Categories: Ernakulam

യുവമോര്‍ച്ച താലൂക്കാശുപത്രി മാര്‍ച്ച്‌ നടത്തി

Published by

മൂവാറ്റുപുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാരായ രോഗികളെ പിഴിയുന്ന ഡോക്ടര്‍മാരുടെ കൈക്കൂലിക്കും അഴിമതിയ്‌ക്കും എതിരെ യുവമോര്‍ച്ച സന്ധിയില്ലാ സമരത്തിലാണെന്ന്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ. എസ്‌. ഷൈജു പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൈക്കൂലിക്കും അഴിമതിക്കുമെതിരെ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി തുടച്ച്‌ നീക്കുന്നത്‌ വരെ യുവമോര്‍ച്ച സമരവുമായി മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളൂര്‍ക്കുന്നം ബി ജെ പി ഓഫീസ്‌ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച്‌ നഗരം ചുറ്റി ആശുപത്രിയില്‍ എത്തിയതോടെ പൊലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ നടന്ന ധര്‍ണ്ണ ബി ജെ പി മണ്ഡലം പ്രസി. കെ. കെ. ദിലീപ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരുടെ അവധിയെടുക്കല്‍ മൂലം ചികിത്സ തേടി എത്തുന്ന രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങുകയാണെന്നും ഇത്‌ സ്വകാര്യ ആശുപത്രികളെ സഹായിക്കലാണെന്നും ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവു നികത്താന്‍ അധികാരികള്‍ തയ്യാറായിട്ടില്ലെന്നും ഇത്‌ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം വരും നാളുകളില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്‌ ന്യൂനപക്ഷ സംസ്ഥാന ജന സെക്രട്ടറി ജിജി ജോസഫ്‌, യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസി. മനോജ്‌ ഇഞ്ചൂര്‍, മണ്ഡലം പ്രസി. എന്‍. കെ. ഗിരീഷ്‌, മണ്ഡലം നേതാക്കളായ ടി. ചന്ദ്രന്‍, അജീവ്‌ വാഴക്കുളം, ബി. രമേശ്‌, ജെ. ഹരീഷ്‌, എസ്‌. ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by