രാജ്യത്ത് വ്യാപിക്കുന്ന അഴിമതിക്കെതിരെ ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന ശക്തമായ വാദമുയര്‍ത്തുന്ന അണ്ണാ ഹസാരെയുടെ ടീമിലെ പ്രധാന അംഗവും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ പ്രശാന്ത്ഭൂഷണെ സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ കയറി അവിടെ അദ്ദേഹവുമായി അഭിമുഖം നടത്തുന്ന ടിവി ക്യാമറകള്‍ക്ക് മുന്നില്‍വെച്ച് ഭഗത്സിംഗ് സേനയില്‍ അംഗങ്ങളാണെന്നവകാശപ്പെടുന്ന മൂന്ന് പേര് മൃഗീയമായി ആക്രമിച്ചത് അത്യന്തം നീചവും കിരാതവുമാണ്. ഈ പൈശാചികമായ ആക്രമണം ക്യാമറക്ക് മുന്നില്‍ അരങ്ങേറിയപ്പോള്‍ രാജ്യം മുഴുവന്‍ അതിന് സാക്ഷിയാകേണ്ടിവന്നു എന്നതും ലജ്ജാകരമാണ്. ഉന്നതങ്ങളില്‍ അരങ്ങേറുന്ന അഴിമതിക്കെതിരെ ജനവികാരം ആളിക്കത്തിച്ച് ഭരണതലത്തിലുള്ള അഴിമതിയെ പ്രതിരോധിക്കാന്‍ പ്രതിജ്ഞാബദ്ധരായി സമരം ചെയ്ത അണ്ണാ ഹസാരെ ടീമിലെ ഒരംഗത്തെ ഒരു പ്രസ്താവനയുടെപേരില്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടന നല്കുന്ന അവകാശത്തെയാണ് അക്രമികള്‍ ചവിട്ടിയരക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം പൗരസ്വാതന്ത്ര്യമാണ്. പ്രശാന്ത്ഭൂഷണെ ആക്രമിച്ച സംഘാംഗങ്ങള്‍ പറഞ്ഞത് അദ്ദേഹം രാജ്യവിരുദ്ധ പ്രസ്താവന നടത്തി എന്നാണ്. ഇന്ത്യ സഹിഷ്ണുതക്ക് കേള്‍വി കേട്ട രാജ്യമാണ്. പ്രശാന്ത് ഭൂഷണ് പറഞ്ഞത് കാശ്മീരില്‍ ഒരു ഹിതപരിശോധനയാകാം എന്ന് മാത്രമാണ്. കാശ്മീര്‍ എന്നും പ്രശ്ന സംസ്ഥാനമാണ്. തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും കേന്ദ്രമായി, കാശ്മീരികളായ പണ്ഡിറ്റുകളെ ആട്ടിപ്പായിക്കുന്നവരുടെ താവളമായി മാറുന്ന കാഴ്ച ലോകം കാണുന്നുണ്ട്. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്കായി ഒരു കേന്ദ്ര സംഘത്തെപ്പോലും നിയോഗിച്ചിട്ടുണ്ട്. ഈ മധ്യസ്ഥസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഫണ്ട് ചെയ്യുന്ന സംഘടനയുമായി ബന്ധമുള്ളവര്‍ മധ്യസ്ഥസംഘത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഈ പശ്ചാത്തലം നിലനില്‍ക്കെ പ്രശാന്ത് ഭൂഷണെപ്പോലെ രാജ്യസേവകനായ ഒരു വ്യക്തിയെ ഒരു പ്രസ്താവനയുടെ പേരില്‍ തല്ലിച്ചതച്ചത് അക്ഷന്തവ്യമായ അപരാധമാണ്. രാജ്യവിരുദ്ധ പ്രസ്താവന നടത്തുന്നത് ചോദ്യംചെയ്യാനുള്ള അവകാശം മൗലികാവകാശമാണ്. കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകണമെന്നും മാവോയിസ്റ്റുകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നത് നല്‍കണമെന്നും മറ്റും അരുന്ധതിറോയ് പറയുന്നത് നിശിതമായി വിമര്‍ശിക്കപ്പെടണം. പക്ഷെ അരുന്ധതിറോയിയെ ആരും കയ്യേറ്റം ചെയ്യുന്നില്ല. പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടത് കാശ്മീര്‍ ജനഹിതപരിശോധന നടത്തി ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനില്ക്കാന് താല്പര്യമുണ്ടോ എന്നറിയണം എന്നാണ്. കാശ്മീര്‍ വിഘടനവാദം ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നംതന്നെയാണ്. പാക്കിസ്ഥാനും ചൈനയും ഒരുപോലെ നുഴഞ്ഞുകയറുന്ന പ്രദേശമാണത്. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതത്വത്തെക്കുറിച്ച് പ്രതിരോധമന്ത്രി ആശങ്ക പ്രകടിപ്പിച്ചത് അടുത്തിടെയാണ്. ഈ വസ്തുതകള്‍ അറിഞ്ഞിട്ടും പ്രശാന്ത് ഭൂഷണ് കാശ്മീര്‍ വിഘടനവാദികള്ക്കുവേണ്ടി വാദിച്ചതാണ് ആക്രമണകാരികളെ പ്രകോപിപ്പിച്ചത്. എങ്കില്‍പോലും അവര്‍ക്ക് ഒരിക്കലും നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല. നിയമപാലനത്തിന് സുശക്തമായ സംവിധാനം നിലനില്‍ക്കെ പ്രശാന്ത് ഭൂഷണെപ്പോലെ ഇന്ത്യയെ അഴിമതിവിമുക്തമാക്കാന്‍ പോരാടുന്ന ഒരു വ്യക്തിയെ ആക്രമിച്ചത് അത്യന്തം അപലപനീയംതന്നെയാണ്. ഇത് ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്തതാണ്. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് നിയോഗിക്കപ്പെട്ട സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കാശ്മീരില്‍ ഇന്ത്യക്കെതിരെ ഭീകരസംഘടനകളെ സഹായിക്കുന്ന പാകികസ്ഥാന്റെ നടപടി തെറ്റാണെന്ന് അമേരിക്ക പോലും വിമര്‍ശിച്ച സാഹചര്യത്തിലാണ് ഒട്ടും അഭികാമ്യമല്ലാത്ത ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്രസംഘം ഇപ്പോള്‍ സമര്പ്പിച്ചരിക്കുന്ന ശുപാര്‍ശകളില്‍ കാശ്മീരില്‍ സായുധസേനക്ക് നല്‍കിയിരിക്കുന്ന പ്രത്യേകാധികാരനിയമം ഭേദഗതി ചെയ്യാനും അസ്വസ്ഥബാധിത പ്രദേശ നിയമം ഘട്ടംഘട്ടമായി പിന്‍വലിക്കാനുമുള്ള ശുപാര്‍ശകള്‍ കേന്ദ്രസംഘം നല്കിയിട്ടുണ്ടത്രേ. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഹ്രസ്വവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാര നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസംഘം സമര്‍പ്പിച്ചിരിക്കുന്നതത്രെ. ഇത് കാശ്മീര്‍ താഴ്വരയിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ക്രിയാത്മകമായ ആദ്യപടിയായിരിക്കും എന്നാണ് അവകാശവാദം. പ്രശാന്ത് ഭൂഷണെപ്പോലെ പരിണതപ്രജ്ഞനായ ഒരാള്‍ എന്തുകൊണ്ട് കാശ്മീരില്‍ ഹിതപരിശോധന വേണം എന്ന് ഈ അവസരത്തില്‍ പ്രഖ്യാപിച്ചു എന്നത് ദുരൂഹമാണ്. ജന്‍ ലോക്പാല്‍ നിയമമാക്കാന്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ സന്ധിയില്ലാത്ത സമരം തുടരുമ്പോള്‍, പാര്‍ലമെന്റില്‍ ഉടന്‍ ഇത് പാസാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന ഹിസാറില്‍ ടീം അണ്ണാ പ്രചാരണം നടത്തുമ്പോള്‍ ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന അസ്ഥാനത്തായി എന്നു പറയേണ്ടിയിരിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏത് വൃത്തികെട്ട കളികള്‍ക്കും മടിക്കാത്ത കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോള്‍ അന്വേഷണം സത്യസന്ധമായി നടക്കുമോ എന്ന സംശയവും അവശേഷിക്കുന്നു. തങ്ങള്‍ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കി മാറ്റാന്‍ ഏത് തന്ത്രവും മെനയുന്ന പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. പ്രത്യേകിച്ച് സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള 23,10,000 കോടി രൂപയുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തി ബിജെപി നേതാവ് എല്‍.കെ. അദ്വാനി ജനചേതനാ രഥയാത്ര നടത്തുന്നത് യുപിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഈ കാലഘട്ടത്തില്‍ പ്രശാന്ത് ഭൂഷണുനേരെയുണ്ടായ അപലപനീയമായ ആക്രമണത്തിന് പിന്നില്‍ ആരുടെയൊക്കെ കരങ്ങളാണുള്ളതെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: