“ഭാരത മാതാവ് എന്ന ആദര്‍ശവുമായി ഞാന്‍ പൊരുത്തപ്പെട്ടുപോയി. ഞാന്‍ ആ ആശയം തന്നെയായി ഭവിച്ചിരിക്കുന്നു. അതിനുവേണ്ടിയുള്ള മരണമാണ് മറ്റു പ്രകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ അഭികാമ്യം. ഭാരതം എനിക്ക് മാതാവും സര്‍വസ്വവുമാണ്. എന്റെ ജീവിതം ഞാന്‍ ഭാരതാംബയ്ക്കായി സമര്‍പ്പിക്കുന്നു. ഇതാണെന്റെ കര്‍മഭൂമി!”
സ്വാമി വിവേകാനന്ദന് ഭാരതാംബയുടെ തൃപ്പാദങ്ങളില്‍ അര്‍പ്പിച്ച പൂജാപുഷ്പമായ ‘മാര്‍ഗരറ്റ് നോബിളെ’ന്ന വിദേശ രത്നത്തിന്റെ, ഭാരതാംബയോടുള്ള തീവ്രഭക്തിയാണ് മുകളിലുദ്ധരിച്ചിട്ടുള്ള വാക്കുകളില്‍ മുഴങ്ങികേള്‍ക്കുന്നത്. 1867 ഒക്ടോബര്‍ 28ന് അയര്‍ലന്റില്‍ ജനിച്ച ഈ ധീരവനിത, ലോകത്തിലെ ഏതൊരു രാജ്യത്തേക്കാളുപരി, സംസ്ക്കാരത്തിനു പ്രാധാന്യം കൊടുക്കുന്ന ഭാരതമാതാവിനായി, “നിവേദിക്കപ്പെട്ടപ്പോള്” (നിവേദിത) ആയിത്തീര്‍ന്നു. സ്വാമി വിവേകാനന്ദന്റെ ഭാഷയില്‍, അവര്‍ “യഥാര്‍ത്ഥ പെണ് സിംഹം” തന്നെയായിരുന്നു.
മൂന്നുമക്കളില്‍ മൂത്തവളായ മാര്‍ഗരറ്റ് ചെറുപ്പത്തിലെ അസാമാന്യ ബുദ്ധിശക്തിയും നേതൃത്വപാടവവും പ്രകടിപ്പിച്ചിരുന്നു. 34-ാമത്തെ വയസ്സില്‍ പിതാവ് സാമുവല്‍ റിച്ച്മണ്ട് നോബിളിന്റെ അകാലചരമത്തോടെ, വളരെ ചെറുപ്പത്തിലെ തന്നെ അവര്‍ക്ക് കുടുംബഭാരം ഏല്ക്കേണ്ടിവന്നു.
1895 ല്‍ ലണ്ടനില്‍ വെച്ച് ലോകമതമഹാസമ്മേളനത്തില്‍ (ചിക്കാഗോ-1893) പങ്കെടുത്തു വരികയായിരുന്ന സ്വാമി വിവേകാനന്ദനെ അവര്‍. കണ്ടുമുട്ടി. ഭാരതസംസ്ക്കാരത്തെക്കുറിച്ചുള്ള സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ “ദാഹിച്ചുമരിക്കുന്ന മനുഷ്യന് കിട്ടിയ ജലം” പോലെ അവരെ ആകര്‍ഷിച്ചു. ഇത് അവരുടെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു.
സ്വാമിജിയുടെ സ്വപ്നങ്ങളേയും കര്‍മങ്ങളേയും നിഷ്കാമഭാവത്തോടെ ഏറ്റുവാങ്ങി ഭാരതീയരില്‍ ഉറങ്ങിക്കിടന്ന മനുഷ്യ മഹാശക്തിയെ ജ്വലിപ്പിച്ച ‘പെണ് സിംഹം’ തന്നെയായിരുന്നു അവര്‍ തന്റെ ജീവിതം മുഴുവന്‍ ഭാരതാംബയ്ക്കായി സമര്‍പ്പിച്ച, ഈ ദത്തുപുത്രിക്ക് ഭാരതമാതാവിനോടുണ്ടായിരുന്നത്ര ഭക്ത്യാദരങ്ങള്‍ ഭാരതീയര്‍ക്കുപോലും തോന്നിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭാരത സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ദൗത്യമാണ് സ്വാമിജി നിവേദിതയെ ഏല്‍പ്പിച്ചത്. “സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. കുടുംബാംഗങ്ങളെ നേര്‍വഴിക്ക് നയിക്കാനുള്ള ദീപമായി മുന്നോട്ടുനീങ്ങാന്‍ ഒരു സ്ത്രീയ്ക്ക് സാധിക്കും. ഒരു പുരുഷന് വിദ്യാഭ്യാസം ലഭിച്ചാല്‍ ഒരു വ്യക്തി രക്ഷപ്പെടും. ഒരു സ്ത്രീയ്ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ ഒരു കുടുംബവും അതുവഴി ഒരു സമാജവും രാഷ്ട്രവും” എന്ന സ്വാമിജിയുടെ വാക്കുകളെ തികച്ചും അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനശൈലികളാണ് അവര്‍ തെരഞ്ഞെടുത്തത്. ചിക്കാഗോയിലെ ലോകമത മഹാസമ്മേളനത്തില്‍ ഭാരതത്തിന്റെ ആത്മീയശക്തി ലോകത്തിമുന്നില് തുറന്നു പ്രഖ്യാപിച്ച സ്വാമിജിയുടെ ആഹ്വാനങ്ങളേയും ആദര്‍ശങ്ങളേയും മുറുകെ പിടിച്ചുകൊണ്ട് ഭാരതത്തില്‍ എല്ലായിടത്തും ഒരു ഐക്യഭാവം, അപൂര്‍വമായ ഒരു സമന്വയഭാവം പ്രചരിപ്പിക്കാന്‍ അവര്‍ അക്ഷീണം പ്രയത്നിച്ചു.
സ്ത്രീ വിദ്യാഭ്യാസമെന്ന സാഹസികമായ ദൗത്യം ഏറ്റെടുത്ത് വിജയകരമാക്കാന്‍ കഴിഞ്ഞത് അവരുടെ കറ പുരളാത്ത ദൈവവിശ്വാസവും ഇച്ഛാശക്തിയും അര്‍പ്പണമനോഭാവവുമാണ്. ഭാരതത്തിന്റെ ഭാവി ഇവിടുത്തെ പുരുഷന്മാരുടേതിനേക്കാള് കൂടുതലായി സ്ത്രീകളുടെ ചുമലുകളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് ഉറച്ച് വിശ്വസിച്ച അവര്‍ സിസ്റ്റര്‍ നിവേദിത ഗേള്‍സ് സ്കൂള്‍ എന്ന് ഇന്നറിയപ്പെടുന്ന വിദ്യാലയം ആരംഭിച്ചു. വേദങ്ങളും ഉപനിഷത്തുക്കളും പഠിച്ചു. ഗോപാലകൃഷ്ണഗോഖലേ, ബാലഗംഗാധര തിലകന്, മഹര്‍ഷി അരവിന്ദ്, ശ്രീ ശ്രീ ശാരദാദേവി ഇവരുമായി കൂടിക്കാഴ്ചകള്‍ നടത്തി. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്വന്തം കാലില്‍നിന്ന് ഒരു കുടുംബത്തേയും അതുവഴി സമാജത്തേയും നയിക്കാനുള്ള ചങ്കുറപ്പും ഊര്‍ജ്ജവും കൈവരിക്കാന്‍ സ്ത്രീയ്ക്ക് കഴിയൂ എന്ന് നിവേദിത നമുക്ക് കാട്ടിത്തന്നു.
സ്വധര്മാചരണത്തിലൂടെയും ആത്മീയ ശക്തിയിലൂടെയും സ്ത്രീകള്‍ ആത്മധൈര്യം വീണ്ടെടുത്ത്, സ്വന്തം കഴിവുകള്‍ വളര്‍ത്തിയെടുക്കണം. മാനസികമായ അടിമത്വത്തില്പ്പെട്ട് വെറും ഉപഭോഗവസ്തുവായി തരംതാഴാതെ, സ്വന്തമായി വ്യക്തമായ ഒരു കാഴ്ചപ്പാട് സ്ത്രീകള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഭാരതീയ സ്ത്രീത്വത്തിന് ദൈവീകമായ പരിവേഷം മാത്രം പോരാ! മറിച്ച് ആത്മവിശ്വാസം, നിര്‍ഭയത, നിശ്ചയദാര്‍ഢ്യം, ആപത് ഘട്ടങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവ് ഇവ വളരെ അത്യാവശ്യമാണ്. തന്റെ ഈ ആഹ്വാനങ്ങളെ സര്‍വശക്തിയോടെ, ഓരോ കോശത്തേയും ഓരോ നാഡീഞ്ഞരമ്പുകളേയും ഉദ്ദീപിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ ഇടയില്‍ പ്രചരിപ്പിച്ച്, അവരെ സമൂഹത്തിന്റെ അഭിമാനങ്ങളായി വാര്‍ത്തെടുക്കാന്‍ ഭ.നിവേദിത ജീവിതകാലം മുഴുവന്‍ അക്ഷീണം പ്രയത്നിച്ചു.
“സ്ത്രീ ശക്തിയിലൂടെ രാഷ്ട്രത്തെ ഉണര്‍ത്തുകയാണ് എന്റെ ചുമതല” എന്നതായിരുന്നു അവരുടെ കര്‍മപഥം. “ഭാരത മാതാ! ഭാരതമാതാ!” എന്നതായിരുന്നു അവര്‍ ജപിച്ചിരുന്ന മന്ത്രം.
‘ഭാരതീയ സ്ത്രീത്വം’ സ്ത്രീ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ സേവനത്തിലൂടേയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാണിച്ച ഈ വിദേശ ദത്തുപുത്രി ഇന്നത്തെ കാലഘട്ടത്തില്‍ നമുക്കെല്ലാം മാതൃകയാകേണ്ടതാണ്. എല്ലാ തുറകളിലും ഭാരതത്തിന്റെ പൈതൃകം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍, എന്തിനും ഏതിനും നാം പാശ്ചാത്യസംസ്ക്കാരത്തിന്റെ പുറകെ പായുമ്പോള്‍, ഒരു വിദേശവനിത ഭാരതത്തില്‍ വന്ന്, ആര്‍ഷ സംസ്ക്കാരത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഇവിടുത്തെ സന്ന്യാസിവര്യന്റെ ശിഷ്യയായി. നമ്മുടെ അന്തസ്സും അഭിമാനവും കാത്തു രക്ഷിക്കാന്‍ തന്റെ ജീവിതകാലം ഉഴിഞ്ഞുവെച്ചു എന്നുള്ളത് ശ്രദ്ധേയമാണ്. പീഡനങ്ങളുടേയും സ്ത്രീധന പീഡനങ്ങളുടേയും മാരക കെണിയില്‍ പെട്ട് വലയുന്ന സ്ത്രീയ്ക്ക് ഇന്നത്തെ സമൂഹത്തില്‍നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. അവള്‍ക്ക് സ്വയം സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
ഓമന ഉപേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: