ന്യൂദല്‍ഹി: പാക് അധീന കാശ്മീരിലെ ചൈനീസ് സേനയുടെ സാന്നിധ്യം ആശങ്കാജനകമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ ആശങ്ക ചൈനയെ അറിയിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
നാവിക കമാന്റര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനുശേഷം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആന്റണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാക് അധീന കാശ്മീരിലെ ചൈനീസ്ഭടന്മാരുടെ സാന്നിധ്യം ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്, സാങ്കേതിക വിദഗ്ധരടക്കമുള്ള ചൈനീസ് സംഘം അവിടെ എന്തുചെയ്യുകയാണെന്ന് പരിശോധിച്ചുവരികയാണ്, അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ചൈനയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി, അസ്വാരസ്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി. പാക് അധീന കാശ്മീര്‍ മേഖലയില്‍ ചൈനീസ് പിന്തുണയോടുകൂടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: