മുംബൈ: സപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാംപാദത്തില്‍ ഇന്‍ഫോസിസിന് 1,906 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷത്തെ ഇക്കാലയളവിനേക്കാള്‍ 9.72 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന് വിപണി നിരീക്ഷകര്‍ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് കൈവരിക്കാനായത്.
കമ്പനിയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും 16.58 ശതമാനം വര്‍ധിച്ച് 8,099 കോടിയായി. കഴിഞ്ഞവര്‍ഷം ഇത് 6,947 കോടിയായിരുന്നു.
ആഗോള സാമ്പത്തിക പരിതസ്ഥിതിയിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഐടി മേഖലയെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണ്, ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ എസ്.ഡി.ഷിബുലാല്‍ അറിയിച്ചു. നിക്ഷേപകര്‍ അവരുടെ നിക്ഷേപത്തിന് ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
അടുത്തവര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മാര്‍ജിന്‍ ഒരു ശതമാനം പോയന്റ് താഴ്ന്നേക്കുമെന്നും കമ്പനി വിലയിരുത്തുന്നു. ഡോളര്‍ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ചാ ലക്ഷ്യം 18-20 ശതമാനത്തില്‍നിന്ന് 17.1-19.1 ശതമാനമായി താഴ്ന്നിട്ടുണ്ട്.
ഈ വര്‍ഷം സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഡിസംബര്‍ 31 ന് വരുമാനം കഴിഞ്ഞ വര്‍ഷത്തെ 8,826 കോടിയില്‍നിന്നും 9,012 കോടിയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. അതായത് 24.2 ശതമാനത്തില്‍നിന്നും 26.8 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
പുറംകരാറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇപ്രാവശ്യം കമ്പനിക്ക് നേട്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: