിര്‍ബന്ധിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ‘എന്റെ ഒരു അഭിമുഖം എടുക്കൂ…’ എന്നദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഞാന്‍ രാമനുണ്ണിയുമായി നടത്തിയതെന്നു പറയുന്ന ‘അഭിമുഖ സംഭാഷണം’ സംഭവിച്ചിട്ടില്ല. റെക്കോര്‍ഡ് ചെയ്ത അഭിമുഖം എന്റെ പക്കലുണ്ട്. അതില്‍ രാമനുണ്ണിയുമായുള്ള സംഭാഷണത്തില്‍ ഞാന്‍ പറഞ്ഞ, “ഈ അഭിമുഖം ഞാന്‍ പകര്‍ത്തിയെഴുതി അയച്ചു തരാം. മാറ്റങ്ങള്‍ വരുത്തി താങ്കള്‍ തന്നെ തിരിച്ചയക്കൂ.” എന്ന വാചകം വരെയുണ്ട്. രാമനുണ്ണി സ്വയം തയ്യാറാക്കിയ ചോദ്യങ്ങളും അദ്ദേഹം തന്നെ കണ്ടെത്തിയ ഉത്തരങ്ങളും അടങ്ങിയ അഭിമുഖമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതു പ്രസിദ്ധീകരിക്കുക വഴി പച്ചക്കുതിര മാസികയുടെ വിശ്വാസ്യതയാണ് നഷ്ടമായിരിക്കുന്നത്.
രാമനുണ്ണി പുതുപ്പൊന്നാനി മുനമ്പത്ത് ബീവിയുടെ ജാറത്തില്‍ പോകുന്നതോ വാവരുമുസ്ല്യാരുടെയോ കാരാപ്പുഴ ശ്രീധരപ്പണിക്കരുടെയോ പക്കല്‍ നിന്ന് ഇരുമുടിക്കെട്ടും വാങ്ങി ശബരിമലയ്ക്കുപോകുന്നതൊ ഒന്നും സമൂഹത്തിലെ മഹത്തായ കാര്യങ്ങളല്ല. അത്തരം ചെയ്തികളിലൂടെ രാമനുണ്ണിക്കു നേട്ടങ്ങളുണ്ടായിട്ടുണ്ടാകും. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടാകും. ഇടതും വലതും മാറിമാറി ഭരിക്കുന്ന കേരളത്തില്‍, സര്‍ക്കാരിന്റെ ഗ്രാന്റുവാങ്ങി പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനത്തില്‍, സ്ഥിരമായി ഇങ്ങനെ അഡ്മിനിസ്ട്രേറ്റര്‍ പണി നടത്താന്‍ രാമനുണ്ണിക്കു കഴിയുന്നതും അതിനാലാണല്ലോ. തുഞ്ചന്‍ പറമ്പ് ക്ഷേത്രപവിത്രതയോടെ കാത്തു സൂക്ഷിക്കേണ്ട മഹത്തായ ഇടമാണ്. അവിടെ ഒരു ക്ഷേത്രവുമുണ്ട്. തുഞ്ചന്‍ പറമ്പിന് ഇപ്പോള്‍ കാണുന്ന കോട്ടേജുകളുടെയും മറ്റു കെട്ടിട സമുച്ചയങ്ങളുടെയും വികസനം വരുന്ന കാലത്തിനു മുമ്പ് അവിടെ പോയപ്പോള്‍ ആ ക്ഷേത്രത്തില്‍ നിലവിളക്ക് കൊളുത്തി വച്ചത് കണ്ടിട്ടുണ്ട്. പൊന്നാനിയിലെ മുസ്ലീങ്ങളുടെ ഇടയില്‍ ജീവിച്ച ‘ഹിന്ദുമതവിശ്വാസിയായ’ രാമനുണ്ണി അഡ്മിനിസ്ട്രേറ്ററായ തുഞ്ചന്‍ പറമ്പിലെ ക്ഷേത്രത്തില്‍ ഇപ്പോള്‍ നിലവിളക്കു കത്തിക്കാറില്ല. നിലവിളക്ക് രാമനുണ്ണിക്കും ഹറാമാണോ?.
സംഭവിക്കാത്ത അഭിമുഖത്തെ സൃഷ്ടിച്ചെടുത്ത് അവതരിപ്പിച്ച രാമനുണ്ണിയുടെ ഭാവനാവിലാസത്തെ അഭിനന്ദിക്കാനല്ല തോന്നുന്നത്, കഷ്ടം എന്നു പറയാനാണ്. ഒരു എഴുത്തുകാരന് ഇത്രയ്ക്കു തരംതാഴാമോ?. കാപട്യങ്ങളെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ല. മുഖം കണ്ടാലും തിരിച്ചറിയില്ല. കാപട്യം രക്തത്തിലലിഞ്ഞുപോയാല് എന്തുചെയ്യാന്‍ കഴിയും?
വയലാര്‍ പുരസ്കാരം നേടിയ പ്രഭയില്‍ മുങ്ങിനില്‍ക്കുകയാണ് അദ്ദേഹം. മലയാളത്തിന്റെ അഭിമാന പുരസ്കാരമാണത്. വയലാര്‍ അവാര്‍ഡ് നല്‍കുന്നത് നല്ല സാഹിത്യത്തിനാണ്. സാഹിത്യകാരന്റെ വ്യക്തിത്വത്തിനല്ല, അത്രയും സമാധാനം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: